പാലക്കാട് നഗരസഭയുടെ ഭൂരേഖകൾ കണ്ടവരുണ്ടോ?
text_fieldsപാലക്കാട്: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധിച്ച് കാര്യമായ രേഖകളൊന്നും കൈവശമില്ലെന്ന് വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ്. പി.എം.എ.വൈ -ലൈഫ് പദ്ധതിയിൽ ഭവനസമുച്ചയങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിൽ യോഗത്തിനിടെ നടന്ന ചർച്ചയിലായിരുന്നു കൃഷ്ണദാസിെൻറ മറുപടി. വിവിധയിടങ്ങളിൽ നഗരസഭയുടെ ഉടമസ്ഥതയിൽ ഉള്ളതായി പറയുന്ന ഭൂമിയുടെ വിശദാംശങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും കൃഷ്ണദാസ് കൗൺസിൽ യോഗത്തിൽ പറഞ്ഞു. ഭവനപദ്ധതി, അതിദരിദ്രരെ കണ്ടെത്തൽ എന്നിവ സംബന്ധിച്ച രണ്ട് സർവേകൾ പുരോഗമിക്കുന്നതായി സെക്രട്ടറി കൗൺസിലിനെ അറിയിച്ചു. പി.എം.എ.വൈ -ലൈഫ് പദ്ധതിയിൽ യോഗ്യരായ 2763 പേരിൽ 1224 പേർ പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ട്. 2054 വീടുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണെന്നും സെക്രട്ടറി പറഞ്ഞു.
പട്ടികജാതി ഒാഫിസിനെതിരെ കൂട്ടപ്പരാതി
നഗരസഭയിൽ പ്രവർത്തിക്കുന്ന പട്ടികജാതി ഒാഫിസിെൻറ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ഭരണ -പ്രതിപക്ഷഭേദമന്യേ കൗൺസിലർമാർ യോഗത്തിൽ പരാതിയുന്നയിച്ചു. ഗുണഭോക്താവിന് ബാങ്ക് വഴി നൽകിയ തുക ആന്ധ്ര സ്വദേശിയുടെ അക്കൗണ്ടിലേക്ക് പോയ വിഷയത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച പരാതിയിൽ വിശദീകരണമാവശ്യപ്പെട്ടതായി സെക്രട്ടറി കൗൺസിലിനെ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥക്കെതിരെ വിജിലൻസ് നടപടിക്ക് ശിപാർശ ചെയ്യണമെന്നും കാലാവധി കഴിഞ്ഞും തുടരുന്ന എസ്.സി പ്രൊമോട്ടർമാരെ പുറത്താക്കി പുതിയ ആളുകളെ നിയമിക്കണമെന്നും ആവശ്യമുയർന്നു. ഉദ്യോഗസ്ഥയെ മാറ്റുന്നതടക്കം നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാറാണെന്ന് സെക്രട്ടറി കൗൺസിലിനെ അറിയിച്ചു. കൗൺസിലിന് ബന്ധപ്പെട്ട രേഖകൾ സഹിതം സംസ്ഥാന സർക്കാറിന് പരാതി നൽകാമെന്നും സെക്രട്ടറി പറഞ്ഞു.
കരിമ്പട്ടിക: കരാറുകാരെ തിരിച്ചെടുക്കണമെന്നും വേണ്ടെന്നും
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന നഗരസഭ കരിമ്പട്ടികയിൽ െപടുത്തിയ കരാറുകാെര നിലവിലെ സാഹചര്യത്തിൽ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തിരിച്ചെടുക്കണമെന്ന് ഭരണകക്ഷി കൗൺസിലർമാരിൽ ചിലർ ആവശ്യപ്പെട്ടു. എന്നാൽ, വിഷയം സംയുക്തകക്ഷി യോഗത്തിൽ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കാമെന്ന് ചെയർപേഴ്സൻ പ്രിയ കെ. അജയൻ പറഞ്ഞു. ഇവർക്കെതിരെ വിജിലൻസിനടക്കം നഗരസഭ പരാതി നൽകിയിട്ടുണ്ടെന്നും കരിമ്പട്ടികയിൽനിന്ന് നീക്കുന്നത് ഇതിനെ ബാധിക്കുമെന്നും സെക്രട്ടറി കൗൺസിലിനെ അറിയിച്ചു. മുനിസിപ്പൽ ബസ് സ്റ്റാൻഡ് ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട് ലഭിച്ച നാലു കരാറുകൾ വരും കൗൺസിൽ പരിഗണനക്കെത്തുമെന്ന് അസിസ്റ്റൻറ് എൻജിനീയർ യോഗത്തെ അറിയിച്ചു.
