പച്ചക്കറിക്ക് തീവില; താളം തെറ്റി കുടുംബ ബജറ്റ്
text_fieldsഒറ്റപ്പാലം: പച്ചക്കറി വില കുതിക്കുേമ്പാൾ താളംതെറ്റി കുടുംബ ബജറ്റ്. ഒരാഴ്ച കൊണ്ട് മൂന്നും നാലും മടങ്ങോളമാണ് വില ഉയർന്നത്. 40 രൂപക്ക് ലഭിച്ചിരുന്ന ഒരു കിലോ മുരിങ്ങക്കായക്ക് 120 രൂപയാണ് നിലവിലെ വിപണി വില. 20 രൂപക്ക് ലഭിച്ചിരുന്ന തക്കാളിയുടെ വില 76 രൂപയിലെത്തി.
70 രൂപ നൽകിയാലേ ഒരു കിലോ പയർ ലഭിക്കൂ. ഒരാഴ്ച മുമ്പ് വരെ 30 രൂപയായിരുന്നു ഇതിെൻറ വില. 20 രൂപക്കും ആവശ്യക്കാർ ഏറെ ഇല്ലാതിരുന്ന കൊത്തമര, വഴുതനങ്ങ എന്നിവക്ക് യഥാക്രമം 60ഉം 48ഉം രൂപയാണ് ചില്ലറ വിപണികളിലെ വിൽപന വില. നേന്ത്രപ്പഴം, വലിയ ഉള്ളി, ചെറിയ ഉള്ളി തുടങ്ങിയവക്ക് നാമമാത്രമായി വില വർധനവുണ്ടായിട്ടുണ്ടെങ്കിലും കുടുംബ ബജറ്റ് അവതാളത്തിലാക്കിയിട്ടില്ല.
തമിഴ്നാട്ടിലെ പെരുമഴയുടെ പേരിലാണ് വില വർധനവത്രയും. വിലയുയർന്നതോടെ ഒന്നും രണ്ടും കിലോ വാങ്ങിയിരുന്ന കുടുംബങ്ങൾ അര കിലോയിലേക്കും കാൽ കിലോയിലേക്കുമായി കോള് ചുരുക്കി. നാടൻ പച്ചക്കറികൾ മഴയിലും മറ്റും നശിച്ചാൽ കർഷകർക്കു പോലും പച്ചക്കറികൾക്ക് വിപണികളെ ആശ്രയിക്കേണ്ടി വരുന്നു. പച്ചക്കറി ഉൽപന്നങ്ങളുടെ തീവില വിപണികളിലെ വിൽപനയെ സാരമായി ബാധിച്ചതായി പച്ചക്കറി കച്ചവടക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.