വിഷു: പടക്ക ചന്തകളുമായി സഹകരണ സംഘങ്ങൾ സജീവം
text_fieldsഒറ്റപ്പാലം: കോവിഡ് പശ്ചാത്തലത്തിൽ സീസൺ കച്ചവടക്കാർ കൈയൊഴിഞ്ഞ പടക്ക വിപണിയുമായി വിഷുക്കാലത്ത് സഹകരണ സംഘങ്ങൾ സജീവം. സഹകരണ ബാങ്കുകളുടെ കീഴിൽ സമൃദ്ധമായ സ്റ്റോക്കുകളുമായി വിഷു പടക്ക ചന്തകൾ പ്രവർത്തനം തുടങ്ങി.
ആദ്യകാലത്ത് ഒറ്റപ്പാലം മാർക്കറ്റിങ് സൊസൈറ്റി വിഷുക്കാലത്ത് നടത്തിവന്ന പടക്ക വിപണിയുടെ ചുവടുപിടിച്ചാണ് കൂടുതൽ സഹകരണ സംഘങ്ങൾ പ്രത്യേകം കൗണ്ടറുകൾ തുറന്ന് കച്ചവടത്തിനിറങ്ങിയത്. ഓണം-ബക്രീദ് ചന്തകളുടെ നടത്തിപ്പ് പോലെ വിഷുക്കാലത്ത് ഒഴിച്ചുകൂടാൻ കഴിയാത്ത വ്യാപാരമായി പടക്കക്കച്ചവടം മാറി.
നിയമാനുസൃതമായ കച്ചവടത്തിനായി ഇവർ പ്രാത്യേകം ലൈസൻസുകളും സമ്പാദിച്ചിട്ടുണ്ട്. ആകാശത്തേക്കുയർന്ന് 30 തട്ടുകളിലായി പൊട്ടുകയും വിവിധ നിറങ്ങൾ വിരിയുകയും ചെയ്യുന്ന മജസ്റ്റിക് മാനിയ വിപണിയിലെ പുതുമുഖമാണ്. 30 എണ്ണമടങ്ങുന്ന പെട്ടിക്ക് 780 രൂപയാണ് വില. വില അൽപം കുറവിൽ ഒറ്റക്കളറിൽ 12 തട്ടുകളിൽ പൊട്ടുന്നതും സംഘങ്ങളിലുണ്ട്. ഇതിന് 185 രൂപ നൽകിയാൽ മതിയാകും. 12 തവണ വിവിധ വർണങ്ങൾ ആസ്വദിക്കാവുന്ന സ്വീറ്റ് കാറ്റിന് 310 രൂപയാണ് വില.
ഭയമില്ലാതെ പൊട്ടിക്കാവുന്ന കമ്പിത്തിരി, പൂത്തിരി, മത്താപ്പ്, പൂക്കുറ്റികൾ, നിലച്ചക്രങ്ങൾ തുടങ്ങിയവ പോക്കറ്റിലെ കനത്തിന് അനുസരിച്ച് വാങ്ങാവുന്ന വിലനിലവാരത്തിലുണ്ട്. ശിവകാശിയിൽനിന്ന് പടക്ക ശേഖരം നേരിട്ടാണ് സംഘങ്ങൾ വാങ്ങുന്നത്. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയിൽ വിൽപന നടത്താനാകുമെന്ന് സംഘം മേധാവികൾ പറയുന്നു.
സ്വകാര്യ വിപണികളിലെ പോലെ ആളും തരവും നോക്കിയുള്ള വിൽപനക്കും വിലപേശലിലിനും ഇവിടെ അവസരമില്ല. അമ്പലപ്പാറ സർവിസ് സഹകരണ ബാങ്കിന് കീഴിൽ ആരംഭിച്ച പടക്ക ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് കെ.വി. സോമസുന്ദരൻ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.