തെരുവുനായ് ശല്യം: പരിഹാരം നീണ്ടേക്കും
നഗരപരിധിയിലെ തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്ന് കൗൺസിലിൽ ആവശ്യമുയർന്നു. നായ്ക്കളുടെ എണ്ണം വർധിച്ചതോടെ നഗരപരിധിയിലെ യാത്രദുരിതമടക്കം കൗൺസിലർമാർ യോഗത്തിൽ ഉന്നയിച്ചു. നഗരസഭ പരിധിയിൽ എ.ബി.സി പദ്ധതി വേഗത്തിലാക്കുന്നതിന് മൃഗാശുപത്രിയിലെ സ്ഥലസൗകര്യത്തിെൻറ അപര്യാപ്തത അധികൃതർ ശ്രദ്ധയിൽപെടുത്തിയതായി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ് കൗൺസിലിനെ അറിയിച്ചു. മൃഗാശുപത്രിയിൽ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കാൻ യോഗം തീരുമാനിച്ചു.
കരാർ അനുമതി: പ്രതിനിധിസംഘം സൂപ്രണ്ടിങ് എൻജിനീയർ ഒാഫിസിലേക്ക്
ടെൻഡർ നടപടികൾ പൂർത്തിയായാൽ എസ്റ്റിമേറ്റിൽ പുതുക്കിയ സർക്കാർ നിർദേശമനുസരിച്ച് 10 ശതമാനം അധികം തുക ആവശ്യമുള്ളവ അംഗീകരിക്കുന്നതിന് കോഴിക്കോട് ഒാഫിസിൽ എത്തി അനുമതി നേടണമെന്ന നിബന്ധന പദ്ധതികൾ വൈകുന്നതിനും തുക പാഴാവുന്നതിനും കാരണമാകുന്നതായി കൗൺസിലിൽ വിമർശനമുയർന്നു. വിഷയത്തിൽ ഇളവുകൾ ആരായാൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സൂപ്രണ്ടിങ് എൻജിനീയർ ഒാഫിസിലേക്കയക്കാൻ കൗൺസിൽ തീരുമാനിച്ചു.
ഭൂപരിവർത്തനം: ഒറ്റപ്പാലത്ത് 1600 അപേക്ഷകൾ കെട്ടിക്കിടക്കുന്നു
ഒറ്റപ്പാലം: ഭൂപരിവർത്തനത്തിനായി സമർപ്പിച്ച 1600ഓളം അപേക്ഷകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നതായി ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തിൽ വെളിപ്പെടുത്തൽ. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച യോഗനടപടികൾ 20 മാസത്തിനുശേഷം പുനരാരംഭിച്ചപ്പോൾ ഒറ്റപ്പാലം സബ് കലക്ടർ ശിഖ സുരേന്ദ്രനാണ് കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം അറിയിച്ചത്. 2008ലെ തണ്ണീർത്തട നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വീട് നിർമിച്ച് കെട്ടിടനമ്പർ ലഭിക്കുകയും നികുതി അടച്ചുവരുന്നവരുമായ വ്യക്തികൾക്ക് വീട് പുനർനിർമിക്കുന്നതിന് അനുമതി ലഭിക്കുന്നില്ലെന്നും വർഷങ്ങളായി അപേക്ഷകളിന്മേൽ തീർപ്പുണ്ടാകുന്നില്ലെന്നും യോഗത്തിൽ അംഗങ്ങൾ പരാതിപ്പെട്ട സാഹചര്യത്തിലാണ് സബ് കലക്ടറുടെ വെളിപ്പെടുത്തൽ.
