വില്ലൻമാരായി വിമതർ
text_fieldsപാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നീറിക്കത്തുന്നതിനിടെ അങ്കലാപ്പിലായി മുന്നണികൾ. വിമതശല്യം രൂക്ഷമാണ് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും.
വരും ദിവസങ്ങളിൽ വിലപേശലും പത്രികപിൻവലിപ്പിക്കലുമടക്കം നീക്കങ്ങളുമായി നെേട്ടാട്ടത്തിലാവും മുന്നണികൾ. നേരത്തെ എതിർപ്പുമായി രംഗത്തെത്തിയ പ്രമുഖരിൽ പലരും സ്വന്തന്ത്രരായി പത്രിക സമർപ്പിച്ചതോടെ പലയിടത്തും അനുനയ സാധ്യതകൾ മങ്ങുന്ന സ്ഥിതിയാണ്.
അനുനയ സാധ്യതകൾ തുറന്നിടുന്നതിനൊപ്പം ഇടഞ്ഞുനിൽക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് നേതൃത്വങ്ങൾ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
കാര്യമായ തർക്കങ്ങളില്ലാതെ സ്ഥാനാർഥി നിർണയവും പ്രചാരണവുമായി എൽ.ഡി.എഫ് ഏറെ മുന്നിലാണ് നഗരസഭയിൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിടിച്ചെടുത്ത പാലക്കാട് നഗരസഭയിൽ ഇക്കുറി അഭിമാനപോരാട്ടത്തിനിറങ്ങുന്ന യു.ഡി.എഫിന് തർക്കങ്ങൾ കൊണ്ടുതന്നെ രണ്ടുഘട്ടങ്ങളായാണ് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കാനായത്. നാലുവട്ടം വിജയിച്ചവരുടെ കൂട്ടത്തിലുൾപ്പെട്ട് സീറ്റുനഷ്ടമായ ഡി.സി.സി സെക്രട്ടറി കെ. ഭവദാസ് 11ാം വാർഡ് കല്ലേപ്പുള്ളിയിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 41ാം വാർഡ് മുനിസിപ്പൽ ഒാഫിസ്, കുന്നത്തൂർമേട് നോർത്ത്, കുന്നത്തൂർമേട് സൗത്ത് എന്നിവിടങ്ങളിലും തഴഞ്ഞുവെന്ന് ആേരാപിച്ച് പാർട്ടി പ്രവർത്തകരും അനുഭാവികളും സ്വതന്ത്രരായി പത്രിക സമർപ്പിച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ മുതിർന്ന നേതാക്കളെ അവഗണിച്ചുവെന്ന പരാതി ആദ്യഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു.
ഇതിനിടെ പാർട്ടി പ്രഖ്യാപിച്ച രണ്ടുസ്ഥാനാർഥികൾ മത്സരരംഗത്തുനിന്ന് പിൻമാറി. പട്ടികക്കെതിരെ പരാതിയുമായി ചില സമുദായ സംഘടനകളും പരാതിയുമായി നേത്യത്വത്തെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ ആർ.എസ്.എസ് നേതൃത്വം ഇടപെട്ട് അനുനയനീക്കങ്ങളും സജീവമായിട്ടുണ്ട്.
കൊല്ലേങ്കാട്ടും ചിറ്റൂരും പ്രമുഖർ വിമതർ
സ്ഥാനാർഥി പട്ടികയിൽ ഇടംനേടാനാവാതായതോടെ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെൻറ് ചെയർമാനും ഡി.സി.സി വൈസ് പ്രസിഡൻറുമായ സുമേഷ് അച്ചുതൻ കൊല്ലേങ്കാട് േബ്ലാക്ക് പഞ്ചായത്ത് പട്ടഞ്ചേരി ഡിവിഷനിൽ പത്രിക നൽകി. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി എസ്. ശ്രീനാഥാണ്. പി. മാധവൻ യു.ഡി.എഫ് സ്ഥാനാർഥിയായ കാമ്പ്രത്തുചള്ള വാർഡിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രനും പത്രിക നൽകിയിട്ടുണ്ട്.
ചിറ്റൂർ തത്തമംഗലം നഗരസഭയിൽ ചെയർമാനായിരുന്ന കെ. മധു 28ാം വാർഡായ ഗ്രാമത്തിലും പത്രിക നൽകിയിട്ടുണ്ട്.
എൽ.ഡി.എഫിലും കുറവില്ല
ഒറ്റപ്പാലം നഗരസഭയിൽ 15ാം വാർഡിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഇ. ശിവമണി എൽ.ഡി.എഫ് വിമതനായി പത്രിക നൽകി. നഗരസഭയിലെ 12, 16, 21, 28, 32, 33, 35, 36 വാർഡുകളിലും സി.പി.എം വിമതർ സ്വതന്ത്ര മുന്നണിയായി മത്സരരംഗത്തുണ്ട്. പാലക്കാട് നഗരസഭയിൽ 28 ാം വാർഡിൽ സി.പി.എം വിമതനായി മുൻ ഏരിയ കമ്മിറ്റി അംഗം എം.എസ്. ഷാജൻ പത്രിക നൽകിയിട്ടുണ്ട്. സി.പി.െഎ, സി.പി.എം തർക്കം നിലനിൽക്കുന്ന മണ്ണൂർ പഞ്ചായത്തിൽ 14 വാർഡുകളിൽ 12ലും സി.പി.എമ്മിനും സി.പി.െഎക്കും വെവ്വേറെ സ്ഥാനാർഥികളുണ്ട്.
ലീഗിലും...
ചെർപ്പുളശ്ശേരി നഗരസഭയിൽ എലിയപ്പറ്റ വാർഡിൽ മുസ്ലിംലീഗ് വിമതനായി പടിഞ്ഞാറേക്കര വീട്ടിൽ നൗഷാദ് പത്രിക നൽകി. ഇവിടെ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.കെ.എ. അസീസാണ് ഒൗദ്യോഗിക സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.