കോട്ടയിൽ കൊടിയിറക്കം; വൈകീട്ട് നാലര മുതൽ ഗതാഗത നിയന്ത്രണം
text_fieldsപാലക്കാട്: ഒരുമാസത്തിലധികമായി നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തിങ്കളാഴ്ച കൊട്ടിക്കലാശം. കലാശക്കൊട്ടിന്റെ ഭാഗമായി യു.ഡി.എഫ് ഉച്ചക്ക് രണ്ടിന് ഒലവക്കോട്ടുനിന്ന് തുടങ്ങി പേഴുംകര, മേഴ്സി കോളജ്, തിരുനെല്ലായി, കെ.എസ്.ആർ.ടി.സി, ഐ.എം.എ, നിരഞ്ജൻ റോഡ് വഴി വന്ന് സ്റ്റേഡിയം റോഡിൽ എത്തി സമാപിക്കും. എൻ.ഡി.എ ഉച്ചക്ക് രണ്ടു മണിക്ക് മേലാമുറിയിൽ നിന്നും ആരംഭിച്ച് വടക്കന്തറ, ചുണ്ണാമ്പുത്തറ, ജൈനിമേട്, ഒലവക്കോട്, കൽപ്പാത്തി, കുണ്ടമ്പലം, വലിയപാടം, പുത്തൂർ, രാമനാഥപുരം, മണലി, ജെ.എം മഹൽ റോഡ് വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് (കൽമണ്ഡപം റോഡ്) സമാപിക്കും.
എൽ.ഡി.എഫ് ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് പ്രകടനം തുടങ്ങുക. വൈകീട്ട് നാലിന് ആരംഭിക്കുന്ന പ്രകടനം സുൽത്താൻപേട്ട സിഗ്നൽ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി സമാപിക്കും. കൊട്ടിക്കലാശത്തോടനുബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ 6.30 വരെ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
കോഴിക്കോട്, മണ്ണാർക്കാട്, റെയിൽവേ കോളനി, മലമ്പുഴ ഭാഗങ്ങളിൽനിന്നും വരുന്ന ബസുകൾ കോഴിക്കോട്-കൽമണ്ഡപം ബൈപാസ് വഴി മണലി ജങ്ഷനിൽനിന്നും വലതു തിരിഞ്ഞ് മാങ്കാവ് മൈജി ജങ്ഷനിൽനിന്നും കൽമണ്ഡപം ഭാഗത്തേക്ക് പോകണം. തൃശൂർ, കൊടുവായൂർ ഭാഗത്തുനിന്നും സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ വരുന്ന എല്ലാ ബസുകളും കോട്ടമൈതാനത്ത് യാത്ര അവസാനിപ്പിക്കണം. വാളയാർ ഭാഗത്തുനിന്നും സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ വരുന്ന ബസുകൾ കൽമണ്ഡപത്തുനിന്നും കുന്നത്തൂർമേട് വഴി കോട്ടമൈതാനത്തെത്തി യാത്ര അവസാനിപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.