പാലക്കാട് വിധിയെഴുതി; മുന്നണികളിൽ ചങ്കിടിപ്പ്
text_fieldsപാലക്കാട്: മുന്നണികളിൽ ചങ്കിടിപ്പേറ്റുന്ന തെരഞ്ഞെടുപ്പിനാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ബി.ജെ.പി പ്രതീക്ഷകൾ വെച്ചുപുലർത്തുന്ന നഗരസഭ പ്രദേശങ്ങളിലെ പോളിങ് നിരക്ക് അവരിൽ ആശങ്കക്കിടയാക്കുന്നുണ്ടെങ്കിലും യു.ഡി.എഫ്, എൽ.ഡി.എഫ് കക്ഷികളിൽ ഇരുവരിലും പ്രതീക്ഷകൾ ഉണർത്തുന്നതാണ് ഗ്രാമപഞ്ചായത്തുകളിലെ പോളിങ് കാണിക്കുന്നത്. വോട്ടെടുപ്പ് ദിനം മാധ്യമം ലേഖകൻ നടത്തിയ വോട്ടുയാത്ര ഇക്കാര്യങ്ങൾ വിലയിരുത്തുന്നു.
രാവിലെ 8.30: സി.ജെ.ബി സ്കൂൾ കിണാശേരി
പ്രശ്ന ബാധിത ബൂത്തായി തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞ കണ്ണാടി ഗ്രാമപഞ്ചായത്തിലെ കിണാശേരി സ്കൂളിലെ മൂന്ന് ബൂത്തുകളിൽ ഒന്നിൽ രാവിലെ മുതൽ തന്നെ തിരക്കനുഭവപ്പെട്ടു. 176, 176 എ, 178 ബുത്തുകളിൽ 178ാം നമ്പർ ബൂത്തിലാണ് തിരക്ക് അനുഭവപ്പെട്ടത്. 178ാംനമ്പർ ബൂത്തിൽ 1141 വോട്ടുകളിൽ 54 വോട്ടുകളാണ് ആദ്യ മണിക്കൂറിൽ പോൾ ചെയ്തത്. സ്ത്രീകളാണ് കൂടുതലും വരിനിന്നിരുന്നത്. 176, 176 എ ബുത്തുകളിൽ പെതുവേ തിരക്കില്ലായിരുന്നു.
9.30: എ.എൽ.പി.എസ് മാത്തൂർ വെസ്റ്റ്
138 മുതൽ 141 വരെയുള്ള നാല് ബൂത്തുകളാണ് എ.എൽ.പി.എസ് മാത്തൂർ വെസ്റ്റിൽ ഉള്ളത്. നാല് ബൂത്തുകളിലും രാവിലെ മുതൽ തന്നെ നല്ല തിരക്ക് അനുഭവപ്പെട്ടു. പ്രായം 80ൽ താഴെയുള്ളൂ എന്ന കാരണത്താൽ അവശരായ പലർക്കും വീട്ടിലെ വോട്ട് നിഷേധിച്ചതായി പരാതിയുയർന്നു. പലരെയും വാഹനങ്ങളിൽ താങ്ങിപ്പിടിച്ചാണ് എത്തിച്ചത്.
11.00: സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്
മാത്തൂരിലെ ആനിക്കോട് സരിഗ പബ്ലിക് സ്കൂളിൽ ഒരുക്കിയ മൂന്ന് ബൂത്തുകളിൽ 158 ാം ബൂത്തിൽ വോട്ടിങ് മന്ദഗതിയിലായിരുന്നു. സി.പി.എമ്മിന് ആധിപത്യമുള്ള പ്രദേശമാണ് ആനിക്കോട്. 1204 വോട്ടുള്ള 142 ാം നമ്പർ ബൂത്തിലും 606 വോട്ടുള്ള 159 ാം നമ്പർ ബൂത്തിലും നല്ല തിരക്കാണ് രാവിലെ മുതൽ അനുഭവപ്പെട്ടത്. 159 ാം നമ്പർ ബൂത്തിൽ രാവിലെ 11 ആയപ്പോഴേക്കും 50 ശതമാനം പോളിങ് പൂർത്തിയാക്കി.
12.00: എസ്.എൻ.യു.പി സ്കൂൾ കൊടുന്തിരപ്പുള്ളി
മൂന്ന് ബൂത്തുകളുള്ള കൊടുന്തിരപ്പുള്ളി എസ്.എൻ.യു.പി സ്കൂളിൽ ബൂത്ത് നമ്പർ 134 ൽ രാവിെല മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരതന്നെയായിരുന്നു. 111, 135 ബൂത്തുകളിൽ തിരക്ക് നന്നേ കുറവായിരുന്നു.
12.15: ഗവ. എൽ.പി. സ്കൂൾ കൊടുന്തിരപ്പുള്ളി
പൊതുവേ സ്ഥല പരിമിതിയാൽ വീർപ്പുമുട്ടുന്ന കൊടുന്തിരപ്പുള്ളി ഗവ. എൽ.പി സ്കൂളിൽ നാല് ബൂത്തുകളാണ് ഒരുക്കിയിരുന്നത്. 130 മുതൽ 133 വരെയുള്ള നാലു ബൂത്തിലും നല്ല തിരക്കായിരുന്നു. ഇടുങ്ങിയ വരാന്തകളുള്ള സ്കൂളിൽ നാലു ബൂത്തിലും സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള ഇരുവരികളിലും വോട്ടർമാർ നന്നേ ബുദ്ധിമുട്ടിയാണ് നിന്നത്. വളന്റിയർമാരും നന്നേ ബുദ്ധിമുട്ടി. കൊടുന്തിരപ്പുള്ളി അഗ്രഹാരങ്ങളിലെ വോട്ടർമാരുള്ള 131ാം നമ്പർ ബൂത്തിൽ നല്ലതിരക്കാണ് അനുഭവപ്പെട്ടത്. ഇവിടെയും 12.30ഓടെ 50 ശതമാനത്തിലധികം പോളിങ് പൂർത്തിയാക്കിയിരുന്നു.
