പാലക്കാട് ജില്ല വികസന സമിതി യോഗം; സംഭരിച്ചത് 1791.98 മെട്രിക് ടണ്‍ നെല്ല്
text_fieldsപാലക്കാട്: ജില്ലയില്‍ ഒക്ടോബര്‍ ആദ്യവാരത്തോടെ നെല്ല് സംഭരണം ആരംഭിച്ചതായും ഇതുവരെ 1791.98 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായും പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ ജില്ല വികസന സമിതി യോഗത്തില്‍ അറിയിച്ചു. 11 മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്. ജില്ലയില്‍ ആലത്തൂര്‍ താലൂക്കിലാണ് സംഭരണം ആരംഭിച്ചത്. നെല്ല് സംഭരണത്തിനായി കൃഷിവകുപ്പില്‍നിന്ന് 18 കൃഷി അസിസ്റ്റന്റുമാരെ പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റായി നിയമിച്ചിട്ടുണ്ട്. കൂടാതെ സപ്ലൈകോ 20 പേരെ ദിവസവേതനാടിസ്ഥാനത്തിലും നിയമിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ 49,730 പേര് നെല്ല് സംഭരണത്തിനായി രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. രജിസ്ട്രേഷന്റെ എണ്ണം കൂട്ടാനുള്ള നടപടി സ്വീകരിക്കാൻ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ക്ക് എം.എല്‍.എമാരായ കെ.ഡി. പ്രസേനന്‍, കെ. ബാബു എന്നിവര്‍ നിര്‍ദേശം നല്കി. ആവശ്യമാകുന്ന മുറക്ക് പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റുമാരുടെ സേവനം ഉറപ്പാക്കണമെന്ന് കെ. ബാബു എം.എല്‍.എ പറഞ്ഞു.
മാലിന്യസംസ്കരണം ഉറപ്പാക്കണം -ജില്ല കലക്ടര്‍
മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പൊതു ഇടങ്ങളിലും ഓഫിസുകളിലും മാലിന്യസംസ്കരണം ഉറപ്പുവരുത്തണമെന്ന് ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പടെ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാവരുത്. ജൈവ അജൈവ മാലിന്യങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് ബിന്നുകളില്‍ നിക്ഷേപിക്കണം. ഹരിതകര്‍മ സേനക്ക് എടുക്കാന്‍ കഴിയുന്ന രീതിയില്‍ മാലിന്യം വേര്‍തിരിച്ച് നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു. മാലിന്യസംസ്കരണവും ശുചിത്വവുമായി ബന്ധപ്പെട്ട് സമ്പൂർണ റിവ്യൂ നടത്തണമെന്ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
പച്ചത്തേങ്ങ സംഭരണത്തിന് സഹകരണ ബാങ്കുകളുമായി യോഗം ചേരണം -മുഹമ്മദ് മുഹ്സിന് എം.എല്‍. എ
പച്ചത്തേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് സഹകരണ സ്ഥാപനങ്ങളെയും എം.എല്‍.എമാരെയും ഉള്‍പ്പെടുത്തി യോഗം ചേരണമെന്ന് മുഹമ്മദ് മുഹ്സിന് എം.എല്‍.എ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് നിര്‍ദേശം നല്കി. പട്ടാമ്പി സഹകരണ ബാങ്ക് മുതുതലയില്‍ പച്ചത്തേങ്ങ സംഭരണം ആരംഭിക്കാന്‍ പോകുകയാണെന്നും ഇത്തരത്തില്‍ സന്നദ്ധരായ മറ്റ് ബാങ്കുകളെക്കൂടി കൂട്ടിച്ചേര്‍ക്കുന്നതിന് ആലോചിക്കാവുന്നതാണെന്നും എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ ഇതുവരെ 85 മെട്രിക് ടണ്‍ പച്ചത്തേങ്ങ സംഭരിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
‘ലക്ഷം വീടുകളുടെ പുനരുദ്ധാരണം: ഗുണഭോക്തൃപട്ടിക തയാറാക്കണം’
ലക്ഷം വീടുകള്‍ ഒറ്റവീടുകളാക്കി നിര്‍മിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് മുഹ്സിന് എം.എല്‍.എ ആവശ്യപ്പെട്ടു. ലൈഫ് മിഷൻ നേതൃത്വത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും എസ്.സി, എസ്.ടി വകുപ്പുകളും ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഒരു മാസത്തിനകം ലഭ്യമാക്കണമെന്ന് ജോയിന്റ് ഡയറക്ടര്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദേശം നല്കി. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തില്‍ പൂട്ടിക്കിടക്കുന്ന തോട്ടം തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി നല്കാൻ അര്‍ഹരായ തൊഴിലാളികളെ കണ്ടെത്തി ആനുകൂല്യം നല്‍കുമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു.
ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കണം –അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ
നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ ജില്ലയിലെ ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടാകരുതെന്നും ഇവ പ്രവര്‍ത്തനക്ഷമമാകണമെന്നും അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. ടിപ്പുസുല്‍ത്താന്‍ റോഡിന് സമീപമുള്ള പുലാപ്പറ്റ സ്കൂളിന് മുന്നിലെ മരങ്ങള്‍ ഈ ആഴ്ച തന്നെ മുറിച്ചുമാറ്റുമെന്ന് കെ.ആര്.എഫ്.ബി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
യോഗത്തില്‍ ഏജന്‍സികളുടെ സാന്നിധ്യം ഉറപ്പാക്കണം -പി. മമ്മിക്കുട്ടി എം.എല്‍.എ
ജില്ലയിലെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്ന കിഫ്ബി, കില തുടങ്ങിയ നിര്‍വഹണ ഏജന്‍സികളുടെ സാന്നിധ്യം ജില്ല വികസന സമിതി യോഗത്തില്‍ ഉറപ്പാക്കണമെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ പറഞ്ഞു. വെള്ളിനേഴി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിര്‍മാണ പ്രവൃത്തികളുടെ പ്രികണ്സ്ട്രക്ഷന് എന്‍ജിനീയറിങ് ഡിസൈന്‍ കിഫ്ബിക്ക് നല്‍കിയതായി വിദ്യാകിരണം കോഓഡിനേറ്റര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ നിര്‍ദേശം നല്കി.
ലക്കിടി-പേരൂര്‍ ഭാഗങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കണം-അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ
ലക്കിടി-പേരൂര്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളില്‍ കുടിവെള്ളമെത്തുന്നില്ലെന്നും പ്രസ്തുത ഇടങ്ങളില്‍ വെള്ളം എത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. രണ്ട് ഭാഗങ്ങളായി തിരിച്ച് വെള്ളമെത്തിക്കണമെന്നും എം.എല്‍എ ആവശ്യപ്പെട്ടു.
കലക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര, എം.എല്‍.എമാരായ കെ. ബാബു, കെ.ഡി. പ്രസേനന്‍, അഡ്വ. കെ. ശാന്തകുമാരി, എ. പ്രഭാകരന്, അഡ്വ. കെ. പ്രേംകുമാര്‍, പി. മമ്മിക്കുട്ടി, മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്, ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ പ്രതിനിധി എസ്.എം.കെ. തങ്ങള്‍, ജില്ല പ്ലാനിങ് ഓഫിസര്‍ എന്‍.കെ. ശ്രീലത, എ.ഡി.എം കെ. മണികണ്ഠന്, ആര്.ഡി.ഒ ഡി. അമൃതവല്ലി, സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊട്ടേക്കാട് പടലിക്കാട് പ്രദേശത്ത് ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് ഉടന്‍ നടത്തണം -എ. പ്രഭാകരന് എം.എല്‍.എ
കൊട്ടേക്കാട് പടലിക്കാട് പ്രദേശത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഉടന്‍ ക്യാന്‍സര്‍ നിര്‍ണയക്യാമ്പ് നടത്തണമെന്ന് എ. പ്രഭാകരന് എം.എല്‍.എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.