ആവേശം അലതല്ലി കൊട്ടിക്കലാശം
text_fieldsപാലക്കാട്: പിരായിരി, മാത്തൂർ, കണ്ണാടി ഗ്രാമപഞ്ചായത്തുകളും പാലക്കാട് നഗരസഭയും ഉൾപ്പെടുന്ന പാലക്കാട് നിയമസഭമണ്ഡലം ഉപതെരഞ്ഞെടുപ്പിന് വിധിയെഴുതാൻ ഒരുക്കത്തിലാണ്. നിശബ്ദ പ്രചാരണ ദിനമായ ചൊവ്വാഴ്ച പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനാകും സ്ഥാനാർഥികളുടെ ശ്രമം. ബി.ജെ.പി ഭരിക്കുന്ന നഗരസഭയും യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പിരായിരി, മാത്തൂർ പഞ്ചായത്തുകളും എൽ.ഡി.എഫിന്റെ തട്ടകമായ കണ്ണാടി പഞ്ചായത്തും വോട്ടുവിഹിതത്തിൽ കൃത്യമായ സ്വാധീനം ചെലുത്തും.
പാലക്കാട് നഗരസഭയിലെ വോട്ടുവിഹിതം യു.ഡി.എഫിനും ബി.ജെ.പിക്കും ഏറെ നിർണായകമാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നഗരസഭയിൽ വലിയതോതിൽ വോട്ട് നേടാനായതാണ് ബി.ജെ.പിയുടെ പ്രതീക്ഷ. വിവാദങ്ങൾ സ്വാധീനിച്ച ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന അങ്കലാപ്പും ആശങ്കയും മുന്നണികൾക്കുള്ളിലുണ്ട്.
മാറിയും മറിഞ്ഞും മാത്തൂർ
നേരത്തെ കുഴൽമന്ദം നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്ന മാത്തൂർ പഞ്ചായത്ത് 2011ലെ മണ്ഡലം പുനർനിർണയത്തിലാണ് പാലക്കാട് മണ്ഡലത്തിന്റെ ഭാഗമാകുന്നത്. മാറിയും മറിഞ്ഞും എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഭരണത്തിലേറ്റുന്ന മാത്തൂരിൽ 1995ൽ യു.ഡി.എഫിനായിരുന്നു ഭരണം. ശേഷം നീണ്ട 20 വർഷം തുടർച്ചയായി എൽ.ഡി.എഫിന്റെ കൈപ്പിടിയിലായിരുന്നു പഞ്ചായത്ത്. 2019ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ കരങ്ങളിലേക്ക് ഭരണമെത്തി. 16 വാർഡുകളുള്ള ഇവിടെ നിലവിൽ എട്ട് കോൺഗ്രസ്, ഏഴ് സി.പി.എം, ഒരു ബി.ജെ.പി എന്നിങ്ങനെയാണ് കക്ഷിനില.
ഒരു വാർഡിൽ വെറും മൂന്നു വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി ജയിച്ചതിനാലാണ് കോൺഗ്രസിന് ഭരണം പിടിക്കാനായത്. അവർ തന്നെ പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പക്ഷേ മാത്തൂർ എൽ.ഡി.എഫിനെയാണ് തുണച്ചത്. ഇവിടെ 330 വോട്ട് എൽ.ഡി.എഫിന് മുൻതൂക്കമുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെ പിന്തുണച്ച ചരിത്രമുള്ള മാത്തൂരിൽ ഇത്തവണ അത് ആവർത്തിക്കുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.
പിരായിരിയുടെ മനസ്സ് യു.ഡി.എഫിനൊപ്പം
നാലുപതിറ്റാണ്ടോളമായി യു.ഡി.എഫിന്റെ ഭരണം ഭദ്രമാക്കിയ പിരായിരിയിൽ ഇത്തവണയും മാറ്റമൊന്നുമുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ.എന്നാൽ ഇക്കുറി ഒരു മാറ്റം ഉറപ്പിക്കാമെന്നും എൽ.ഡി.എഫിനൊപ്പം പിരായിരിയും ഉണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്. നഗരസഭയോട് ചേർന്നു കിടക്കുന്ന പഞ്ചായത്തെന്ന പ്രത്യേകത കൂടിയുണ്ട് പിരായിരിക്ക്.
