മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അേക്വറിയം 16 മുതൽ പാലക്കാട്
text_fieldsപാലക്കാട്: ആഴക്കടലിന്റെ വിസ്മയക്കാഴ്ചയൊരുക്കി മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയം വെള്ളിയാഴ്ച മുതൽ പാലക്കാട് ഇന്ദിരഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ. കടലിലെ ഏറ്റവും ചെറിയ മത്സ്യം മുതൽ മനുഷ്യനോളം വലുപ്പമുള്ള മത്സ്യങ്ങളുടെ അപൂർവ കടൽക്കാഴ്ചകളുള്ള അക്വേറിയം 16ന് വൈകീട്ട് അഞ്ചിന് ചലച്ചിത്ര നടി നൈല ഉഷ ഉദ്ഘാടനം ചെയ്യും. 10 കോടി രൂപ ചിലവിൽ മറൈൻ വേൾഡ് ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡബ്ൾ ഡെക്കർ അണ്ടർ വാട്ടർ ടണൽ അക്വേറിയമാണിത്.
ആഴക്കടലിലെ ചെകുത്താൻ ആംഗ്ലൂർ ഫിഷ് പ്രവേശന കവാടത്തിൽ സന്ദർശകരെ സ്വീകരിക്കും. അംഗ്ലൂർ മീനിന്റെ വായ്ക്കകത്ത് കൂടി കയറി കടലിനടിയിലൂടെ നടക്കാനാകുന്ന അപൂർവ അവസരമാണ് കൈവരുന്നത്. ലക്ഷക്കണക്കിന് ലിറ്റർ വരുന്ന വെള്ളത്തിനടിയിലൂടെ നടന്ന് മനുഷ്യനും മത്സ്യങ്ങളും തമ്മിൽ സല്ലപിക്കുന്നതും ആഴക്കടലിലെ അത്ഭുത കഥകളിൽ നമ്മൾ അറിഞ്ഞിട്ടുള്ള ചെറുചിറകുകൾ ഉള്ള മത്സ്യകന്യകയെ നേരിൽ കാണാനുള്ള അപൂർവ അവസരം ഒരുക്കിയിട്ടുള്ളതായി സംഘാടകർ പറഞ്ഞു. 80 കിലോ ഭാരമുള്ള ആരപൈമ, പാലുപോലെ വെളുത്ത അലിഗേറ്റർ വലിയ പിരാനകൾ എന്നിവയെല്ലാം തലയ്ക്കു മുകളിലൂടെ ഊളിയിട്ടു നീങ്ങുന്നത് കാണാം.
മുതിർന്നവർക്കും കുട്ടികൾക്കുമായി ഹൈടെക് അമ്യൂസ്മെന്റ് റൈഡുകളും ഒരുക്കിയിട്ടുണ്ട്. ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള തുണിത്തരങ്ങളുടെ വമ്പിച്ച വിറ്റഴിക്കൽ മേളയും ഇതോടൊപ്പം തയാറാവും.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള രുചിയൂറും വിഭവങ്ങളുമായി ഫുഡ് കോർട്ടും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രവേശന ഫീസ് അഞ്ചു വയസ്സ് മുതൽ 150 രൂപ. അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 10 വരെയും മറ്റു ദിവസങ്ങളിൽ ഒന്നു മുതൽ രാത്രി 10 വരെയുമാണ് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.