പെയ്തൊഴിയാതെ പാലക്കാട്; 282 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
text_fieldsപാലക്കാട്: ദിവസങ്ങളായി തുടരുന്ന മഴയിൽ വലഞ്ഞ് ജില്ല. ജില്ലയില്‍ ആകെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 108 കുടുംബങ്ങളിലെ 282 പേരെ മാറ്റിപാർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8.30 വരെ ശരാശരി 71 മില്ലിമീറ്റർ മഴ ലഭിച്ചതായി മുണ്ടൂർ ഐ.ആർ.ടി.സി അധികൃതർ അറിയിച്ചു. നീരൊഴുക്ക് വർധിച്ചതിനാൽ ഡാമുകളിൽനിന്ന് ജലം പുറത്തേക്കൊഴുക്കുന്നത് തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകൾ 10 സെന്‍റിമീറ്റർ വീതം ഉയർത്തി.
കൊല്ലങ്കോട് മേഖലയിൽ മഴയുടെ ശക്തികുറഞ്ഞിട്ടുണ്ട്. നെൽപ്പാടങ്ങളിലെയും കൃഷിസ്ഥലങ്ങളിലെയും വെള്ളക്കെട്ട് താഴ്ന്നു. പാലങ്ങൾ മുങ്ങി ഗതാഗതം തടസ്സപ്പെട്ടിരുന്ന ചാത്തമംഗലം, കോഴിക്കോട് പാലങ്ങളിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു.
ചിറ്റൂർ താലൂക്കിലെ നെല്ലിയാമ്പതി പാടഗിരി പാരിഷ് പള്ളിയിൽ 12 കുടുംബങ്ങളിലെ 29 പേരെയും കയറാടി വില്ലേജിലെ വീഴ്ലിയിൽ ചെറുനെല്ലിയിൽനിന്നുള്ള ഏഴ് കുടുംബങ്ങളിലെ 17 പേരെ ട്രൈബൽ ഡിപ്പാർട്ട്മെന്റ് നിർമിച്ച മൂന്ന് വീടുകളിലും മാറ്റിപാർപ്പിച്ചു. മണ്ണാർക്കാട് താലൂക്ക് പൊറ്റശ്ശേരി വില്ലേജ് ഒന്നിൽ സർക്കാർ ഹൈസ്കൂളിൽ 37 കുടുംബങ്ങളിലെ 105 പേരെയും പൊറ്റശ്ശേരി വില്ലേജ് ഒന്നിൽ പുളിക്കൽ ഗവ. യു.പി സ്കൂളിൽ 30 കുടുംബങ്ങളിലെ 82 പേരെയും പാലക്കയം പാമ്പൻതോട് അംഗൻവാടിയിൽ രണ്ട് കുടുംബങ്ങളിലെ എട്ടുപേരെയും പൊറ്റശ്ശേരി വില്ലേജ് ഒന്നിൽ പാമ്പൻതോട് ഹെൽത്ത് സെന്ററിൽ അഞ്ച് കുടുംബങ്ങളിലെ 11 പേരെയും ആലത്തൂർ താലൂക്ക് കിഴക്കഞ്ചേരി വില്ലേജ് രണ്ടിൽ ഓടൻതോട് സെന്റ് ജൂഡ് ചർച്ചിൽ എട്ട് കുടുംബങ്ങളിലെ 11 പേെരയും മാറ്റിപാർപ്പിച്ചു.
ആശങ്കയിൽ അട്ടപ്പാടി ചുരം
മഴ കനത്തതോടെ അട്ടപ്പാടി ചുരം റോഡിൽ അപകടഭീഷണി. ചുരത്തിലെ നാലും അഞ്ചും വളവിന് ഇടയിൽ റോഡിന്റെ അരിക് ഇടിഞ്ഞ ഭാഗത്ത് നിർമിച്ച ഗാബിയോൺ കരിങ്കൽഭിത്തി വെള്ളം ഒലിച്ചിറങ്ങിയതോടെ ഒരുഭാഗത്തേക്ക് തള്ളിനിൽക്കുകയാണ്. 98 ലക്ഷം രൂപ ചെലവിട്ട് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മാസമാണ് ഇവിടെ നിർമാണം പൂർത്തിയാക്കിയത്. 40 മീറ്റർ നീളത്തിലും പല തട്ടുകളിലായി 25 മീറ്ററിലധികം ഉയരത്തിലുമായി നിർമിച്ച കെട്ടിന്റെ ഒരു ഭാഗമാണ് മണ്ണിടിച്ചിൽ ഭീഷണിയാകുന്നത്. മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച് വെള്ളം ഇറങ്ങുന്നത് തടയാൻ ശ്രമിച്ചിട്ടുണ്ട്. കാരറ ആനഗദ്ദ തോട്ടത്തിൽ കമലം സുന്ദരന്റെ (തത്തക്കുട്ടി) വീട് മരം വീണ് പൂർണമായി തകർന്നു. പാക്കുളത്ത് വിനോദിന്റെ വീടിന് മുകളിൽ മരംവീണു. കുടുംബം പരിക്കില്ലാതെ രക്ഷപ്പെട്ടു.
ആനക്കല്ല് ചെമ്മണ്ണൂർ റോഡിൽ വൈദ്യുതിതൂൺ വീണ് ഗതാഗതം തടസ്സപ്പെട്ടു. ചിറ്റൂർ പോത്തുപ്പാടിയിലും മഴയിൽ വൈദ്യുതി തൂൺ വീണു. ഷോളയൂർ പഞ്ചായത്ത് കുറവൻപാടി വാർഡിലെ 10 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. വാർധക്യ സഹജമായ അസുഖങ്ങളുള്ള അഞ്ച് പേരെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മുൻകരുതലിന്റെ ഭാഗമായി മാറ്റി. ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമലശ്രീ, തഹസിൽദാർ പി.എ. ഷാനവാസ്, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ, അട്ടപ്പാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ. മാത്യു, ഷോളയൂർ പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ, പഞ്ചായത്തംഗങ്ങളായ സിനി മനോജ്, ജി. രാധാകൃഷ്ണൻ, അനിത ജയൻ എന്നിവർ ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.