മൊത്തം ഇരുട്ടാണ്
text_fieldsഅപകടം പതിയിരുന്ന് കണ്ണന്നൂർ കടവ് പുഴപ്പാത
കൊല്ലങ്കോട്: വെളിച്ചമില്ലാതെ പല്ലശ്ശന കണ്ണന്നൂർ കടവ് പുഴപ്പാത. ഗായത്രി പുഴക്ക് കുറുകെ കണ്ണന്നൂർക്കടവിൽ പുതിയ പാലം നിർമിക്കുന്നതിനാൽ താൽക്കാലികമായി പുഴയിൽ നിർമിച്ച പാതയിൽ രാത്രി തെരുവ് വിളക്ക് സ്ഥാപിക്കാത്തത് യാത്രക്കാർക്ക് ദുരിതമായി. പുഴക്ക് കുറുകെ സിമന്റ് പൈപ്പുകൾ സ്ഥാപിച്ച് അതിന് മുകളിൽ മണ്ണിട്ടാണ് റോഡ് നിർമിച്ചിട്ടുള്ളത്. മഴ ശക്തമാകുന്നതിനാൽ ഗായത്രി പുഴയിൽ നീരൊഴുക്ക് രാത്രി വർധിച്ചാൽ യാത്രക്കാർക്ക് ദുരിതമാകും.
കഴിഞ്ഞ വർഷം മഴക്കാലത്ത് പുഴക്കകത്തുള്ള പാത വെള്ളത്തിൽ മുങ്ങിയിരുന്നു. കൂടാതെ ഇതുവഴി രാത്രി കടന്നുപോയ സർക്കാർ ജീവനക്കാരിയെ ആക്രമിച്ച് പണം തട്ടിയെടുക്കാനുള്ള ശ്രമവും ഉണ്ടായി. പാതയുടെ രണ്ട് ഭാഗത്തും തെരുവ് വിളക്ക് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വെളിച്ചമില്ലാതെ പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡും ഓട്ടോ സ്റ്റാൻഡും
പാലക്കാട്: നഗരസഭ സ്റ്റേഡിയം സ്റ്റാൻഡ് മാത്രമല്ല, സ്റ്റാൻഡിന് മുൻവശത്തെ ഓട്ടോ സ്റ്റാൻഡും കാലങ്ങളായി ഇരുട്ടിലാണ്. സന്ധ്യമയങ്ങുന്നതോടെ യാത്രക്കാർ ഓട്ടോ കയറണമെങ്കിൽ മൊബൈലിന്റെയോ വണ്ടിയിൽനിന്നോ ഉള്ള വെളിച്ചമാണ് ആശ്രയം. ലോക ബാങ്ക് പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച ഓട്ടോ സ്റ്റാൻഡ് പ്രവൃത്തി പൂർത്തിയാക്കി 2017 ജൂലൈ 13നാണ് തുറന്നുകൊടുത്തത്. എന്നാൽ, നാളിതുവരെ വെളിച്ചത്തിനുള്ള സംവിധാനമില്ല. സ്റ്റാൻഡിന് മുന്നിലെ വിളക്കുകളും ഹൈമാസ്റ്റ് വിളക്കും കണ്ണടച്ചതോടെ മുൻവശം ഇരുട്ടിലായി.
രാപകലന്യേ ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന സ്റ്റേഡിയം സ്റ്റാൻഡിൽ ഓട്ടോറിക്ഷയെ ആശ്രയിക്കുന്ന യാത്രക്കാരുമേറെയാണ്. ഒരേസമയം ഇരുപതിലധികം ഓട്ടോറിക്ഷകൾക്ക് രണ്ടുവരിയായി നിർത്തിയിടാനുള്ള സ്ഥല സംവിധാനമാണിവിടെയുള്ളത്. ഡ്രൈവർമാർക്കും യാത്രക്കാർക്കും ഏറെ ഗുണകരമായ ഓട്ടോ സ്റ്റാൻഡിൽ സന്ധ്യമയങ്ങിയാൽ വെളിച്ചം ലഭിക്കാൻ സൗകര്യമൊരുക്കണമെന്നാണ് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.