‘അടിയൊഴുക്കിന്റെ’ അകലത്തിൽ വ്യക്തതയില്ലാതെ പാലക്കാട്
text_fieldsപാലക്കാട്: അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം അവകാശപ്പെടുന്നുണ്ടെങ്കിലും ഇനിയും വ്യക്തതയില്ലാത്ത ‘അടിയൊഴുക്കിന്റെ’ അകലം, ബൂത്തുതല വോട്ട് നിലയുൾപ്പെടെ വിലയിരുത്തിയ ശേഷവും പാലക്കാട്ട് ഇടത്- വലത് മുന്നണികളെ ആശങ്കയിലാക്കുന്നു. ഭരണവിരുദ്ധ വികാരവും അഞ്ച് വർഷത്തെ മണ്ഡല പരിചയവും യു.ഡി.എഫിന്റെ വി.കെ. ശ്രീകണ്ഠന് ആത്മവിശ്വാസമേകുമ്പോൾ മണ്ഡലത്തിലെ ഇടതുപക്ഷ മേൽക്കൈ വോട്ടാക്കി മാറ്റാനായെന്ന വിലയിരുത്തലിലാണ് എ. വിജയരാഘവന്റെ ഇടത് ക്യാമ്പ്.
ക്യൂ നീണ്ടതിനാൽ പലരും തിരിച്ചുപോയതും, പ്രവാസി വോട്ടിലുണ്ടായ കുറവും, ഇരട്ടവോട്ടുകൾ കയറിക്കൂടിയതുമൊക്കെ പോളിങ് കുറയാനിടയാക്കി.
ഈ കുറവിനിടയിലും തങ്ങളുടെ പരമാവധി വോട്ടുകൾ വീണിട്ടുണ്ടെന്ന് ആവർത്തിച്ചുറപ്പിക്കുന്നു സി.പി.എം. എം.പി സ്ഥാനത്തേക്ക് മത്സരിക്കുന്ന സി.പി.എമ്മിന്റെ ഏക പോളിറ്റ് ബ്യൂറോ അംഗമായതിനാൽ എ. വിജയരാഘവന് വേണ്ടി പാർട്ടി മെഷിനറി അത്ര മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുമുണ്ട്. എന്നാൽ, ജനത്തിന് തന്നിലുള്ള വിശ്വാസം വോട്ടായി മാറുമെങ്കിൽ കഴിഞ്ഞ തവണത്തെ വിജയ വോട്ടിനേക്കാൾ നാലിരട്ടി വോട്ട് നേടുമെന്ന് വി.കെ. ശ്രീകണ്ഠൻ പറയുന്നു.
അരലക്ഷം വോട്ടുകൾ ഇരുമുന്നണികളും അവകാശപ്പെടുന്നുണ്ടെങ്കിലും വലിയ ഭൂരിപക്ഷം ഇരുപക്ഷത്തിനുമുണ്ടാവില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ശ്രീകണ്ഠന്റെ ജയം നിർണയിച്ച വോട്ടുകളേക്കാൾ എത്രയോ അധികം പുതുവോട്ടർമാരെ തങ്ങൾ ചേർത്തിട്ടുണ്ടെന്ന് സി.പി.എം ആത്മവിശ്വാസത്തോടെ പറയുന്നു. ശതമാനം നോക്കിയാൽ 2009, 2014 തെരഞ്ഞെടുപ്പിലെ ശതമാനക്കണക്കിനൊപ്പമാണ് ഇത്തവണത്തെ വോട്ടിങ് നില (യഥാക്രമം 73.5, 73.25). ഇടതുപക്ഷത്തോടൊപ്പം നിന്ന തെരഞ്ഞെടുപ്പ് ഫലമായിരുന്നു അവ.
ഇത്തവണ പട്ടാമ്പി തങ്ങൾക്കൊപ്പമാണെന്നാണ് എൽ.ഡി.എഫ് ഉറച്ച് വിശ്വസിക്കുന്നത്. തങ്ങൾക്ക് നിർണായകമായ മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ ഭൂരിപക്ഷമായ 29,625 വോട്ടിനേക്കാൾ കൂടുതൽ വോട്ട് തങ്ങൾക്കുറപ്പാണെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു. ഇതിനെ ഷൊർണൂർ, ഒറ്റപ്പാലം, മലമ്പുഴ, കോങ്ങാട് മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തിലൂടെ മറികടക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം. ഇടതുകോട്ടയായ മലമ്പുഴ മണ്ഡലത്തിൽ അഞ്ച് ശതമാനം വോട്ടിന്റെ കുറവുണ്ടായി.
പോളിങ്ങിൽ ഏറ്റവും കുറവ് പാലക്കാട് മണ്ഡലത്തിലായിരുന്നെന്നത് വി.കെ. ശ്രീകണ്ഠന്റെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. ബി.ജെ.പി കൂടുതൽ വോട്ട് നേടുമെന്നുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലത്തിലെ വോട്ട് കുറവ് യു.ഡി.എഫിനെയാണ് ബാധിക്കുക.
വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂർത്തിയായി
രാവിലെ എട്ടിന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും
പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ ഗവ. വിക്ടോറിയ കോളജില്‍ ഒരുക്കങ്ങൾ പൂർത്തിയായതായി കലക്ടർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പാലക്കാട് ലോക്സഭ മണ്ഡലത്തിലുള്‍പ്പെട്ട പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലുള്‍പ്പെട്ട 1329 വീതം പോളിങ് സ്റ്റേഷനുകളിലേത് വിക്ടോറിയ കോളജിലെ പുതിയ ബ്ലോക്കിലും ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍, ചേലക്കര, കുന്നംകുളം, വടക്കഞ്ചേരി നിയമസഭ മണ്ഡലങ്ങളിലെ 1156 പോളിങ് സ്റ്റേഷനുകളിലേത് പഴയ ബ്ലോക്കിലുമായി എണ്ണും.
പാലക്കാട് പത്തും ആലത്തൂര്‍ അഞ്ചും സ്ഥാനാർഥികളാണുള്ളത്. നാലിന് രാവിലെ എട്ടിന് പോസ്റ്റല്‍ ബാലറ്റുകളാവും ആദ്യം എണ്ണിത്തുടങ്ങുക. തുടര്‍ന്ന് സ്ഥാനാർഥികളെയോ സ്ഥാനാർഥി പ്രതിനിധികളെയോ സാക്ഷിയാക്കി സ്ട്രോങ് റൂമുകളുടെ സീലിങ് നീക്കി വോട്ടിങ് മെഷീനുകള്‍ വോട്ടെണ്ണല്‍ ഹാളുകളിലെത്തിച്ച് മേശകളില്‍ സജ്ജീകരിച്ച് 8.30 മുതല്‍ എണ്ണാന്‍ തുടങ്ങും.
പാലക്കാട് ലോക്സഭ മണ്ഡലത്തിന്റെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ക്കായി ഏഴ് വോട്ടെണ്ണല്‍ ഹാളുകളാണുള്ളത്. ഓരോ വോട്ടെണ്ണല്‍ ഹാളുകളിലും 14 മേശകള്‍ വീതം മൊത്തം 98 മേശകള്‍ സജ്ജീകരിക്കും. ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിന്റെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ക്കായി 11 കൗണ്ടിങ് ഹാളുകളുകളിലായി 91 മേശകള്‍ സജ്ജീകരിക്കും.
ഓരോ വോട്ടെണ്ണല്‍ ഹാളുകളിലും ആദ്യത്തെ മേശ വി.വി.പാറ്റ് കൗണ്ടിങ് ബൂത്തായി വേര്‍തിരിച്ച് സജ്ജീകരിച്ചിരിക്കും. അവക്കകത്തായിരിക്കും വി.വി.പാറ്റ് സ്ലിപ്പുകള്‍ എണ്ണുക. ഓരോ നിയമസഭ മണ്ഡലത്തിലും നറുക്കിട്ടെടുക്കുന്ന അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വി.വി.പാറ്റ് മെഷീനുകളിലുള്ള സ്ലിപ്പുകള്‍ വി.വി.പാറ്റ് കൗണ്ടിങ് ബൂത്തില്‍ എണ്ണും.
പോസ്റ്റല്‍ ബാലറ്റ്, ഇ.വി.എം, പിന്നെ വി.വി.പാറ്റ് സ്ലിപ് എന്നിങ്ങനെയാണ് എണ്ണുന്നതിനുള്ള ക്രമം. ഏതെങ്കിലും കാരണവശാല്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ നീണ്ടുപോകുന്ന പക്ഷം ഇ.വി.എമ്മിന്റെ അവസാന റൗണ്ട് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ച് പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം മാത്രമാവും ഇ.വി.എമ്മിന്റെ അവസാന റൗണ്ട് വോട്ടെണ്ണല്‍ പുനരാരംഭിക്കുകയുള്ളൂ.
ഓരോ ടേബിളിനുമായി കൗണ്ടിങ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് എന്നിവര്‍ക്കു പുറമെ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ടാകും. ഓരോ ഹാളിനുമായി അതത് മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ ചുമതലയിലുണ്ടാകും. വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ണമായും വിഡിയോ ചിത്രീകരണം നടത്തും. വോട്ടെണ്ണല്‍ ഫലം തത്സമയമറിയാല്‍ അതോറിറ്റി ലെറ്റര്‍ ഉളള മാധ്യമപ്രവര്‍ത്തകര്‍ക്കായി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പി.ആര്.ഡിയുടെ മേല്‍നോട്ടത്തില്‍ മീഡിയ സെന്ററും സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.