2008ന് മുമ്പ് വീടുവെച്ച് താമസം തുടങ്ങി എന്നതുകൊണ്ട് മാത്രം അപേക്ഷ പരിഗണിക്കാനാവില്ലെന്നും നിയമഭേദഗതി കൂടി ഇതിന് ആവശ്യമുണ്ടെന്നും സബ് കലക്ടർ പറഞ്ഞു. ഫോറം അഞ്ചിൽ നൽകിയ അപേക്ഷയിൽ പ്രാദേശിക നിരീക്ഷണ സമിതി പരിശോധന നടത്തി യഥാസമയം റിപ്പോർട്ടുകൾ സമർപ്പിക്കാത്ത അപേക്ഷകളും ഇതിൽ ഉൾപ്പെടും. കെട്ടിക്കിടക്കുന്ന ഇത്തരം അപേക്ഷകളിൽ മൂന്നുമാസത്തിനകം തീർപ്പുണ്ടാക്കാൻ അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ നിർദേശിച്ചു.
എട്ടുമാസത്തോളമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടില്ലാത്തത് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റിച്ചതായി അംഗങ്ങൾ ആരോപിച്ചു. സൂപ്രണ്ടിെൻറ അധിക ചുമതല കൂടി വഹിക്കുന്ന ഡോക്ടർക്ക് രോഗികളെ പരിശോധിക്കാൻ സമയം കിട്ടുന്നില്ലെന്ന ആക്ഷേപവും ഉയർന്നു. ആശുപത്രിയിലെ മലിനജലം ഒഴുകുന്നതിന് കാരണം മാലിന്യ സംഭരണിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമുള്ള മലിനജലം ഒഴുകിയെത്തുന്നതാണെന്നും പുതിയ ടാങ്ക് നിർമിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി വികസനത്തിെൻറ ഭാഗമായ കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കെട്ടിടത്തിെൻറ നിർമാണം മൂന്നുമാസത്തിനകം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു. ആശുപത്രിയുടെ അധീനതയിലുള്ള 14 സെൻറ് സ്ഥലം മാർച്ച് അഞ്ചിന് മുമ്പ് സ്വയം ഒഴിഞ്ഞുകൊടുക്കുമെന്ന് പ്രവർത്തനം നിലച്ച സൊസൈറ്റിയുടെ ഭാരവാഹിയായിരുന്ന സി.പി.എം നേതാവ് സമ്മതം അറിയിച്ചിരുന്നെങ്കിലും വാക്കുപാലിച്ചില്ലെന്ന ആരോപണം ഉയർന്നു. ഇതിനായി അടുത്തയാഴ്ച യോഗം വിളിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
റീസർവേ വിഭാഗത്തിലും അതിർത്തികൾ നിർണയിക്കാനുള്ള അപേക്ഷകൾ മൂന്ന് വർഷമായി കെട്ടിക്കിടക്കുന്നതിന് കാരണം താലൂക്ക് സർവേയർമാരുടെ കുറവാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മുണ്ടൂർ-തൂത പാതയുടെ പുനർനിർമാണത്തിെൻറ ഭാഗമായി സർവേ നടന്നുവരുകയാണെന്നും ഡിസംബറിൽ പൂർത്തിയാകുന്ന മുറക്ക് സർവേയർമാരുടെ കുറവ് നികത്താനാകുമെന്നും എം.എൽ.എ പറഞ്ഞു.
മയക്ക് മരുന്നിെൻറ വ്യാപനം വിദ്യാർഥികളിലേക്ക് കൂടി വ്യാപിക്കുന്ന സാഹചര്യത്തിൽ നടപടികൾക്ക് എക്സൈസ് വകുപ്പിെൻറ കൂടി സഹകരണം ഉറപ്പാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഒറ്റപ്പാലം നഗരത്തിൽ കുറ്റമറ്റ നിലയിലുണ്ടായിരുന്ന ട്രാഫിക് സമ്പ്രദായം പുതിയ പരിഷ്കരണത്തോടെ അട്ടിമറിക്കപ്പെട്ടതായി അംഗങ്ങൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.