കളർപകർപ്പ് നൽകി തട്ടിപ്പ്: കരാറുകാർക്കെതിരെ നടപടി സ്റ്റിയറിങ് കമ്മിറ്റിക്ക് വിട്ട് പാലക്കാട് നഗരസഭ
text_fieldsപാലക്കാട്: വിവിധ നിർമാണ പ്രവർത്തനങ്ങളുടെ സെക്യൂരിറ്റി രേഖകൾക്ക് പകരം മുമ്പ് സമർപ്പിച്ച രേഖകളുടെ കളർപകർപ്പ് നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ കരാറുകാർക്കെതിരെ നടപടി പ്രത്യേക സ്റ്റിയറിങ് കമ്മിറ്റിക്ക് വിട്ട് പാലക്കാട് നഗരസഭ. വെള്ളിയാഴ്ച ചേർന്ന നഗരസഭ േയാഗത്തിലാണ് തീരുമാനം.
കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തുന്നതടക്കം നടപടികൾ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിവാദത്തെ തുടർന്ന് അമൃത്പദ്ധതിയിൽ അന്തിമഘട്ടത്തിലെത്തിനിൽക്കുന്നയടക്കം 15 നിർമാണ പ്രവർത്തനങ്ങളുടെ തുടർപ്രവൃത്തി നിലച്ച സാഹചര്യം മുതിർന്ന കൗൺസിലർ ശിവരാജനും മുൻ ചെയർപേഴ്സൻ പ്രമീള ശശിധരനും ഉയർത്തി.
തുടർന്ന് നിലച്ച പദ്ധതികൾ തുടരാൻ അനുമതി നൽകാനും നടപടികൾ തീരുമാനിക്കാൻ പ്രത്യേക സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിക്കാനും വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് മുന്നോട്ടുെവച്ച നിർദേശം യോഗം അംഗീകരിക്കുകയായിരുന്നു. നവംബറിലാണ് മൂന്ന് കരാറുകാർ 20 ലക്ഷം രൂപക്ക് തുല്യമായ ട്രഷറി, ബാങ്ക് സെക്യൂരിറ്റി രേഖകളുടെ പകർപ്പ് നൽകി തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.
പുതിയ ഭരണസമിതി അധികാരത്തിലെത്തിയതിനുശേഷമുള്ള പ്രഥമ യോഗത്തിൽ മൂന്ന് പ്രമേയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. നഗരസഭ വളപ്പിലെ ഗാന്ധിപ്രതിമ മുൻവശത്തേക്ക് മാറ്റി സംരക്ഷിക്കുന്നതിന് നടപടിയാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ സ്മിതേഷും അംബേദ്കർ കോളനിയിലെ 86 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന് ബി. നടേശനും അവതരിപ്പിച്ച പ്രമേയങ്ങൾ പാസാക്കി.
നഗരസഭക്ക് കീഴിലുള്ള പുതുപ്പള്ളിത്തെരുവിലെ അറവുശാലയുടെ നവീകരണം വൈകുന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായതായി വെൽെഫയർ പാർട്ടി കൗൺസിലർ എം. സുലൈമാൻ യോഗത്തിൽ പറഞ്ഞു. അറവുശാല നവീകരണത്തിനായി കിഫ്ബിയിൽ ഉൾപ്പെടുത്തി 10 കോടി അനുവദിച്ചതായും പ്രവൃത്തികൾ ഉടൻ തുടങ്ങാനാവുമെന്നും ചീഫ് എൻജിനീയർ സ്വാമിദാസ് കൗൺസിലിനെ അറിയിച്ചു.
കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന വ്യാപാര കേന്ദ്രങ്ങൾക്ക് മൂന്നുമാസത്തെ ഇളവ് നൽകുന്നതിന് നടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. പതിവുപോലെ മാലിന്യപ്രശ്നവും തെരുവുനായ് ശല്യവും ഇത്തവണയും യോഗത്തിൽ ഉയർന്നു. കഴിഞ്ഞ ദിവസം നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ മാലിന്യം നീക്കിയ സ്ഥലങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും.
അമൃത് പദ്ധതിക്കായി 150 കിലോമീറ്റർ റോഡ് വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചതായി ചീഫ് എൻജിനീയർ അറിയിച്ചു. ഇൗ റോഡുകൾ പുനരുദ്ധരിക്കാൻ 30.87 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അമൃത് പദ്ധതി ലിങ്കിങ് പൂർത്തിയായ ഉടൻ ടാറിങ് നടത്താനാവുമെന്നും ചീഫ് എൻജിനീയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.