വനിത ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സംവിധാനമില്ലെന്ന് ഒറ്റപ്പാലം താലൂക്ക് വികസന സമിതിയിൽ വിമർശം
text_fieldsഒറ്റപ്പാലം: സ്ത്രീ ജീവനക്കാർ കൂടുതലുള്ള നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പോലും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സംവിധാനമില്ലെന്നും ഇവിടങ്ങളിൽ പരിശോധന നടത്തുന്നതിൽ അധികൃതർ വിമുഖത പുലർത്തുന്നതായും താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശം.
നിർബന്ധിത പരിശോധന വേളയിൽ ഒരുക്കിയ താൽക്കാലിക സംവിധാനം തുടർന്ന് അടച്ചുപൂട്ടുകയും ജോലി സുരക്ഷയുടെ പേരിൽ വനിത ജീവനക്കാർ ക്ലേശം സഹിച്ചും മൗനം പാലിക്കുകയാണെന്നും യോഗത്തിൽ ആക്ഷേപമുയർന്നു. വകുപ്പിൽനിന്ന് നിർദേശമുണ്ടാകുമ്പോഴും പരാതി ലഭിക്കുമ്പോഴും മാത്രമാണ് പരിശോധന നടത്തുന്നതെന്ന നിലപാടാണ് ബന്ധപ്പെട്ട വകുപ്പിനെ പ്രതിനിധീകരിച്ചെത്തിയ ഉദ്യോഗസ്ഥൻ അറിയിച്ചത്. എന്നാൽ, താലൂക്ക് വികസന സമിതിയിലെ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ യോഗം നിർദേശിച്ചു.
ഓപറേഷൻ അനന്ത നിശ്ചലമായതും കൈയേറ്റങ്ങൾ കൂടിക്കൂടി വരുന്നതും വീണ്ടും ചർച്ചയായി. കൈയേറ്റങ്ങൾ ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണെങ്കിലും അതത് വകുപ്പുതന്നെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് സർക്കാർ നിർദേശമെന്ന് തഹസിൽദാർ അറിയിച്ചു.ഡേറ്റ ബാങ്കിൽനിന്ന് ഒഴിവാക്കാൻ സമർപ്പിച്ച അപേക്ഷകളുടെ കാര്യത്തിൽ മൂന്നുവർഷമായിട്ടും ഗസറ്റിൽ പരസ്യപ്പെടുത്തൽ പോലും നടന്നിട്ടില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഒരുമാസത്തിനകം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. അമ്പലപ്പാറ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് നിർത്തലാക്കിയത് പുനരാരംഭിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി. വിജയലക്ഷ്മി ആവശ്യപ്പെട്ടു. സ്ഥിരം പൊലീസ് സ്റ്റേഷൻ തുടങ്ങുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതായി യോഗത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒറ്റപ്പാലത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഉടൻ വിളിക്കുമെന്ന് നഗരസഭ അധ്യക്ഷ കെ. ജാനകിദേവി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോഭന രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.