കുഞ്ചന്റെ മണ്ണിൽ അക്ഷരപുണ്യം നുകർന്ന് കുരുന്നുകൾ
text_fieldsഒറ്റപ്പാലം: മഹാകവി കുഞ്ചൻ നമ്പ്യാരുടെ ദീപ്ത സ്മരണകൾ ഉറങ്ങുന്ന കിള്ളിക്കുറുശ്ശി മംഗലത്തെ കലക്കത്ത് ഭവനത്തിൽ വിജയദശമിയോടനുബന്ധിച്ച് നൂറുകണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. പുലരുംമുമ്പേ പുതുവസ്ത്രമണിഞ്ഞ കുരുന്നുകളുമായി രക്ഷിതാക്കൾ കവി ഗൃഹത്തിലെത്തിക്കൊണ്ടിരുന്നു.
മഴ മാറിനിന്നത് എഴുത്തിനിരുത്തലിന് അനുഗ്രഹമായി. ചടങ്ങിന് മുന്നോടിയായി പൂജയെടുപ്പും വിശേഷാൽ പൂജയും നടത്തി. കലക്കത്ത് ഭവനത്തിലെ മച്ചകത്തു സൂക്ഷിച്ച കെടാവിളക്കിൽനിന്ന് കൊളുത്തിയ തിരിവെട്ടം നാട്യശാലയിലെ എഴുത്തിനിരുത്തൽ വേദിയിലെ നിലവിളക്കിൽ പകർന്നതോടെയാണ് എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് തുടക്കമായത്.
കുഞ്ഞിളംകൈയിൽ തീർഥം നൽകി കാതിൽ സരസ്വതി മന്ത്രമോതി സ്വർണ മോതിരത്താൽ ഇളംനാവിലും പിന്നെ താലത്തിലെ ഉണക്കല്ലരിയിലും ഗുരുക്കന്മാർ ആദ്യക്ഷരം കുറിച്ചപ്പോൾ അമ്പരപ്പും കൗതുകവും കുഞ്ഞുമുഖത്ത് മിന്നിമറഞ്ഞു. അപരിചിതത്വം തീർത്ത ചുറ്റുപാടിൽ ചിലർ വിങ്ങിപ്പൊട്ടി.
അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ, സംഗീതജ്ഞ സുകുമാരി നരേന്ദ്രമേനോൻ, കലക്കത്ത് രാധാകൃഷ്ണൻ, തോൽപ്പാവ കൂത്ത് ആചാര്യൻ രാമചന്ദ്രപുലവർ, തുള്ളൽ ആചാര്യൻ എം. ശങ്കരനാരായണൻ, സ്മാരകം സെക്രട്ടറി എൻ.എം. നാരായണൻ നമ്പൂതിരി, കെ. ശ്രീവത്സൻ, ഐ.എം സതീശൻ, കെ. ജയദേവൻ, കുഞ്ചൻ സ്മാരകം രാജേഷ് സി.കെ. ശിവദാസ്, ശ്രീകൃഷ്ണപുരം മോഹൻദാസ് തുടങ്ങിയവർ ആചാര്യ സ്ഥാനം അലങ്കരിച്ചു. കുഞ്ചൻ സ്മാരകത്തിന് കീഴിലുള്ള കലാപീഠത്തിലെ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.