21 വാർഡുകളുള്ള ഇവിടെ നിലവിൽ കോൺഗ്രസ് -ആറ്, മുസ്ലിം ലീഗ് -നാല് അടക്കം യു.ഡി.എഫിന് 10 ഉം സി.പി.എം-നാല്, സി.പി.ഐ-ഒന്ന്, ജനതാദൾ-ഒന്ന്, സി.പി.എം സ്വതന്ത്രർ-രണ്ട് എന്നിങ്ങനെ എൽ.ഡി.എഫിന് എട്ടും ബി.ജെ.പിക്ക് മൂന്നും അംഗങ്ങളാണുള്ളത്. എന്നും യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്ന പഞ്ചായത്തിൽ ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 6400ൽപരം വോട്ടിന്റെ ലീഡ് പാർട്ടിക്കുണ്ടായിരുന്നു. ഉറച്ച കോട്ടയായി യു.ഡി.എഫുകാർ വിശ്വസിക്കുന്ന പഞ്ചായത്താണ് പിരായിരി.
കണ്ണാടിയിൽ പ്രതീക്ഷയോടെ എൽ.ഡി.എഫ്
2011ലെ മണ്ഡലം പുനർനിർണയത്തിലാണ് കണ്ണാടി പഞ്ചായത്ത് പാലക്കാട് നിയമസഭ മണ്ഡലത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്. പാലക്കാട് നഗരത്തോട് ചേർന്നുള്ള പഞ്ചായത്തായതിനാൽ നഗരവത്കരണം വളരെ വേഗം നടക്കുന്ന പഞ്ചായത്താണിത്. ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കോയ്മയുള്ള പഞ്ചായത്തിൽ സി.പിഎമ്മിലെ ചേരിതിരിവ് പഞ്ചായത്ത് ഭരണം നഷ്ടപ്പെടാൻ വരെ കാരണമായിട്ടുണ്ട്. പഞ്ചായത്ത് രൂപവത്കരിച്ചതു മുതലുള്ള 40 വർഷത്തെ ഇടതു കുത്തക 2010 ലെ പഞ്ചായത്ത് തെരഞ്ഞടുപ്പിൽ അവസാനിപ്പിച്ചത് വിഭാഗീയതയുടെ ഭാഗമായി സി.പി.എമ്മിൽനിന്ന് പുറത്തുപോയവരായിരുന്നു. എന്നാൽ ഇതിന്റെ നേട്ടം കൊയ്തതാവട്ടെ ബി.ജെ.പിയും.
എൽ.ഡി.എഫിന് ഏറെ പ്രതീക്ഷയുള്ള പഞ്ചായത്താണ് കണ്ണാടി. ആകെ 15 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ എൽ.ഡി.എഫിന് എട്ട് (സി.പി.എം-ഏഴ്, സി.പി.ഐ-ഒന്ന്), യു.ഡി.എഫിന് ഏഴ് (കോൺഗ്രസ്-മൂന്ന്, കോൺഗ്രസ് സ്വത.-നാല്) എന്നിങ്ങനെയാണ് കക്ഷിനില. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 163 വോട്ടിന്റെയും ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 419 വോട്ടിന്റെയും മുൻതൂക്കം എൽ.ഡി.എഫിനുണ്ടായിരുന്നു. യു.ഡി.എഫാണ് രണ്ടാം സ്ഥാനത്ത്.
ബി.ജെ.പിക്കൊപ്പം നഗരസഭ
158 വർഷത്തെ ചരിത്രമുള്ള പാലക്കാട് നഗരസഭയിൽ 2015ലാണ് ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തുന്നത്. 2005ൽ പാലക്കാട് നഗരസഭയിൽ ആകെ 50 വാർഡുകളാണുണ്ടായിരുന്നത്. ഇതിൽ യു.ഡി.എഫിന് -16 സീറ്റ്, ബി.ജെ.പി -14, സി.പി.എം -13, സ്വതന്ത്രൻ -ആറ്, ഡി.ഐ.സി (കെ) -ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. 2010, 2015, 2020 തെരഞ്ഞെടുപ്പുകളിൽ നില മെച്ചപ്പെടുത്തുകയല്ലാതെ ഒരുതരത്തിലും ബി.ജെ.പി താഴേക്ക് പോയിട്ടില്ല.
