അതിർത്തി കടന്ന് സപ്ലൈകോയുടെ കാശടിക്കാൻ നെല്ലും അരിയും
text_fieldsപാലക്കാട്: ഒരിടവേളക്കുശേഷം തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് അരിയും നെല്ലും കടത്തുന്നത് സജീവമായിട്ടും അറിഞ്ഞില്ലെന്ന മട്ടിൽ അധികൃതർ. തമിഴ്നാട്ടിൽനിന്ന് വിലക്കുറവിൽ സംഭരിക്കുന്ന റേഷനരിയടക്കം കേരളത്തിന്‍റെ അതിർത്തി കടത്തിയാൽ പലമടങ്ങ് അധികം വില ലഭിക്കും. കോവിഡിനുമുമ്പ് വരെ ട്രെയിനുകളിലും ബസുകളിലും ഇത്തരത്തിൽ അതിർത്തി കടന്ന് അരി എത്തുന്നത് പതിവായിരുന്നു. കോവിഡിൽ പൊതുഗതാഗതം നിലച്ചതും അതിർത്തികളിലെ കർശന പരിശോധനയുംമൂലം അരിവരവ് നിലച്ചു. എന്നാൽ, ലോക്ഡൗൺ നിയന്ത്രണം പിൻവലിച്ചതോടെ ഇപ്പോൾ വീണ്ടും അരിയും നെല്ലും കടത്തുന്നത് വർധിച്ചു.
കടത്തിയെത്തിക്കുന്ന അരിയും നെല്ലും കേരളത്തിലെ അരിമില്ലുകളിലും സപ്ലൈകോ ഗോഡൗണുകളിലുമാണ് എത്തുക. തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന ഗുണമേന്മ കൂടിയ അരി സ്വകാര്യ കമ്പനികൾക്ക് മറിച്ചുവിറ്റശേഷം ഗുണമേന്മ കുറഞ്ഞ അരി റേഷൻ കടകളിലേക്ക് വിതരണത്തിന് എത്തിക്കുകയാണെന്നാണ് പരാതി ഉയരുന്നത്. കർഷകരിൽനിന്ന് സപ്ലൈകോ സംഭരിക്കുന്ന നെല്ലാണ് അരിയാക്കി റേഷൻ കടകളിലൂടെ വിതരണം നടത്തുന്നത്.
സപ്ലൈകോക്കുവേണ്ടി നെല്ല് സംഭരിച്ച് അരിയാക്കി തിരികെ നൽകുന്നത് കേരളത്തിലെ സ്വകാര്യ മില്ലുകളാണ്. കർഷകരിൽനിന്ന് സംഭരിച്ച നെല്ല് അരിയാക്കി സപ്ലൈകോക്ക് നൽകുന്നതിനു പകരം അതിർത്തി കടന്നെത്തുന്ന ഗുണമേന്മ കുറഞ്ഞ അരി പോളിഷ് ചെയ്ത് തവിടെണ്ണയും കലർത്തിയാണ് വിതരണം നടത്തുന്നതെന്ന് പരാതിയുണ്ട്. വിവിധ വകുപ്പുകൾ പിടികൂടുന്ന അരി സപ്ലൈകോയെ തന്നെയാണ് ഏൽപിക്കുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് കുറഞ്ഞ വില കൊടുത്ത് കൊണ്ടുവരുന്ന നെല്ല് ഇവിടത്തെ നെല്ലുമായി കലർത്തി സപ്ലൈകോക്ക് മറിച്ചുനൽകുന്ന സംഘമാണ് ഇതിനു പിന്നിലെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.