തടസ്സം നീങ്ങി പാലക്കാട്ട് വരും, ആധുനിക അറവുശാല
text_fieldsപാലക്കാട്: നഗരസഭയിൽ കിഫ്ബി സഹായത്തോടെ സ്ഥാപിക്കുന്ന ആധുനിക അറവുശാലയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സം നീക്കിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ടത്. നിലവിൽ അറവുശാല പ്രവർത്തിക്കുന്ന 142 സെന്റ് സ്ഥലം റവന്യൂ വകുപ്പിൽനിന്ന് തുടർന്നും ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടുള്ള ഈ നടപടികൾക്ക് സമാന്തരമായി, നിർമാണത്തിന് ആവശ്യമായ എല്ലാ അനുമതികളും ലഭ്യമാക്കണം. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാകുമ്പോൾ തന്നെ പ്രവൃത്തി തുടങ്ങാനാവണമെന്നും മന്ത്രി നിർദേശിച്ചു. 2022ലാണ് ആധുനിക അറവുശാല ഒരുക്കാൻ 11.51 കോടി രൂപക്ക് കിഫ്ബി പദ്ധതി തയാറാക്കിയത്.
സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പദ്ധതി മുന്നോട്ടുപോകാത്ത ഘട്ടത്തിലാണ് മന്ത്രിതലത്തിലെ നിർണായക ഇടപെടൽ. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
കാലപ്പഴക്കമുള്ള നിലവിലെ അറവുശാല കെട്ടിടം പൊളിച്ചാകും പുതിയ അറവുശാല പണിയുന്നത്. പ്രവർത്തന രഹിതമായ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റും പുതുക്കി സ്ഥാപിക്കും. അറവുശാലക്ക് സമീപം നിർമിച്ച് ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടം ബയോ കമ്പോസ്റ്റ്, റെൻഡറിങ് പ്ലാന്റ് സൗകര്യങ്ങൾക്കായി മാറ്റിയെടുക്കും.
ആധുനിക നിലവാരത്തിലുള്ള അറവുശാല ഒരുക്കാനാവശ്യമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി നഗരസഭ പ്രമേയം പാസാക്കി സർക്കാരിലേക്ക് ഉടൻ സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു.
യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, പാലക്കാട് നഗരസഭാ ചെയർപേഴ്സൻ പ്രമീളാ ശശിധരൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, ഡെപ്യൂട്ടി കലക്ടർ ഡി. അമൃതവല്ലി, ഇംപാക്ട് കേരളാ എം.ഡി എസ്. സുബ്രഹ്മണ്യൻ, എൽ.എസ്.ജി.ഡി ചീഫ് എൻജിനീയർ കെ.ജി. സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.