2010ൽ 52 സീറ്റിൽ 15 സീറ്റ് നേടിയ ബി.ജെ.പി 2015ൽ 24 സീറ്റുകൾ പിടിച്ചടക്കി ചരിത്രത്തിൽ ആദ്യമായി ഒറ്റക്ക് ഭൂരിപക്ഷം നേടി ഭരണത്തിലേറി. കോൺഗ്രസ് 13 സീറ്റ് നേടിയപ്പോൾ സി.പി.എമ്മിന് ആകെ ആറ് സീറ്റാണ് ലഭിച്ചത്. 2020ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ആകെ ഒരു സീറ്റ് മാത്രമാണ് വർധിപ്പിക്കാനായത്. കോൺഗ്രസ് 12 ഉം മുസ്ലിം ലീഗ് നാലും സീറ്റ് നേടി. 2015നേക്കാൾ നാല് സീറ്റ് വർധിപ്പിച്ച് 28 സീറ്റുമായാണ് ബി.ജെ.പി രണ്ടാംവട്ടവും നഗരസഭയുടെ ഭരണം സ്വന്തമാക്കിയത്.
മൂത്താതറ, മേലാമുറി, വടക്കന്തറ തുടങ്ങി ബി.ജെ.പിക്ക് ശക്തമായ സ്വാധീനങ്ങളുള്ള സ്ഥലങ്ങളുണ്ടിവിടെ. ലോക്സഭ തെരഞ്ഞെടുപ്പിൽ 497 വോട്ടിന്റെ ലീഡാണ് ബി.ജെ.പി നേടിയത്. മാറിമാറി ഭരിച്ചിരുന്നെങ്കിലും നിലവിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും നഗരസഭയിൽ എത്രത്തോളം വോട്ട് പിടിക്കാനാകുമെന്ന് കണ്ടറിയണം.
ക്രമക്കേടുകള്‍ തടയാന്‍ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കി -ജില്ല കലക്ടര്‍
പാലക്കാട്: വോട്ടെടുപ്പിൽ ക്രമക്കേടുകൾ തടയാൻ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കിയതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു. കലക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍, പാലക്കാട് മണ്ഡലത്തിലെ 184 ബൂത്തുകളിലെയും ബൂത്ത് ലവല്‍ ഓഫിസര്‍മാരുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളായ ബൂത്ത് ലവല്‍ ഏജന്റുമാരുടെയും യോഗം 13, 14 തീയതികളിലായി വില്ലേജ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ചേർന്ന് വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ തടയുന്നതിനായി തെരഞ്ഞെടുപ്പ് കമീഷന് നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ സംവിധാനങ്ങളും ഉറപ്പാക്കി.
വോട്ടര്‍ പട്ടിക സൂക്ഷ്മമായി പരിശോധിച്ച്, പാലക്കാട് മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ പേരുകള്‍ അതിര്‍ത്തി പോളിങ് സ്റ്റേഷനുകളില്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഇരുപത്തഞ്ചോളം ഉദ്യോഗസ്ഥരെ നിയോഗിച്ച് 16, 17 തീയതികളില്‍ പ്രത്യേക സൂക്ഷ്മ പരിശോധന നടത്തിയതായും കലക്ടർ അറിയിച്ചു. മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേര് നിലനില്‍ക്കേ പാലക്കാട് മണ്ഡലത്തില്‍ പേര് ചേര്‍ത്തിയതായി കണ്ടെത്തിയ വോട്ടര്‍മാര്‍ വോട്ടു ചെയ്തിട്ടുണ്ട് എന്ന് തെളിയുകയാണെങ്കില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
മത്സര രംഗത്ത് 10 സ്ഥാനാർഥികള്‍
