എടാ ഉണ്ണിയേ.. നങ്ങ ജോറാണ് ട്ടോളീൻ; പാലക്കാടൻ ഭാഷയെ വൈറലാക്കി ‘തൂമകണ്ണൻ’
text_fieldsപാലക്കാട്: ആവൂ.. എന്താണ്ടാ ഉണ്ണിയേ.. എന്ന് കേട്ടാൽ തിരിഞ്ഞുനോക്കാത്ത പാലക്കാട്ടുകാരുണ്ടാവില്ല. എവിടെനിന്ന് കേട്ടാലും പാലക്കാട്ടുകാരാണെന്ന് തിരിച്ചറിയാൻ പറ്റുന്ന ഈ ശൈലി ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്, തൂമകണ്ണൻ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ. കുഴൽമന്ദം ബി.എസ്.എൻ.എല്ലിൽ ടെക്നിക്കൽ ജീവനക്കാരനായ കെ. ആകാശ്, എക്സൈസ് ആലത്തൂർ റെയ്ഞ്ചിൽ സി.ഇ.ഒ ആയ വി.ആർ. ലിൻഡേഷ്, അഗ്നിരക്ഷാസേന ആലത്തൂർ യൂനിറ്റിലെ ഫയർമാൻ ആർ. അജീഷ്, കല്ലേക്കാട് എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ ബി. രാജീവ് എന്നിവരാണ് പാലക്കാടൻ ഗ്രാമങ്ങളിലെ തനിനാടൻ കഥാപാത്രങ്ങളെ അതിർത്തിക്കപ്പുറം വൈറലാക്കിയത്.
എരിമയൂരിലെ ജിമ്മിൽനിന്നാണ് ഇവരുടെ സൗഹൃദം ആരംഭിക്കുന്നത്. വിഡിയോ എഡിറ്റിങ്ങിലും മറ്റും താൽപര്യമുള്ള ആകാശ് ഇവരൊന്നിച്ചുള്ള യാത്രകളുടെ വിഡിയോ ചെയ്യുമായിരുന്നു. ഇത് കണ്ട അജീഷാണ് ഓൺവോയ്സിൽ സ്വന്തമായി വിഡിയോ എന്ന ആശയം മുന്നോട്ടുവച്ചത്. പാലക്കാടൻ ഭാഷയിൽ എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞത് ആകാശാണ്. ഒരു വർഷം മുമ്പ് എരിമയൂരിലെ ചുട്ടുപൊള്ളുന്ന ചൂടിനെ അടിസ്ഥാനമാക്കി പാലക്കാടൻ ഭാഷയിൽ വിഡിയോ ചെയ്തു. രണ്ട് ദിവസത്തിനകം നാലുലക്ഷത്തോളം പേർ വിഡിയോ കണ്ടു.
ജില്ലക്കകത്തുനിന്നും പുറത്തുനിന്നും ധാരാളം അഭിനന്ദനങ്ങൾ ലഭിച്ചു. ഇതിന് തുടർച്ചയായി ഇറക്കിയ രണ്ടുമൂന്ന് വിഡിയോകളും കൂടി ക്ലിക്ക് ആയതോടെ പാലക്കാടൻ ഭാഷയിൽ കണ്ടന്റ് ക്രിയേറ്റർമാരാകാൻ നാലുപേരും അരക്കിട്ടുറപ്പിച്ചു. പാലക്കാടൻ പേര് തന്നെ വേണം എന്ന നിർബന്ധത്തിലാണ് തൂമകണ്ണൻ പിറന്നത്. നാലുപേരുടെയും ജോലി സമയം ക്രമീകരിച്ചും ഓഫ് ദിവസങ്ങളിലുമാണ് ഷൂട്ടിങ്. പാലക്കാടൻ മുത്തി, തൊഴിലുറപ്പ് തൊഴിലാളികൾ, വേല, തെരഞ്ഞെടുപ്പ് ബോധവത്കരണം തുടങ്ങി നിരവധി വിഡിയോകൾ ഇതിനോടകം ചെയ്തു.
കണ്ടന്റുകളുടെ സ്ക്രിപ്റ്റും വിഡിയോ എഡിറ്റിങ്ങും ആകാശാണ് ചെയ്യാറുള്ളത്. നാലുപേരും കാമറ പ്രവർത്തിപ്പിക്കും. ഇൻസ്റ്റഗ്രാമിൽ 57,000 ത്തോളവും ഫേസ്ബുക്കിൽ 30,000ത്തോളവും ഫോളോവേഴ്സ് ഉണ്ട്. ഇവർക്ക് പുറമേ ലിൻഡേഷിന്റെ ഭാര്യ പ്രിസ്മയും അജീഷിന്റെ ഭാര്യ ഷീനയും ഇടക്ക് പ്രത്യക്ഷപ്പെടാറുണ്ട്.
എക്സൈസ് പരിശോധനക്ക് പോകുമ്പോൾ തൂമകണ്ണന്റെ ആരാധകരായ പ്രതികളെ പിടികൂടിയതും കിണറ്റിൽ ചാടിയ ആളെ രക്ഷിക്കാൻ പോയപ്പോൾ ഫോളോവറാണെന്ന് അറിഞ്ഞതുമെല്ലാം ലിൻഡേഷിന്റെയും അജീഷിന്റെയും രസകരമായ അനുഭവങ്ങളാണ്. കുടുംബങ്ങളിൽനിന്നും സഹപ്രവർത്തകരിൽനിന്നുമെല്ലാം പിന്തുണയുണ്ടെന്ന് നാലുപേരും പറയുന്നു. അന്യജില്ലക്കാരും ഗൾഫ് രാജ്യങ്ങളിലുള്ളവരും മികച്ച പിന്തുണ നൽകുന്നതായും തൂമകണ്ണൻ ടീം അംഗങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.