കലാപത്തിന് വഴിതുറന്ന് പാലക്കാട് ഡി.സി.സി അധ്യക്ഷ നിയമനം
text_fieldsപാലക്കാട്: ഡി.സി.സി അധ്യക്ഷെൻറ നിയമനവും ജില്ല കോൺഗ്രസിൽ കലാപത്തിന് വഴിമരുന്നാവുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ. തങ്കപ്പനെ പുതിയ അധ്യക്ഷനായി നിയമിച്ചതിനെ ചൊല്ലിയാണ് മുൻ എം.എൽ.എ എ.വി. ഗോപിനാഥിെൻറ നേതൃത്വത്തിൽ ഒരുവിഭാഗം കലാപക്കൊടി ഉയർത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇടഞ്ഞ എ.വി. ഗോപിനാഥ്, പാലക്കാട് അസംബ്ലി മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി മത്സരിക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു.
സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ, എൽ.ഡി.എഫ് ഗോപിനാഥിനായി ഒരാഴ്ചയോളം സീറ്റ് ഒഴിച്ചിടുകയും ചെയ്തിരുന്നു. എ.വി. ഗോപിനാഥ് ഇടതു സ്വതന്ത്രനായാൽ, പാലക്കാട് ഷാഫി പറമ്പിലിന് ഭീഷണിയാകുമെന്ന ഭയപ്പാടിൽ ഉമ്മൻ ചാണ്ടി തന്നെ നേരിട്ട് ഗോപിനാഥിെൻറ വീട്ടിലെത്തി മണിക്കൂറുകളോളം സംസാരിച്ചു. കെ. സുധാകരനും ഗോപിനാഥിനെ കണ്ടു. ഇരു േനതാക്കളും അന്ന് തനിക്ക് വ്യക്തമായ ഉറപ്പ് നൽകിയിരുന്നതായി എ.വി. ഗോപിനാഥ് പറയുന്നു.
ഡി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള സാധ്യത പട്ടികയിൽ എ.വി. ഗോപിനാഥ്, എ. തങ്കപ്പൻ, വി.ടി. ബൽറാം എന്നിവരുടെ പേരുകളാണ് ആദ്യം മുതൽ ഉയർന്നുകേട്ടിരുന്നത്. എന്നാൽ, ഗോപിനാഥിനുവേണ്ടി സുധാകരനോ, ഉമ്മൻ ചാണ്ടിയോ ശക്തമായി വാദിച്ചില്ലെന്നാണ് അറിയുന്നത്. ജില്ലയിലെ പ്രബലരായ ഒരുവിഭാഗം നേതാക്കളും ഗോപിനാഥിന് എതിരായിരുന്നു. അതേസമയം, ജില്ലയുടെ ചുമതല ഉണ്ടായിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറിെൻറ പ്രസ്താവന എ.വി. ഗോപിനാഥിന് പിടിവള്ളിയാണ്.
ഉമ്മൻ ചാണ്ടിയും സുധാകരനും എ.വി. ഗോപിനാഥിന് ഡി.സി.സി അധ്യക്ഷ പദവി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് കെ.പി. അനിൽകുമാർ പറയുന്നത്. എന്നാൽ, ഇൗ പ്രസ്താവനെക്കതിരെ നിയുക്ത ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. അനിൽകുമാറിെൻറ പ്രസ്താവന അസംബന്ധമാണെന്നും അത്തരമൊരു ഉറപ്പ് ആർക്കും നൽകിയിട്ടില്ലെന്നും തങ്കപ്പൻ പറഞ്ഞു. കൂടുതൽ വെളിപ്പെടുത്തലുകൾ തിങ്കളാഴ്ച നടത്തുമെന്ന് എ.വി. ഗോപിനാഥ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
പെരിങ്ങോട്ടുകുർശ്ശി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ വേരുകളുള്ള എ.വി. ഗോപിനാഥ് മുമ്പ് രണ്ടര വർഷത്തോളം ഡി.സി.സി അധ്യക്ഷനായിട്ടുണ്ട്. എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിെൻറ നോമിനിയായിട്ടാണ് എ. തങ്കപ്പൻ അധ്യക്ഷ പദവിയിൽ എത്തിയതെങ്കിലും ജില്ലയിലെ 'െഎ' വിഭാഗത്തിനും അദ്ദേഹം സ്വീകാര്യനാണ്. സ്ഥാനമൊഴിഞ്ഞ വി.കെ. ശ്രീകണ്ഠനും തങ്കപ്പൻ വരുന്നതിനോടായിരുന്നു താൽപര്യമെന്നാണ് അറിയുന്നത്.
കെ.സി. വേണുഗോപാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ആയിരുന്നപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു തങ്കപ്പൻ. കാലാകാലമായി 'െഎ' ഗ്രൂപ്പിനാണ് പാലക്കാട് ഡി.സി.സി അധ്യക്ഷ പദവി നൽകിവരുന്നതെങ്കിലും ഇത്തവണ എ വിഭാഗത്തിലെ പ്രബലരായ നേതാക്കളും സ്ഥാനത്തിനുവേണ്ടി കരുനീക്കിയിരുന്നു. കെ.പി.സി.സി ജന. സെക്രട്ടറി സി. ചന്ദ്രൻ പദവി ആഗ്രഹിച്ചിരുന്നുവെങ്കിലും ആ നിലയിൽ ചർച്ചകൾ മുന്നോട്ടുപോയില്ല.
ഡി.സി.സിക്ക് പുതിയ മുഖം കൊണ്ടുവരുകയെന്ന ഉദ്ദേശ്യത്തോടെ യുവനേതാവ് വി.ടി. ബൽറാമിെൻറ പേരും സാധ്യത പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചർച്ചകളിൽ അദ്ദേഹത്തിന് ഒരു സമയത്തും മേൽക്കൈ ലഭിച്ചില്ല. ജില്ല ആസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള താൽപര്യം ബൽറാമിനും ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.