പാലക്കാട്ട് കൊയ്ത്താരവം
text_fieldsപാലക്കാട്: ജില്ലയില്‍ കൊയ്ത്ത് പ്രവൃത്തികള്‍ ആരംഭിച്ചതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍. നേരത്തേ ജില്ലയിലെത്തിയ അന്തർ സംസ്ഥാന തൊഴിലാളികള്‍ ക്വാറൻറീന് പൂര്‍ത്തിയാക്കി കൊയ്ത്തിനിറങ്ങാൻ തുടങ്ങി. ജില്ലയിലുള്ള കാര്‍ഷികോപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. പഞ്ചായത്ത്-ബ്ലോക്ക് തലത്തില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ കോവിഡ് മാര്‍ഗരേഖകള്‍ക്ക് അനുസൃതമായാണ് കൊയ്ത്ത് നടക്കുന്നത്. ഈ മാസം പകുതിയോടെ കൂടുതല്‍ പ്രദേശങ്ങളില്‍ കൊയ്ത്ത് ആരംഭിക്കാനാകുമെന്നും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയില്‍ കൊയ്ത്തിനും വിതയ്ക്കുമായി ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നുകൊണ്ടിരിക്കുന്ന കാര്‍ഷികോപകരണങ്ങള്‍, തൊഴിലാളികള്‍ എന്നിവ സംബന്ധിച്ച് കരുതല്‍ നടപടികള്‍ തുടരുന്നുണ്ട്. കൊയ്ത്തിന് കൊണ്ടുവരുന്ന യന്ത്രങ്ങളുടെയും കോണ്‍ട്രാക്ടര്‍മാര്‍, ഓപറേറ്റര്‍, തൊഴിലാളികള്‍ എന്നിവരുടെയും വിശദാംശങ്ങള്‍ കൃഷിഭവന് തലത്തില്‍ ശേഖരിച്ചുവരുന്നു. തൊഴിലാളികളുടെ കോവിഡ് മാര്‍ഗരേഖ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ പഞ്ചായത്ത് തലത്തില്‍ കൃഷി ഓഫിസര്‍, പാടശേഖര സമിതികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി രൂപവത്കരിച്ചിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന കൊയ്ത്ത് യന്ത്രങ്ങള്‍ അണുമുക്തമാക്കാന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊയ്ത്ത് യന്ത്രം അണുമുക്തമാക്കുന്നത് സംബന്ധിച്ച് ജില്ല ഫയര്‍ സ്റ്റേഷന് മുഖേന കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയര്‍ 12 പേര്‍ക്ക് പരിശീലനം നല്‍കുകയും കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍മാരുടെ ആവശ്യാനുസരണം സേവനം ലഭ്യമാക്കുകയും ചെയ്ത് വരുന്നു.
യന്ത്രങ്ങള്‍ അണുമുക്തമാക്കാനാവശ്യമായ രാസപദാർഥങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കുന്നുണ്ട്.കലക്ടറുടെ നിര്‍ദേശാനുസരണം കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച് കൃഷിഭവന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പാടശേഖര സമിതി പ്രതിനിധികള്‍, ഏജൻറുമാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കായി യോഗം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.