പാലക്കാട് നഗരസഭ; പുതുക്കിയ നികുതി നിരക്കിന് കൗൺസിലിന്റെ പച്ചക്കൊടി
text_fieldsപാലക്കാട്: നഗരസഭാപരിധിയിൽ മേഖലാടിസ്ഥാനത്തിൽ പുതുക്കിയ നികുതി നിരക്കിന് കൗൺസിലിന്റെ പച്ചക്കൊടി. ഇതുമായി ബന്ധപ്പെട്ട് അന്തിമവിജ്ഞാപനം വരുംദിവസങ്ങളിൽ പുറപ്പെടുവിക്കാൻ കൗൺസിൽ തീരുമാനിച്ചു.
അതിദാരിദ്രം; സർക്കാരിനെ സമീപിക്കും
അതിദരിദ്ര പട്ടികയിൽപ്പെട്ടവർക്ക് നൽകുന്ന വിവിധ അവകാശരേഖകൾക്കായി അടിസ്ഥാന രേഖകൾ കൈമാറാത്തവരെ പ്രത്യേക വിഭാഗമാക്കി പട്ടികയിൽനിന്ന് മാറ്റാനും കൗൺസിൽ അനുമതി നൽകി. 19 വാർഡുകളിലായി അതിദരിദ്രരായ 53 പേരാണുള്ളത്. 29 പേർക്കാണ് ഭക്ഷ്യധാന്യക്കിറ്റ് നൽകിയിരുന്നത്. ഇതിൽ ഒരാൾ മരണമടഞ്ഞു. നാലുപേർക്ക് മതിയായ രേഖകൾ ഹാജരാക്കാനായിട്ടില്ലെന്നും ജീവനക്കാർ കൗൺസിലിനെ അറിയിച്ചു.
വാർഡുകളിൽനിന്ന് 20 വീതം സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ച് ഡിജിറ്റൽ സാക്ഷരത പദ്ധതി നിർവഹണത്തിനും വെള്ളിയാഴ്ച ചേർന്ന അടിയന്തിര കൗൺസിൽ അംഗീകാരം നൽകി.
മാലിന്യം: യൂസർഫീയില്ലാതെ രക്ഷയില്ല
ഹരിതകർമ യൂസർ ഫീ ഇനത്തിൽ വർഷത്തിൽ 3600 രൂപ അടച്ചാലെ ലൈസൻസ് പുതുക്കി നൽകൂ എന്ന നിബന്ധനയിൽ ഇളവുവേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. എന്നാൽ സർക്കാർ നിർദേശമാണെന്നും കെ. സ്മാർട്ട് സോഫ്റ്റ് വെയറിൽ ലൈസൻസിന് അപേക്ഷിക്കുമ്പോൾ ഇത് നിർബന്ധമാണെന്നും ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ് കൗൺസിലിനെ അറിയിച്ചു.
ബസ് സ്റ്റാൻഡുകളിലെ കോടിയുടെ കളി
നഗരത്തിലെ ബസ് സ്റ്റാൻഡുകളിലെ ഫീസ് പിരിവുമായി ബന്ധപ്പെട്ട് മൂന്നുകോടിയുടെ ടെൻഡർ ലേലം അട്ടിമറിക്കാനെന്ന് വൈസ് ചെയർമാൻ അഡ്വ.ഇ. കൃഷ്ണദാസ് കൗൺസിലിൽ പറഞ്ഞു. കഴിഞ്ഞ വർഷം 30 ലക്ഷത്തിനായിരുന്നു കരാർ നൽകിയത്. ഇക്കുറി മൂന്നുകോടി, 56 ലക്ഷം, 50 ലക്ഷം എന്നിങ്ങനെയാണ് മൂന്നുപേർ കരാർ തുക സമർപ്പിച്ചിരിക്കുന്നത്. കൂടിയ തുക നൽകിയ ആൾക്ക് ടെൻഡർ അനുവദിക്കാനും പിൻമാറുന്നവരെ കരിമ്പട്ടികയിൽ പെടുത്തി ഇ.എം.ഡി കണ്ടുകെട്ടാനും വൈസ് ചെയർമാൻ കൗൺസിലിൽ ആവശ്യപ്പെട്ടു.
കുണ്ടമ്പലത്ത് കൽപ്പാത്തി പുഴയിലേക്ക് തള്ളിനിൽക്കുന്ന ശുചിമുറി സമുച്ചയത്തിന്റെ സെപ്റ്റിക് ടാങ്ക് ആധുനീകരിക്കാനും ശുചീകരിച്ച വെള്ളം പുഴയിലേക്ക് ഒഴുക്കാനും ലക്ഷ്യമിട്ട് പദ്ധതി. കൊച്ചിൻ ഷിപ് യാർഡിന്റെ സാമ്പത്തിക സഹായത്തോടെ ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയുമായി ചേർന്നാണ് പദ്ധതി. പദ്ധതി നടപ്പാക്കാൻ താൽക്കാലിക ശുചിമുറി സൗകര്യം നഗരസഭ ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.