'15 ഓളം പേർ കൂടിനിൽക്കുന്നു, ഒരാളെ തല്ലുന്നു, എല്ലാരും പോയപ്പോൾ അയാൾ വീണുകിടക്കുന്നു' -വെളിപ്പെടുത്തലുമായി ആൾക്കൂട്ട കൊലപാതകത്തിന്റെ ദൃക്സാക്ഷികൾ
text_fieldsപാലക്കാട്: ഒലവക്കോട് യുവാവിനെ മർദിച്ചുകൊന്നസംഭവത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. പതിനഞ്ചോളം പേര്‍ കൂടിനിന്നാണ് റഫീഖിനെ മര്‍ദിച്ചതെന്നും ഏതാനും സമയത്തിനകം തന്നെ യുവാവ് താഴെ വീണുവെന്നും ദൃക്സാക്ഷിയായ ബിനു പറഞ്ഞു.
'രാത്രി 12 മണിയോടെ ബഹളം കേട്ടു. മുകളിൽനിന്ന് നോക്കിയപ്പോൾ 10-15 പേർ കൂടിനിന്ന് ഒരാളെ അടിക്കുന്നുണ്ടായിരുന്നു. അവരൊക്കെ പോയപ്പോൾ അയാൾ നിലത്തുവീണ് കിടക്കുന്നത് കണ്ടു. അപ്പോള്‍ത്തന്നെ പൊലീസിനെ വിളിച്ചു. അവര് വന്നു. അടിയേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മർദിച്ചവരുടെ കൈയ്യിൽ വടിയൊന്നും കണ്ടില്ല" - ബിനു പറഞ്ഞു.
വീണുകിടക്കുന്ന റഫീഖ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് കരുതുന്നതെന്ന് മറ്റൊരു ദൃക്സാക്ഷിയായ ഹക്കീം മാധ്യമങ്ങളോട് പറഞ്ഞു. 'ഒലവക്കോട് സാഗർ ഹോട്ടലിൽ ഇരിക്കുന്നതിനിടെ കുറച്ചാളുകൾ കൂട്ടത്തോടെ വരുന്നത് കണ്ടു. ഞാൻ അവരുടെ പുറകിൽ പോയി. രണ്ടുമിനിട്ട് കൊണ്ട് അവരെയൊക്കെ കാണാതായി. പോയി നോക്കിയപ്പോൾ ഒരു യുവാവ് കിടക്കുന്നു. ലക്ഷണം കണ്ടിട്ട് മരിച്ചത് പോലെ തോന്നി. അപ്പോൾ തന്നെ നോർത്ത് എസ്.ഐയെ വിളിച്ച് ഇങ്ങനെ ഒരു സംഭവം നടന്നതായും മരിച്ചതായി ലക്ഷണമുണ്ടെന്നും പൊലീസിനോട് പറഞ്ഞു. അപ്പോഴേക്കും അക്രമി സംഘത്തിലെ മൂന്നുപേർ ഇതുവഴി തിരിച്ചുവന്നു. ഞാൻ ബൈക്കുമായി അവരുടെ അടുത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചിട്ട് പോയാൽ മതി എന്ന് പറഞ്ഞ് അവരെ തടഞ്ഞുവെച്ചു. 10 മിനിട്ട് കൊണ്ട് പൊലീസ് എത്തി. പ്രതികളെയും പരിക്കേറ്റയാളെയും പൊലീസ് ജീപ്പിൽ കയറ്റി ജില്ലാ ആശുപത്രിയിലേക്ക് പോയി. വീണ് കിടക്കുന്നത് കണ്ടപ്പോൾ തന്നെ ദയനീയാവസ്ഥയിലായിരുന്നു. മരിച്ചതായി തോന്നി. കാണുമ്പോൾ സങ്കടമായി..' -ഹക്കീം പറഞ്ഞു.
മലമ്പുഴ കടുക്കാംകുന്നം സ്വദേശിയായ റഫീഖ് (27) ആണ് ഇന്ന് പുലർച്ചെ ഒലവക്കോട് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ മുണ്ടൂര്‍ കുമ്മാട്ടി ഉത്സവത്തിൽ പങ്കെടുത്ത മടങ്ങിയ സംഘം ബാറിൽ കയറി മദ്യപിച്ച് ഇറങ്ങിയപ്പോൾ ബൈക്ക് കാണാതായതാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശന സ്വദേശി സൂര്യ എന്നിവരെ പാലക്കാട് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപിക്കാൻ ബാറിൽ കയറിയ മൂന്നംഗ സംഘം പുറത്തിറങ്ങിയപ്പോൾ ബൈക്ക് കാണാതാവുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബൈക്കുമായി ഒരാൾ ബൈക്ക് തള്ളിക്കൊണ്ടുപോവുന്നതു ശ്രദ്ധയിൽപെട്ടു. തെരച്ചിലിനിടെ സി.സി.ടി.വി ദൃശ്യങ്ങളിലേതിന് സമാനമായ വസ്ത്രം ധരിച്ച റഫീഖിനെ ഇവർ കണ്ടു. തുടർന്ന് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ബാറില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് പ്രതികള്‍ റഫീഖിനെ മര്‍ദിച്ചത്. റഫീഖ് അടിയേറ്റ് ബോധരഹിതനായതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാർ തടഞ്ഞുനിർത്തി. പൊലീസെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.