നെല്ല് സംഭരിച്ചില്ല; കർഷകർ ദുരിതത്തിൽ
text_fieldsമുണ്ടൂർ: കൊയ്ത്ത് കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും സപ്ലൈകോ നെല്ല് സംഭരണം ആരംഭിക്കാത്തത് മുണ്ടൂർ മേഖലയിലെ കർഷകർക്ക് ദുരിതമാവുന്നു. സപ്ലൈകോവിൽ നെല്ല് വിൽക്കുന്നതിന് പേര് രജിസ്റ്റർ ചെയ്ത കർഷകർ നെല്ല് കൈമാറാൻ കഴിയാതെ വിഷമത്തിലാണ്.
നെല്ല് ശേഖരിക്കുന്നതിനുള്ള മില്ലുകളെ തെരഞ്ഞെടുക്കാത്തതാണ് സംഭരണം ആരംഭിക്കാൻ പ്രധാന തടസ്സമെന്ന് അറിയുന്നു. മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ നല്ലൊരു പങ്ക് കർഷകർ കാട്ടാന, പന്നി, മയിൽ എന്നിവയിൽനിന്ന് ആക്രമണമില്ലാതിരിക്കാൻ പ്രതിരോധ നടപടി സ്വീകരിച്ചാണ് കൃഷി ഇറക്കിയത്. കൊയ്തെടുത്ത നെല്ല് ചാക്കിൽ നിറച്ച് സൂക്ഷിച്ചിരിക്കുകയാണ്.
സൂക്ഷിക്കാൻ സുരക്ഷിത സ്ഥലമില്ലാത്തത് കാരണം ഏത് സമയത്തും വീട്ടുമുറ്റങ്ങളിൽ എത്തുന്ന കാട്ടാനകൾ നെല്ല് തിന്നുകയോ കുത്തി നശിപ്പിക്കുകയോ ചെയ്യുമെന്ന പേടിയുമുണ്ട്. പാലക്കീഴ്, കയറംകോട്, കുറുക്കാംപൊറ്റ എന്നീ പാടശേഖരങ്ങളിൽ ഡിസംബർ മാസത്തിൽ തന്നെ കൊയ്ത്ത് പൂർത്തിയായിരുന്നു. മലമ്പുഴ കനാൽ വെള്ളം ഉപയോഗിച്ച് പൊൻ മണി, മട്ട എന്നീ നെല്ലിനങ്ങൾ കൃഷിയിറക്കിയവരാണ് ഈ പ്രദേശങ്ങളിലെ കർഷകർ. ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് കൃഷി ഇറക്കിയവർ ഏറെയാണ്. നെല്ല് സംഭരണം വൈകുന്ന പക്ഷം തുച്ഛ വിലയ്ക്ക് സ്വകാര്യ മില്ലുകാർക്ക് നെല്ല് വിൽക്കാൻ നിർബന്ധിതരാവുന്ന സാഹചര്യം ഉണ്ടാവുമെന്നും കർഷകർ ആശങ്ക പ്രകടിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.