1.00: കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂൾ
ഉപതെരഞ്ഞെടുപ്പിന്റെ മാതൃകാബൂത്തായ 105ാം ബൂത്തിൽ പൊതുവേ തിരക്ക് കുറവായിരുന്നു. വോട്ടർമാർക്ക് ചായ, നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വീൽചെയർ എന്നിവ ഒരുക്കിയിരുന്നു. ബൂത്തിനകവും കല്യാണവീടുപോലെ അലങ്കരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. 30 വർഷം മുമ്പ് കല്ലേക്കാട് സ്വദേശിയെ വിവാഹം ചെയ്ത മുബൈ സ്വദേശി ഷമീം തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത് 105ാം ബൂത്തിലാണ്. പ്രവാസിയായ അദ്ദേഹം നിലവിൽ പത്തിരിപ്പാലയിൽ ബിസിനസ് ചെയ്യുകയാണ്. റിയാദിൽ എംബസി സ്കൂളിൽ അധ്യാപികയായിരുന്ന ഭാര്യ റഹ്മത്തിനൊപ്പമാണ് വോട്ടുചെയ്യാനെത്തിയത്.
1.15: മേഴ്സി കോളജ് പാലക്കാട്
എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായ വനിതാ സൗഹൃദ ബൂത്താണ് പാലക്കാട് മേഴ്സി കോളജിൽ ഒരുക്കിയിരുന്നത്. 12.30ലെ കണക്കു പ്രകാരം 1272 വോട്ടർമാരിൽ 447 പേർ വോട്ടുചെയ്തിരുന്നു. മുലയൂട്ടൽ കേന്ദ്രം അടക്കമുള്ളമുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
1.30: ഗവ. സ്കൂൾ വെണ്ണക്കര
41, 42, 43, 44, 48 നമ്പർ ബൂത്തുകളാണ് വെണ്ണക്കര ഗവ. സ്കൂളിൽ ഒരുക്കിയിരുന്നത്. ഇതിൽ ബൂത്ത് നമ്പർ 42 ഭിന്നശേഷി സൗഹൃദ ബൂത്തായിരുന്നു. ഇവിടത്തെ പോളിങ് ഉദ്യോഗസ്ഥരെല്ലാം ഭിന്നശേഷിക്കാരായിരുന്നു. 42, 44, 48 ഭൂത്തുകളിൽ രാവിലെ മുതൽതന്നെ നല്ലതിരക്കായിരുന്നു.
1.45: കണ്ണകിയമ്മൻ സ്കൂൾ മൂത്താൻതറ
മൂന്ന് ബൂത്തുകളുള്ള മൂത്താൻതറ കണ്ണകിയമ്മൻ സ്കൂളിൽ 56ാം നമ്പർ ബൂത്തിൽ തിരക്ക് അനുഭവപ്പെട്ടു. 57, 58 നമ്പർ ബൂത്തുകളിൽ പെതുവേ തിരക്ക് കുറവായിരുന്നു. ഭിന്നശേഷിക്കാരിയായ 80 വയസ്സുള്ള മീനാക്ഷിയും ഗോപിനാഥനും ഇവിടെയായിരുന്നു വോട്ടുചെയ്തത്.
2.00: എ.യു.പി സ്കൂൾ കൽപാത്തി
ഉപതെരഞ്ഞെടുപ്പിൽ നഗരസഭ പ്രദേശത്തിന്റെ പോളിങ് പിന്നാക്കം പോക്കിന് നേർക്കാഴ്ചയായിരുന്നു കൽപാത്തി എ.യു.പി സ്കൂൾ. എന്നാൽ, സുന്ദരംകോളനിയുടെ ബൂത്തായ ബൂത്ത് നമ്പർ രണ്ടിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. ഉച്ചവരെയുള്ള കണക്കിൽ ബൂത്ത് ഒന്നിൽ 841 പേരിൽ 420 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ബൂത്ത് നാലിൽ 955 പേരിൽ 400 പേർ വോട്ട് രേഖപെടുത്തിയിരുന്നു.
2.30: ഗവ. എച്ച്.എസ്.എസ് കുമരപുരം
പാലക്കാട് നഗരസഭ ഭാഗമായ അഞ്ച്, ആറ്, എട്ട്, 12 നമ്പർ ബൂത്തുകളിൽ തിരക്ക് തീരെയില്ലായിരുന്നു. പല ബൂത്തുകളും ആളില്ലാതെ ഒഴിഞ്ഞു കിടന്നു. ബൂത്ത് ആറിൽ 1038ൽ 569 പേരും ബൂത്ത് എട്ടിൽ 801ൽ 390 പേരും രണ്ട് മണിയോടെ പോൾചെയ്തു. ബൂത്ത് നമ്പർ 12ൽ പോളിങ് ഉദ്യോഗസ്ഥർ ഉച്ചഭക്ഷണത്തിനായി പോളിങ് നിർത്തിവെച്ചതായി പരാതിയുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.