പാലക്കാട് പൊസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ നിയന്ത്രണം കടുപ്പിച്ചു
text_fieldsപാലക്കാട്: കോവിഡ് രോഗബാധ ടി.പി.ആർ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്) 40 ശതമാനത്തിൽ കൂടുതൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. ഇതുപ്രകാരം ഷോളയൂർ, അനങ്ങനടി, വല്ലപ്പുഴ, ആനക്കര, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല, എലപ്പുള്ളി, കൊടുവായൂർ, പല്ലശ്ശന, വടവന്നൂർ, കോങ്ങാട്, കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, പരുതൂർ, വിളയൂർ, കണ്ണാടി, കോട്ടായി, മാത്തൂർ, പെരിങ്ങോട്ടുകുറിശ്ശി, തേങ്കുറിശ്ശി, മങ്കര, പിരായിരി, കാവശ്ശേരി, അയിലൂർ, നെന്മാറ എന്നീ പഞ്ചായത്തുകളിലും മണ്ണാർക്കാട്, പട്ടാമ്പി എന്നീ നഗരസഭകളിലും കടകളുടെ പ്രവർത്തന സമയം തിങ്കളാഴ്ച മുതൽ രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ടുവരെ മാത്രമാക്കാനും തീരുമാനമായി. ഇത് നടപ്പാക്കആനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
ഇൗ നിയന്ത്രണങ്ങൾക്ക് പുറമേ കടകളിലും മറ്റു സ്ഥാപനങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തദ്ദേശ സ്ഥാപന അധികൃതർ, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവർ സ്വമേധയാ തീരുമാനിക്കുന്നുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട ഡിവൈ.എസ്.പി, സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവരെ അറിയിച്ച് നടപ്പിൽ വരുത്താം. ഇത്തരം സ്ഥലങ്ങളിൽ കണ്ടെയ്ൻമെൻറ് സോണുകൾ നിലവിലുണ്ടെങ്കിൽ ആ നിയന്ത്രണങ്ങൾ കൂടി ഇവിടെ ബാധകമായിരിക്കും.
തിങ്കളാഴ്ച മുതൽ 19 വരെ കോമോർബിഡിറ്റി സർട്ടിഫിക്കറ്റ് ലഭിച്ച 18 മുതൽ 44 വയസ്സ് വരെയുള്ളവർക്ക് വാക്സിനേഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വാക്സിനേഷൻ ആരംഭിക്കുന്ന ദിവസം മുതൽ സെൻററുകളിൽ തിരക്ക് അനുഭവപ്പെടാത്ത വിധത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ല പൊലീസ് മേധാവിക്ക് ചുമതല നൽകി.
ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോൾ, ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ്, എ.ഡി.എം എൻ.എം. മെഹറലി, ജില്ല മെഡിക്കൽ ഓഫിസർ കെ.പി. റീത്ത എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.