കാട്ടുപന്നി നിയന്ത്രണം പാളി; കതിരിട്ട നെൽപ്പാടങ്ങളിൽ വിളയുന്നത് ആധി
text_fieldsഒറ്റപ്പാലം: വനംവകുപ്പിെൻറ നേതൃത്വത്തിൽ ഒറ്റപ്പാലം എക്സൈസ് റേഞ്ചിൽ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നത് നിലച്ചതോടെ നെൽകർഷകർ ആധിയിൽ. മേഖലയിലെ കതിരിട്ട നെൽപ്പാടങ്ങളിൽ പന്നിക്കൂട്ടങ്ങളിറങ്ങി വിള നശിപ്പിക്കൽ തുടരുമ്പോഴാണ് പന്നിവേട്ട കെട്ടടങ്ങുന്നത്.
സേനാംഗങ്ങളുടെ കുറവും തോക്കിെൻറ ലൈസൻസ് പുതുക്കി ലഭിക്കാത്തതും തിര അനുവദിക്കാത്തതും സഞ്ചരിക്കാനുള്ള വാഹനം കൈവിട്ടതുമാണ് റേഞ്ചിലെ പന്നിവേട്ട പ്രതിസന്ധിയിലാക്കുന്നത്. കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവെച്ചുകൊല്ലാൻ സർക്കാർ ഉത്തരവ് വന്ന് ദിവസങ്ങൾ കഴിഞ്ഞാണ് റേഞ്ച് ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്. എന്നാൽ, ചുരുങ്ങിയ ദിവസത്തെ ശ്രമഫലമായി 190 പന്നികളെ വെടിവെച്ചിട്ടു.
ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകൾ ഉൾപ്പെട്ടതാണ് ഒറ്റപ്പാലം എക്സൈസ് റേഞ്ച് പരിധി. നാല് നഗരസഭകളും 32 പഞ്ചായത്തും ഉൾപ്പെട്ട മേഖലയിൽ പന്നിവേട്ടക്ക് നിയോഗിക്കപ്പെട്ടത് ആറംഗ സംഘത്തെയാണ്.
റേഞ്ച് പരിധിയിൽ വരുന്ന ഏഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ലൈസൻസുള്ള തോക്കുടമകൾ ഉൾെപ്പടെ 19 പേരെ ഉൾപ്പെടുത്തി എം. പാനൽ തയാറാക്കിയെങ്കിലും 13 പേരും വിവിധ കാരണങ്ങളാൽ ഒഴിവായി. നേരം പുലരുവോളം വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം നടത്തേണ്ട അലച്ചിലാണ് പലരെയും പിന്തിരിപ്പിച്ചത്.
ശേഷിച്ച ആറ് പേരിൽ ഷാർപ്പ് ഷൂട്ടർമാരായ രണ്ടുപേരുടെ ലൈസൻസ് കാലാവധിയാണ് അവസാനിച്ചത്. പുതുക്കി കിട്ടാനായി ജില്ല കലക്ടർക്ക് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ്. ഇവർക്ക് ലൈസൻസ് പുതുക്കി ലഭിച്ചാലും പന്നിവേട്ടക്കിറങ്ങണമെങ്കിൽ തോക്കിലിടാൻ ഉണ്ട വേണം. ഇതിനായി കലക്ടറുടെ പ്രത്യേക അനുമതിക്ക് അപേക്ഷ സമർപ്പിച്ചതായും ശേഷിക്കുന്ന നാലുപേരുമായി ആഴ്ചയിൽ ഒരുദിവസമെന്ന നിലയിൽ പന്നിവേട്ടക്കിറങ്ങുന്നുണ്ടെന്നും ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജിയാസ് ജമാലുദ്ദീൻ ലബ്ബ പറഞ്ഞു.
വർഷത്തിൽ ഒരാൾക്ക് ലഭിക്കുന്നത് പരമാവധി 200 തിര മാത്രമാണ്. അനുവദിച്ച ബുള്ളറ്റ് ഇതിനകം തീർന്നു. ഒരുപന്നിക്ക് ഒന്നിലേറെ ബുള്ളറ്റ് ആവശ്യമായി വരുന്നതിനാൽ വേട്ടക്കിറങ്ങുമ്പോൾ ഉണ്ടകളുടെ എണ്ണം ക്ലിപ്തപ്പെടുത്താനും കഴിയാത്ത അവസ്ഥയുണ്ട്.
ഓരോ വാർഡ് തോറും പന്നിശല്യം രൂക്ഷമായ സാഹചര്യത്തിൽ വാർഡ് പ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെ നിരന്തര പരാതികൾ വരുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.