പാലക്കാട് ഗവ. മെഡിക്കൽ കോളജ്; പതിറ്റാണ്ട് പിന്നിട്ടിട്ടും പൂർണ സജ്ജമായില്ല
text_fieldsപാലക്കാട്: പട്ടികജാതി വകുപ്പിന് കീഴിൽ രാജ്യത്ത് ആദ്യമായി ആരംഭിച്ച പാലക്കാട് ഗവ. മെഡിക്കൽ കോളജ് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പൂർണമായി പ്രവർത്തനസജ്ജമായില്ല. പഠനസൗകര്യങ്ങളുടെ അപര്യാപ്തതയും അധ്യാപകരുടെ കുറവുമെല്ലാം പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിലെല്ലാം മറ്റു ജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കുന്ന പാലക്കാടിന് ആശ്വാസമായി 2014 സെപ്റ്റംബർ 19നാണ് ഗവ. മെഡിക്കൽ കോളജ് സ്ഥാപിതമായത്. എന്നാൽ, 10 വർഷത്തിനിപ്പുറവും അടിയന്തര സാഹചര്യങ്ങളിൽ തൃശൂർ മെഡിക്കൽ കോളജിനെയോ കോയമ്പത്തൂരിനെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് പാലക്കാട്ടെ ജനം. മികച്ച ചികിത്സാസൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് ആരംഭിച്ച മെഡിക്കൽ കോളജിന് തന്നെ ചികിത്സ വേണമെന്ന സ്ഥിതിയാണിപ്പോൾ.
അതേസമയം, കെട്ടിടം നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ബുധനാഴ്ച കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് മെഡിക്കൽ കോളജ് ഡയറക്ടർ ഒ.കെ. മണി പറഞ്ഞു.
ഫയർ എൻ.ഒ.സി ഇല്ല
10 വർഷമായിട്ടും കിടത്തിച്ചികിത്സ ആരംഭിക്കാനായിട്ടില്ല എന്നതാണ് പാലക്കാട് ഗവ. മെഡിക്കൽ കോളജ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കിടത്തിച്ചികിത്സ തുടങ്ങിയെങ്കിലും പിന്നീട് നിലച്ചു. കെട്ടിടങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും മെഡിക്കൽ കോളജിന് ഇതുവരെ ഫയർ എൻ.ഒ.സി ലഭിച്ചിട്ടില്ല. മൂവാറ്റുപുഴ കേന്ദ്രമായ സ്വകാര്യ കരാറുകാരാണ് മെഡിക്കൽ കോളജ് നിർമാണം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് മേൽനോട്ട ചുമതല. നിർമാണ സമയത്ത് കരാറുകാർ എൻ.ഒ.സിക്കായി അപേക്ഷ നൽകിയിട്ടില്ലെന്നാണ് പറയുന്നത്. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാതെ കിടത്തിച്ചികിത്സ തുടങ്ങുന്നത് അപകടമാണ്.
ഇനീഷ്യൽ കമീഷൻ, ഫൈനൽ കമീഷൻ എന്നിങ്ങനെ രണ്ട് തരത്തിൽ എൻ.ഒ.സിക്കായി അഗ്നിരക്ഷാസേനയിൽ അപേക്ഷ നൽകാം. നിർമാണം തുടങ്ങുന്ന സമയത്ത് കെട്ടിടത്തിന്റെ പ്ലാൻ ഉൾപ്പെടെ നൽകുന്നതാണ് ഇനീഷ്യൽ കമീഷൻ. സുരക്ഷ സംവിധാനങ്ങളൊരുക്കുന്നതിൽ പോരായ്മകളുണ്ടെങ്കിൽ ഈ സമയത്ത് അറിയിക്കും. കെട്ടിട നിർമാണം കഴിഞ്ഞ ശേഷം അപേക്ഷ നൽകുന്നതാണ് ഫൈനൽ കമീഷൻ. ഈ ഘട്ടത്തിൽ പോരായ്മകൾ കണ്ടെത്തിയാൽ കെട്ടിടം പൊളിച്ചുമാറ്റേണ്ട സ്ഥിതിയുണ്ടാകും. നിലവിൽ മെഡിക്കൽ കോളജിലെ സുരക്ഷാസംവിധാനങ്ങളിൽ ചില മാറ്റങ്ങൾ ഫയർഫോഴ്സ് നിർദേശിച്ചിട്ടുണ്ട്.
33 പേർക്ക് നിയമന ഉത്തരവ് നൽകി
അധ്യാപകരുടെ കുറവ് നികത്താൻ ആഗസ്റ്റിൽ നടത്തിയ അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെട്ട 33 പേർക്ക് നിയമന ഉത്തരവ് നൽകിയതായി മെഡിക്കൽ കോളജ് ഡയറക്ടർ പറഞ്ഞു.
30 ജൂനിയർ റസിഡന്റുമാർ, രണ്ട് സീനിയർ റസിഡന്റുമാർ, ഒരു അസിസ്റ്റന്റ് പ്രഫസർ എന്നിവർക്കാണ് നിയമന ഉത്തരവ് നൽകിയത്. ഇതിനു പുറമെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള നിയമനങ്ങൾക്കും നടപടി പുരോഗമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ജൂലൈയിൽ അപേക്ഷ ക്ഷണിച്ച് കൂടിക്കാഴ്ച നടത്തി 34 പേർക്ക് നിയമന ഉത്തരവ് നൽകിയിരുന്നു. ഇതിൽ 14 പേർ നിയമിതരായെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ചതോടെയാണ് വീണ്ടും അഭിമുഖം നടത്തേണ്ടി വന്നത്. മെഡിക്കൽ കോളജിൽ ശമ്പളം കൃത്യമായി കിട്ടുന്നില്ലെന്ന തരത്തിൽ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും അത് വാസ്തവവിരുദ്ധമാണെന്നും ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.