മാലിന്യം കുമിഞ്ഞുകൂടുമ്പോഴും പാലക്കാട് നഗരസഭക്ക് മൗനം
text_fieldsപാലക്കാട്: ശുചീകരണ തൊഴിലാളികളുടെ കുറവും നഗരസഭയുടെ രാത്രിയിൽ പട്രോളിങ് നിലച്ചതും മുതലെടുത്ത് നഗരത്തിൽ റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും വ്യാപകമായ തോതിൽ മാലിന്യം തള്ളുന്നു.
മാലിന്യം തള്ളുന്നത് പിടികൂടാനായി നഗരസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാത്രിയിൽ പട്രോളിങ് നിലച്ചിട്ട് അഞ്ചുമാസമായി. വേണ്ടത്ര ശുചീകരണ തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ മാലിന്യനീക്കം മന്ദഗതിയിലാണ്.
നഗരത്തിെൻറ പലഭാഗങ്ങളും ചീഞ്ഞുനാറുകയാണ്. ഓണം കഴിഞ്ഞതോടെ സ്ഥിതി കൂടുതല്‍ മോശമായി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുപുറമെ ഭക്ഷണാവശിഷ്ടങ്ങളും കോഴിമാലിന്യങ്ങളും പഴയ തുണികളും ഉള്‍പ്പെടെയാണ് പലയിടത്തും തള്ളുന്നത്. നഗരസഭ എക്കാലത്തും നേരിടുന്ന ഗുരുതരമായ പ്രശ്നമാണ് മാലിന്യ സംസ്കരണം.
നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ട് സമീപത്തെ കൊടുമ്പ് പഞ്ചായത്തിെൻറ പരിധിയിലാണ്. ഇവിടെ സംസ്കരിക്കാവുന്നതിനും കൂടുതൽ അളവ് മാലിന്യം എത്തിയതോടെ കൂമ്പാരമായി കിടന്നു. അതിന് തീപിടിക്കുക കൂടി ചെയ്തതോടെ കൊടുമ്പ് പഞ്ചായത്ത് വിഷയത്തില്‍ ഇടപെട്ടു.
അതോടെ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് നിത്യേന കൊണ്ടുപോകാവുന്ന തരംതിരിച്ച മാലിന്യത്തിന് അളവ് നിശ്ചയിക്കപ്പെട്ടു. മേപ്പറമ്പ് ബൈപാസ്, ചക്കാന്തറ പള്ളി പരിസരം, സുല്‍ത്താന്‍പേട്ട മാതാകോവില്‍ സ്ട്രീറ്റ്, കല്‍മണ്ഡപം കനാല്‍ പരിസരം തുടങ്ങി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കൂമ്പാരമായി കിടക്കുകയാണ്. ഇത്തരത്തില്‍ തള്ളുന്ന മാലിന്യം അഴുകി ദുര്‍ഗന്ധം ഉളവാക്കുന്നതിനുപുറമേ ഇവ തെരുവുനായ്ക്കള്‍ റോഡിലേക്ക് കടിച്ചുകീറി ഇടുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.