പാലക്കാട് കൂടുതല്‍ ചികിത്സകേന്ദ്രങ്ങള്‍ സജ്ജം:ജില്ലക്ക് 25,000 ഡോസ് വാക്സിന്
text_fieldsപാലക്കാട്: ജില്ലയില്‍ കൂടുതല്‍ ചികിത്സകേന്ദ്രങ്ങള്‍ സജ്ജമായതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫിസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍. കോവിഡ് ചികിത്സകേന്ദ്രങ്ങളായ ജില്ല ആശുപത്രി, കഞ്ചിക്കോട് കിന്‍ഫ്ര, മാങ്ങോട് മെഡിക്കല്‍ കോളജ്, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി എന്നിവക്ക് പുറമെ 10 ഡൊമിസിലറി കെയര്‍ സെൻററുകളും കഞ്ചിക്കോട് കിന്‍ഫ്രയില്‍ ഒരു സി.എഫ്.എല്‍.ടി.സിയും സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ പട്ടാമ്പി ഗവ. സംസ്കൃത കോളജില്‍ 700 ബെഡുകളും വിക്ടോറിയ കോളജ് ഗേള്‍സ് ഹോസ്റ്റലില്‍ 160 ബെഡുകളും സി.എഫ്.എല്‍.ടി.സിക്കായി ഒരുക്കിയിട്ടുണ്ടെന്ന് നോഡല്‍ ഓഫിസര്‍ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജ്, ചിറ്റൂര്‍ ഗവ. കോളജ് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റല്‍, ശങ്കര്‍ ഹോസ്പിറ്റല്‍ ചെര്‍പ്പുളശ്ശേരി, അല്‍ അമീന് കോളജ് ഹോസ്റ്റല്‍ ഷൊര്‍ണൂര്‍, ലീഡ് കോളജ് പുതുപ്പരിയാരം, അഗളി കില, ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളജ്, കോങ്ങാട് പ്രീമെട്രിക് ഹോസ്റ്റല്‍, കരിമ്പ ബഥനി സ്കൂള്‍, പട്ടാമ്പി ജി.യു.പി സ്കൂള്‍ എന്നിവിടങ്ങളിലായി 10 ഡൊമിസിലറി സെൻററുകളാണ് കണ്ടെത്തിയിട്ടുള്ളത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരെ ഡൊമിസിലറി കെയര്‍ സെൻററുകളില്‍ പ്രവേശിപ്പിക്കും. 10 ഡൊമിസിലറി സെൻററുകളിലായി 925 ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
വരുംദിവസങ്ങളില്‍ ഡൊമിസിലറി സെൻററുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. ജില്ല ആശുപത്രി, മാങ്ങോട് മെഡിക്കല്‍ കോളജ്, റെയില്‍വേ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായി 88 ഐ.സി.യു ബെഡുകളും, ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 49 ഐ.സി.യു ബെഡുകളും ഉൾപ്പെടെ 137 ഐ.സി.യു ബെഡുകള്‍ സജ്ജമാണ്. ജില്ല ആശുപത്രി, റെയില്‍വേ ഹോസ്പിറ്റല്‍, മാങ്ങോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലായി 39 വെൻറിലേറ്റര്‍ ബെഡുകളും, സ്വകാര്യ ആശുപത്രികളിലായി 21 ബെഡുകളും ഉള്‍പ്പെടെ ജില്ലയില്‍ ആകെ 60 വെൻറിലേറ്റര്‍ ബെഡുകളുണ്ട്. കൂടാതെ അടിയന്തര ആവശ്യങ്ങള്‍ക്കായി 143 ഓക്സിജന്‍ പോയൻറുകള്‍, 200 ഓക്സിജന്‍ സിലിണ്ടറുകള്‍, 261 ഓക്സിജന്‍ ബെഡുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ജില്ലക്ക് 25,000 ഡോസ് വാക്സിന്
ജില്ലക്ക് വെള്ളിയാഴ്ചയോടെ 25,000 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി എത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ശനിയാഴ്ച മുതൽ അതത് കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് നടത്തും. രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്കാണ് മുന്‍ഗണന. സ്പോട്ട് രജിസ്ട്രേഷന് ഇല്ലാത്തതിനാല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ മാത്രമേ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.