പാലക്കാട്: ആകെ പത്തു സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. സി. കൃഷ്ണകുമാര്‍ (ബി.ജെ.പി, ചിഹ്നം: താമര), രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐ.എന്‍.സി, ചിഹ്നം: കൈ), ഡോ. പി. സരിന് (സ്വതന്ത്രന്, ചിഹ്നം: സ്റ്റെതസ്കോപ്), എം. രാജേഷ് ആലത്തൂര്‍ (സ്വതന്ത്രന്, ചിഹ്നം: ഗ്യാസ് സിലിണ്ടര്‍), രാഹുല്‍ ആര് (സ്വതന്ത്രന്, ചിഹ്നം: എയര്‍ കണ്ടീഷണര്‍), രാഹുല്‍ മണലാഴി (സ്വതന്ത്രന്, ചിഹ്നം: തെങ്ങിന് തോട്ടം), എന്‍.എസ്.കെ. പുരം ശശികുമാര്‍ (സ്വതന്ത്രന്, ചിഹ്നം: കരിമ്പു കര്ഷകന്), എസ്. ശെലവന്‍ (സ്വതന്ത്രന്, ചിഹ്നം: ഓട്ടോറിക്ഷ), ബി. ഷമീര്‍ (സ്വതന്ത്രന്, ചിഹ്നം: ടെലിവിഷന്‍), ഇരുപ്പുശ്ശേരി സിദ്ദീഖ് (സ്വതന്ത്രന്, ചിഹ്നം: ബാറ്ററി ടോര്‍ച്ച്) എന്നിവരാണ് സ്ഥാനാർഥികള്‍.
പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം
പാലക്കാട്: മണ്ഡലത്തിലെ എല്ലാപോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. 19 മുതല്‍ തെരഞ്ഞെടുപ്പ് കമീഷന്റെ പൂര്‍ണനിരീക്ഷണത്തിലായിരിക്കും വെബ്കാസ്റ്റിങ്. സിവില്‍ സ്റ്റേഷനില്‍ കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ച കണ്ട്രോള് റൂമില്‍ ബൂത്തുകളില്‍ നിന്നുള്ള വെബ്കാസ്റ്റിങ് സൂക്ഷ്മമായി നിരീക്ഷിക്കും. പോളിങ് ദിനത്തില്‍ രാവിലെ അഞ്ച് മുതല്‍ പോളിങ് അവസാനിച്ച് ബൂത്തിലെ പ്രവര്‍ത്തനം അവസാനിക്കുന്നത് വരെ ലൈവ്സ്ട്രീമിങ് ഉണ്ടായിരിക്കും.
790 ഭിന്നശേഷി വോട്ടര്‍മാര്‍; ബൂത്തുകൾ ഭിന്നശേഷി സൗഹൃദം
പാലക്കാട്: ഭിന്നശേഷി സൗഹൃദം ഉറപ്പു വരുത്തുന്നതിനായി 184 ബൂത്തുകളും സജ്ജീകരിച്ചിരിക്കുന്നത് താഴത്തെ നിലയിൽ. ബൂത്തുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ എല്ലാ ബൂത്തുകളിലും റാംപ് സൗകര്യം, ചലന വൈകല്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍, കാഴ്ച പരിമിതി ഉള്ളവരെ സഹായിക്കുന്നതിനായി സഹായികള്‍, കുടിവെള്ളം, വോട്ടിങ് മെഷീനില്‍ ബ്രെയിന്‍ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താൻ വരി നില്‍ക്കേണ്ട ആവശ്യമില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ വാഹന സൗകര്യവും ലഭിക്കും.
സക്ഷം ആപ്പിലൂടെ വീല്‍ ചെയറും മറ്റു സൗകര്യങ്ങളും ഭിന്ന ശേഷിക്കാര്‍ക്ക് ആവശ്യപ്പെടാം. വെണ്ണക്കര സര്‍ക്കാര്‍ ഹൈസ്കൂളിലെ പ്രധാന കെട്ടിടം ഭിന്നശേഷിക്കാര്‍ മാത്രമുള്ള പോളിങ് ബൂത്തായി സജ്ജീകരിച്ചിട്ടുണ്ട്. എ.എല്‍.പി. സ്കൂള്‍ മാത്തൂരിലാണ് ഏറ്റവും കൂടുതൽ ഭിന്നശേഷി വോട്ടര്‍മാരുള്ളത്. 145 പേർ. ഇവിടെ ചലന പരിമിതിയുള്ള 77 പേരും കാഴ്ച പരിമിതിയുള്ള അഞ്ച് പേരുമാണ് ഉള്ളത്. മണപ്പുള്ളിക്കാവ് ട്രൂ ലൈന്‍ പബ്ലിക് സ്കൂളിലാണ് കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ കൂടുതലുള്ളത്.
വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍
പാലക്കാട്: വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമീഷന് നൽകുന്ന ഇലക്ടറല്‍ ഫോട്ടോ ഐ.ഡി. കാര്‍ഡാണ് (ഇ.പി.ഐ.സി) തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ കൂടി ഉപയോഗിക്കാം.
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി), സര്‍വീസ് ഐഡി കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, തൊഴില്‍ മന്ത്രാലയം നല്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട് , എന്‍.പി.ആര്- ആര്.ജി.ഐ നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ്, പെന്ഷന് രേഖ, എം.പി/എം.എല്‍.എ/ എം.എല്‍.സിമാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാവുന്നത്.
1,94,706 വോട്ടര്‍മാര്‍
പാലക്കാട്: ബുധനാഴ്ച രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ 5.30ന് മോക് പോള്‍ ആരംഭിക്കും. ജില്ലയിൽ ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര് സ്ത്രീകളാണ്. 2306 പേര് 85ന് മുകളില്‍ പ്രായമുള്ളവരും 780 പേര് ഭിന്നശേഷിക്കാരും നാലു പേര് ട്രാന്‍സ് വ്യക്തികളുമാണ്. 2445 കന്നിവോട്ടര്‍മാരും 229 പേര് പ്രവാസി വോട്ടര്‍മാരുമാണ്.
പ്രശ്നബാധിത ബൂത്തുകള്‍ ഏഴ്
പാലക്കാട്: മണ്ഡലത്തില്‍ മൂന്ന് ഇടങ്ങളിലായി ആകെ ഏഴു വോട്ടെടുപ്പ് കേന്ദ്രങ്ങളെയാണ് പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. 58 എണ്ണം സാധ്യതാ പട്ടികയിലുണ്ട്. ഇത്തരം ബൂത്തുകളില്‍ കേന്ദ്ര സുരക്ഷാ സേനയുടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പള്ളിപ്പുറം യൂനിയന്‍ ബേസിക് യു.പി സ്കൂള്‍ (ബൂത്ത് നം. 49, 50), കര്‍ണ്ണകിയമ്മന്‍ എച്ച്.എസ്. മൂത്താന്തറ (ബൂത്ത് നം: 56, 57, 58), തണ്ണീര്‍പന്തല്‍ എ.എം.എസ്.ബി സ്കൂള്‍ (ബൂത്ത് നം. 177, 179) എന്നിവയാണ് പ്രശ്ന ബാധിത ബൂത്തുകള്‍.
പോളിങ് സ്റ്റേഷനുകള്‍ക്കും ഗവ. വിക്ടോറിയ കോളജിനും ഇന്ന് അവധി
പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിർദിഷ്ട പോളിങ് സ്റ്റേഷനുകള്‍ക്കും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായ ഗവ. വിക്ടോറിയ കോളജിനും ചൊവ്വാഴ്ചയും അവധി ആയിരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
വോട്ടെണ്ണൽ: പി.എം.ജി, അയ്യപുരം സ്കൂളുകൾക്ക് അവധി
പാലക്കാട്: മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന നവംബർ 23ന് വോട്ടെണ്ണൽ കേന്ദ്രമായ ഗവ. വിക്ടോറിയ കോളജിന് 100 മീറ്റർ പരിധിയിലുള്ള പി.എം.ജി എച്ച്.എസ്.എസ് പാലക്കാട്, ജി.എൽ.പി.എസ് അയ്യപുരം എന്നീ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിട്ടു. കോളജിലെ പുതിയ തമിഴ് ബ്ലോക്കിലെ ഒന്നാമത്തെ നിലയിലുള്ള ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഹാളിലാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ പരിധി നിയന്ത്രിത മേഖലകളായിരിക്കും. മേഖലയിൽ കർശന നിയന്ത്രണങ്ങളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.