കതിരിട്ട നെൽപ്പാടത്തും ആനശല്യം; കർഷക മനസ്സിൽ ആശങ്ക
text_fieldsമുണ്ടൂർ: കതിരിട്ട നെൽപ്പാടങ്ങളിലും കാട്ടാനകൾ എത്തിത്തുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ കർഷകർ. മുണ്ടൂർ, അകത്തേത്തറ, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളിലെ കർഷകരുടെ അവസ്ഥയാണിത്. വനാതിർത്തി പ്രദേശത്തോട് ചേർന്നാണ് നല്ലൊരു പങ്ക് നെൽകൃഷി ഇറക്കിയത്.
നെൽച്ചെടി കതിർ വന്ന് പാലുറച്ച് മണി രൂപപ്പെടുന്ന അവസ്ഥയിലാണ്. ഇളം മൂപ്പ് മാത്രമുള്ള നെൽമണി പിഴുതുതിന്നാൻ കാട്ടാനകൾ കൃഷിയിടങ്ങളിലെത്തുമെന്നത് തന്നെയാണ് ആശങ്കക്ക് നിദാനം. മുമ്പെല്ലാം കർഷകർ സംഘം ചേർന്ന് കാവലിരുന്നാണ് നെൽ ഉൾപ്പെടെയുള്ള കൃഷി സംരക്ഷിച്ചിരുന്നത്. പരാക്രമിയായ കാട്ടാനയെ ഭയന്ന് കൃഷിയിടങ്ങളിൽ ഇരിക്കാൻ കർഷകർക്ക് ഭയപ്പെടുകയാണ്. കഴിഞ്ഞ ഈ സീസണിൽ ദ്രുത പ്രതികരണ സംഘത്തിന്റെ സാനിധ്യം പതിവായിരുന്നു.
ആർ.ആർ.ടി സ്ഥലത്തിലാത്ത സമയത്ത് ഏകദേശം അരക്കോടി രൂപയുടെ കൃഷിയാണ് കാട്ടാന നശിപ്പിച്ചത്. മലമ്പുഴ ഉൾക്കാട്ടിൽനിന്ന് കൂമ്പാച്ചിമലയുടെ താഴ്വാരം വഴി കൂട്ടത്തോടെയാണ് ആനകൾ ധോണിയിലും പരിസരങ്ങളിലും ജനവാസമേഖലയിൽ എത്തുന്നത്. ധോണി, മായാപുരം, സെന്റ് തോമസ് നഗർ എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചകാലം മായാപുരം മേരി മാതാ ക്വാറിയുടെ വേലിയും മതിലും തകർത്താണ് ജനവാസ മേഖലയിലെത്തിയത്. ധോണി ലീഡ്സ് കോളജ് പരിസരത്തും കാട്ടാന വരുന്നതായി നാട്ടുകാർ പറയുന്നു. പാലക്കാട് കൊമ്പൻ പതിനഞ്ചാമൻ എന്ന കാട്ടാനയുടെ സാദൃശ്യമുള്ള കാട്ടുകൊമ്പനും നാട്ടിലിറങ്ങുന്നത് പതിവായതായി തദ്ദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
വാളയാർ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ കർഷകരുടെയും വനപാലകരുടെയും ഉറക്കം കെടുത്തിയ കാട്ടാനയാണിത്. കഴിഞ്ഞദിവസം ധോണി സെന്റ് തോമസ് നഗറിലും പരിസരങ്ങളിലും കാട്ടാന വാഴ നശിപ്പിച്ചിരുന്നു. കാട്ടാനശല്യത്തിനെതിരെ പ്രതിരോധം ശക്തിപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.