എന്ന് നന്നാവും കയറമ്പാറ -കേന്ദ്രീയ വിദ്യാലയം റോഡ്
text_fieldsഒറ്റപ്പാലം: കുണ്ടുംകുഴിയുമായി തകർന്ന കയറമ്പാറ-കേന്ദ്രീയ വിദ്യാലയം റോഡിൽ ദുരിതയാത്ര. വിദ്യാർഥികൾ ഉൾപ്പടെ ആയിരങ്ങൾ നിത്യേന സഞ്ചരിക്കേണ്ട പാതയാണിത്. നവീകരണത്തിന് നേരിട്ട കാലതാമസമാസമാണ് പാതയെ ഇത്രത്തോളം ശോച്യാവസ്ഥയിലെത്തിച്ചത്. മീറ്റ്ന, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ പ്രദേശങ്ങളിലായി താമസിക്കുന്ന നൂറുക്കണക്കിന് കുടുംബങ്ങളുടെ യാത്രദുരിതത്തിന് റോഡിന്റെ ശോച്യാവസ്ഥ മാറിയാലേ പരിഹാരമാകൂ.
നിരന്തര സമ്മർദത്തിനൊടുവിൽ 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ പാത നവീകരണത്തിനായി വകയിരുത്തിയെങ്കിലും പ്രവൃത്തി ആരംഭിച്ചില്ല.
പാലക്കാട്-കുളപ്പുള്ളി പാതയിൽ കയറമ്പാറ ജങ്ഷനിൽനിന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാപിക്കുന്ന രണ്ട് കിലോമീറ്റർ വരുന്ന റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്.
കേന്ദ്രീയ വിദ്യാലയത്തിന് പുറമെ ജല അതോറിറ്റി ഓഫിസ്, മീറ്റ്ന പമ്പ് ഹൗസ്, ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്ര കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായ ജലശുദ്ധീകരണ ശാലകൾ എന്നിവിടങ്ങളിലേക്ക് എത്തണമെങ്കിൽ ഈ പാത താണ്ടണം.
മഴക്കാലത്താണ് ദുരിതം ഇരട്ടിക്കുന്നത്. റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് വഴിയും കുഴിയും തിരിച്ചറിയാനാകാത്ത അവസ്ഥ ഇരുചക്ര യാത്രക്കാർക്ക് ഭീഷണിയാണ്.
സഞ്ചാരം ഗതിമുട്ടുകയും അധികൃതർ തിരിഞ്ഞു നോക്കാതാവുകയും ചെയ്തതോടെ പ്രദേശവാസികൾ സംഘടിച്ച് ക്വാറി വേസ്റ്റും മറ്റും ഉപയോഗിച്ച് കുഴികൾ അടച്ചുവരികയാണ്. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ജൂൺ 10ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചിരുന്നു.
സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയ റോഡിന്റെ വിശദ പദ്ധതി തയാറാക്കി പാലക്കാട് എൽ.എസ്.ജി.ഡി അസി. എൻജിനീയറുടെ ഓഫിസിൽനിന്ന് റിപ്പോർട്ട് ചീഫ് എൻജിനീയറുടെ ഓഫിസിൽ അംഗീകാരത്തിനായി സമർപ്പിച്ചതായി അഡ്വ. പ്രേംകുമാർ എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.