പാലക്കാട്: 44 അംഗ സി.പി.എം ജില്ല കമ്മിറ്റിയിൽ നാല് വനിതകൾ, കെ. ശാന്തകുമാരിയും കെ. ബിനുമോളും കമ്മിറ്റിയിൽ
text_fieldsപാലക്കാട്: പ്രദേശിക വിഭാഗീയതയെതുടർന്നുണ്ടായ ചേരിതിരിവിനും തർക്കങ്ങൾക്കും വേദിയായ മൂന്ന്ദിവസത്തെ സമ്മേളനത്തിനൊടുവിൽ രൂപവത്കരിച്ച സി.പി.എം ജില്ല കമ്മിറ്റിയിൽ 14 പുതുമുഖങ്ങളും നാല് വനിതകളും. ഇ.എൻ. സുരേഷ്ബാബു ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ അംഗബലം 41ൽനിന്ന് 44 ആക്കി ഉയർത്തി.
കമ്മിറ്റിയിൽനിന്ന് 11പേരെ ഒഴിവാക്കി. കെ. ശാന്തകുമാരി, കെ. ബിനുമോൾ, എസ്. കൃഷ്ണദാസ്, സി.ആർ. സജീവ്, കെ. പ്രേമൻ, ആർ. ശിവപ്രകാശ്, ടി.കെ. നൗഷാദ്, കെ. കൃഷ്ണൻകുട്ടി, കെ. നന്ദകുമാർ, എ. അനിതാനന്ദൻ, കെ.എൻ. സുകുമാരൻ, വി. പൊന്നുക്കുട്ടൻ, കെ.സി. റിയാസുദ്ദീൻ, പി.പി. സുമോദ് എന്നിവരാണ് പുതുമുഖങ്ങൾ.
സുബൈദ ഇസ്ഹാഖ്, കെ.എസ്. സലീഖ, കെ. ശാന്തകുമാരി, കെ. ബിനുമോൾ എന്നിവരാണ് ജില്ല കമ്മിറ്റിയിലെ വനിതകൾ. 11 അംഗ ജില്ല സെക്രട്ടേറിയറ്റിലേക്ക് കെ.എസ്. സലീഖ, എസ്. അജയകുമാർ, ടി.എൻ. ശശി, എൻ. ഉണ്ണികൃഷ്ണൻ എന്നിവരെ പുതുതായി ഉൾപ്പെടുത്തി. ടി.കെ. നാരായണദാസ്, ടി.എൻ. കണ്ടമുത്തൻ എന്നിവരെ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കി. സെക്രട്ടേറിയറ്റ് അംഗമായ കെ.വി. വിജയദാസ് എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് ഒരു ഒഴിവ് വന്നിരുന്നു. പാർട്ടി നടപടിയെതുടർന്ന് സി.കെ. ചാമുണ്ണിയെ സെക്രട്ടേറിയറ്റിൽനിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. സെക്രട്ടേറിയറ്റിലെ ഏക വനിത പ്രതിനിധിയാണ് മുൻ എം.എൽ.എയായ കെ.എസ്. സലീഖ.
കുഴൽമന്ദം ഏരിയ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എതിർപക്ഷം തോൽപ്പിച്ച കെ. ശാന്തകുമാരി എം.എൽ.എയേയും ജില്ല സമ്മേളന പ്രതിനിധി പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ. ബിനുമോളേയും ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
കെ.സി. റിയാസുദ്ദീൻ, എ. അനിതാനന്ദൻ, പി.പി. സുമോദ് എന്നിവർ യുവജന പ്രാതിനിധ്യമെന്ന നിലയിലാണ് കമ്മിറ്റിയിൽ എത്തിയത്. ടി.കെ. നാരായണദാസും ടി.എൻ. കണ്ടമുത്തനും ജില്ല കമ്മിറ്റിയിൽ തുടരും.
പിണറായിയുടെ ഇടപെടൽ; പി.കെ. ശശി പക്ഷത്തിന് തിരിച്ചടി
പാലക്കാട്: പി.കെ. ശശി പക്ഷവും മറുപക്ഷവും കൊമ്പുകോർത്ത സി.പി.എം പാലക്കാട് ജില്ല സമ്മേളനത്തിനൊടുവിൽ സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ശശി പക്ഷം പൂർണമായും മുട്ടുമടക്കി. പാർട്ടിയിൽ തുരുത്തുകൾ സൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും അന്ത്യശാസനം ശശി പക്ഷത്തിനുള്ള ശക്തമായ താക്കീതായി. വി.കെ. ചന്ദ്രനെ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള പി.കെ. ശശിയുടെ നീക്കം മറുപക്ഷത്തിന്റെ തന്ത്രപരമായ ഇടപെടലിലൂടെ പരാജയപ്പെട്ടു. പി.കെ. ശശിയെ ലക്ഷ്യമിട്ട് മറുവിഭാഗം ചർച്ചയുടെ തുടക്കംമുതൽ ഉടനീളം ആഞ്ഞടിച്ചതോടെ ശശിപക്ഷം പ്രതിരോധത്തിലായി. സി.കെ. രാജേന്ദ്രൻ നേതൃത്വം നൽകുന്ന ഒദ്യോഗിക പക്ഷത്തിനെതിരെ ശശി വിഭാഗം ആരോപണങ്ങൾ തൊടുത്തുവിട്ടെങ്കിലും അതൊന്നും കാര്യമായി ഏശിയില്ല.
പ്രദേശിക വിഭാഗീയത സൃഷ്ടിക്കുന്ന ശശിയുടെ നീക്കങ്ങൾക്ക് പിന്തുണയില്ലെന്ന സൂചനയാണ് സംസ്ഥാന നേതൃത്വത്തിന്റെ മറുപടിയിലുമുണ്ടായിരുന്നത്. ഇതും സമ്മേളനത്തിൽ പ്രതിഫലിച്ചു. ജില്ല കമ്മിറ്റിയിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരം ഒഴിവാക്കാനും സംസ്ഥാന നേതൃത്വം ഇടപെട്ടു. ശനിയാഴ്ച രാത്രി പിണറായിയുടെ സാന്നിധ്യത്തിൽ പ്രത്യേകം യോഗം ചേർന്നിരുന്നു. സി.കെ. രാജേന്ദ്രൻ, പി.കെ. ശശി, എ.കെ. ബാലൻ, ഇ.പി. ജയരാജൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ വി.കെ. ചന്ദ്രന്റെ പേരാണ് പി.കെ. ശശി നിർദേശിച്ചത്. ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഇ.എൻ. സുരേഷ് ബാബുവിന്റെ പേരും നിർദേശിച്ചു. പ്രാദേശിക വിഭാഗീയതകൾ ഇല്ലാതാക്കി പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കാൻ പ്രാപ്തൻ ഇ.എൻ. സുരേഷ് ബാബുവായിരിക്കുമെന്ന സി.കെ. രാജേന്ദ്രന്റെ വാക്കുകളാണ് സംസ്ഥാന നേതാക്കൾ മുഖവിലയ്ക്കെടുത്തത്. അങ്ങനെ രൂപപ്പെട്ട സമവായത്തിലാണ് മത്സരം ഒഴിവാക്കിയുള്ള തീരുമാനമുണ്ടായത്. ഞായറാഴ്ച രാവിലെ ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗം 15 മിനിറ്റ് കൊണ്ട് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ച് യോഗ നടപടികൾ അവസാനിപ്പിച്ചു. തുടർന്ന് ചേർന്ന ജില്ല കമ്മിറ്റിയും തീരുമാനം അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.