കരാറുകാരന് വഴിവിട്ട സഹായം; പാലക്കാട് നഗരസഭക്ക് കോടികളുടെ നഷ്ടം
text_fieldsപാലക്കാട്: ഭരണ നേതൃത്വം കരാറുകാരനെ വഴിവിട്ട് സഹായിച്ചതിലൂടെ പാലക്കാട് നഗരസഭക്ക് കോടികളുടെ നഷ്ടം. പാലക്കാട് നഗരത്തില്‍ സിഗ്നല്‍ ലൈറ്റ് കാമറകള്‍ സ്ഥാപിക്കുന്നതിന്റെ പേരിലാണ് നഷ്ടം സംഭവിച്ചത്. കരാർ ലംഘനം നടത്തിയ കമ്പനിക്ക് കരാർ പുതുക്കിനൽകാൻ നീക്കമുണ്ടെന്നും കമ്പനിയെ കരിമ്പട്ടികയിൽപെടുത്തണമെന്നും യു.ഡി.എഫ് ടൗണ്‍ കമ്മിറ്റി ചെയര്മാന് എ. കൃഷ്ണനും മുസ്ലിം ലീഗ് നഗരസഭ പാർലമെന്ററി പാര്‍ട്ടി ലീഡര്‍ സെയ്ദ് മീരാന്‍ ബാബുവും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2013ലാണ് 800 ഓളം സ്ഥലങ്ങളില്‍ പോളുകള്‍ സ്ഥാപിച്ച് സിഗ്നല്‍ ലൈറ്റും കാമറയും സ്ഥാപിച്ച് സൗത്ത് പൊലീസ് സ്റ്റേഷനിൽ പ്രത്യേക കൺട്രോൾ റൂം സജ്ജീകരിക്കാനുള്ള കരാർ മെട്രോ ആർട്സ് എന്ന കമ്പനിക്ക് നൽകുന്നത്. 10 വർഷം കഴിഞ്ഞിട്ടും കരാറുകാരന് 29877 രൂപ മാത്രമാണ് നഗരസഭക്ക് നല്‍കിയത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള കാമറ, ഡി.വി.ആര് എന്നിവ സ്ഥാപിച്ചിട്ടില്ല.
മാത്രമല്ല, പോളുകളില്‍ വ്യാപകമായി കരാറുകാരന് പരസ്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. സമാന പദ്ധതികളില്‍നിന്ന് മറ്റ് നഗരസഭകള്‍ക്ക് കോടികള്‍ കിട്ടുമ്പോഴാണ് പാലക്കാട് നഗരസഭക്ക് വൻ തുക നഷ്ടമായത്. തറവാടകയും ജി.എസ്.ടിയും ഉൾപ്പെടെ ഈടാക്കുന്നതിന് പകരം ക്രമക്കേട് നടത്തിയ കരാറുകാരനെ സഹായിക്കുന്ന നടപടിയാണ് നഗരസഭ ഭരണാധികാരികളും ബി.ജെ.പിയിലെ ഉന്നതരും സ്വീകരിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
കരാറുകാരന് നഗരസഭക്കെതിരെ കരാര്‍ ലംഘനം നടത്തുകയും കേസ് കൊടുക്കുകയും കുടിശ്ശിക വരുത്തുകയും ചെയ്തു. എന്നിട്ടും കരാറുകാരന് വീണ്ടും കാലാവധി നീട്ടിക്കൊടുക്കാനാണ് നീക്കം. 2019ല്‍ ഇതേ കരാറുകാരന് അമൃത് പദ്ധതിയില്‍ നഗരത്തിലെ 11 ബസ് െഷല്ട്ടറുകളിൽ പരസ്യം സ്ഥാപിക്കാൻ കുറഞ്ഞ തുകക്ക് ടെൻഡര്‍ വിളിച്ചു. എന്നാല്‍ ഇതില്‍ കൂടുതല്‍ തുകക്ക് ടെൻഡര്‍ വിളിച്ച കമ്പനിയെ ഒഴിവാക്കി ഭരണസമിതി പുതിയ ടെൻഡര്‍ വിളിച്ച് ഇതേ കരാറുകാരന് നല്‍കുകയായിരുന്നു. ഇതിലൂടെയും വൻനഷ്ടമാണ് ഉണ്ടായത്.
കരാറുകാരനെ കരിമ്പട്ടികയിൽപെടുത്താൻ റിപ്പോർട്ട് സമർപ്പിക്കാൻ നവംബർ 29ലെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. 43 സ്ഥലങ്ങളിൽ സിഗ്നൽ ലൈറ്റുകളും കാമറകളും സ്ഥാപിക്കാൻ ഏറ്റെടുത്ത കരാറിൽ 26 സ്ഥലങ്ങളിൽ മാത്രമാണ് ലൈറ്റ് സ്ഥാപിച്ചതെന്ന് കരാർ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട നഗരസഭ ഓവർസിയർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. നഗരസഭക്ക് കോടികള്‍ നഷ്ടം വരുത്തിയ കരാറുകാരനില്‍നിന്ന് ഈ തുക ഈടാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ടൗണ്‍ കമ്മിറ്റി കണ്‍വീനര്‍ എ.എം. സലീം, കൗണ്‍സിലര്‍മാരായ ഡി. ഷജിത്ത്കുമാര്‍, ബഷീര്പ്പ, എഫ്.ബി. ബഷീര്‍, പി.കെ. ഹസനുപ്പ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
സിഗ്നൽ ലൈറ്റ് വിവാദം: യു.ഡി.എഫ് അഴിമതിക്കഥകളുടെ ബാക്കിപത്രം -നഗരസഭ വൈസ് ചെയർമാൻ
പാലക്കാട്: യു.ഡി.എഫ് ഭരണകാലത്ത് ഉണ്ടായിരുന്ന അഴിമതിക്കഥകളുടെ ബാക്കിപത്രമാണ് നഗരത്തിലെ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറെന്ന് നഗരസഭ വൈസ് ചെയര്‍മാനും ബി.ജെ.പി നേതാവുമായ അഡ്വ. ഇ. കൃഷ്ണദാസ്. മുൻ യു.ഡി.എഫ് ഭരണനേതൃത്വമാണ് കരാർ ഒപ്പിട്ടതെന്നും അഴിമതി നടത്തിയത് അവരാണെന്നും നഗര ജനതയെ വഞ്ചിച്ചതിന് യു.ഡി.എഫ് നേതൃത്വം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2013ല്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാൻ ഉണ്ടാക്കിയ കരാര്‍ മൂലം നഗരസഭക്ക് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. കരാര്‍ കാലാവധിയായ പത്തുവര്‍ഷം കഴിഞ്ഞ് മുഴുവന്‍ സാമഗ്രികളും കരാറുകാരന് തിരിച്ചെടുക്കാം എന്ന വ്യവസ്ഥ നഗരസഭയുടെ താൽപര്യങ്ങള്ക്ക് വിരുദ്ധമാണ്. 2013ല്‍ നഗരസഭയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായി കരാറിന് മുന്‍കൈയെടുത്ത യു.ഡി.എഫ് അംഗങ്ങള്‍ തന്നെ അഴിമതി നടന്നതായി ഇപ്പോള്‍ സമ്മതിച്ചു. സിഗ്നല്‍ ലൈറ്റ് കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ പുതിയ ടെന്‍ഡര്‍ വിളിക്കുന്നത് പരിശോധിക്കുമെന്നും വൈസ് ചെയര്മാന് ഇ. കൃഷ്ണദാസ് പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.