വേനൽ കനക്കും മുമ്പേ അഗ്നിപരീക്ഷണം; ഓടിത്തളർന്ന് അഗ്നിരക്ഷാസേന
text_fieldsപാലക്കാട്: ജില്ലയിൽ ചൂടിന്റെ കാഠിന്യം വർധിച്ചതോടെ ഓടിത്തളർന്ന് അഗ്നിരക്ഷാസേന. പാലക്കാട്, കഞ്ചിക്കോട്, ചിറ്റൂർ, ആലത്തൂർ, വടക്കഞ്ചേരി, മണ്ണാർക്കാട്, ഷൊർണൂർ, പട്ടാമ്പി, കോങ്ങാട്, കൊല്ലങ്കോട് എന്നിവിടങ്ങളിലാണ് ജില്ലയിൽ അഗ്നിരക്ഷാനിലയങ്ങളുള്ളത്. പത്ത് സ്റ്റേഷനുകളിലായി ദിവസേന 50 ഓളം കേസുകളാണ് പ്രതിദിനം കൈകാര്യം ചെയ്യുന്നത്.
കൂടുതൽ കേസുകൾ എത്തുന്നത് പാലക്കാട്ടാണ്. വാഹനങ്ങളും പ്രതിരോധ സാമഗ്രികളും ഉണ്ടെങ്കിലും മതിയായ ജീവക്കാരില്ലാത്തതാണ് സേന നേരിടുന്ന പ്രധാന പ്രശ്നം. ഓരോ നിലയത്തിലും 35 ഓളം ജീവനക്കാരെ ആവശ്യ മാണ്.
എന്നാൽ പുതുതായി ആരംഭിച്ച പട്ടാമ്പി, കോങ്ങാട്, കൊല്ലങ്കോട് സ്റ്റേഷനുകളിൽ പത്തിൽ താഴെ പേരാണുള്ളത്. ബാക്കി ജീവനക്കാർ ജോലി ക്രമീകരണത്തിലൂടെയാണ് ജോലി ചെയ്യുന്നത്. സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിച്ചെങ്കിലും അതിന് ആനുപാതികമായി ജീവനക്കാരെ നിയമിക്കാത്തത് ജോലി ഭാരം ഇരട്ടിയാക്കുന്നതായി പരാതിയുണ്ട്.
24 മണിക്കൂർ വിശ്രമമില്ലതെ ജോലി ചെയ്യേണ്ടി വരുന്നതായി ജിവനക്കാർ പറയുന്നു. തീപിടിത്ത സ്ഥലങ്ങളിൽ രാസമാലിന്യം കലർന്ന പുക ശ്വസിക്കേണ്ടിവരുന്നത് പല ശാരീരിക പ്രശ്നങ്ങൾക്കും ഇടയാക്കുന്നതായും പരാതിയുണ്ട്. മതിയായ ജലം ലഭിക്കാത്തതാണ് സേന നേരിടുന്ന പ്രധാന പ്രശ്നം. കാർഷികാവശ്യത്തിന് ജലസേചന കനാലുകൾ തുറക്കുന്ന സമയത്ത് മതിയായ ജലം ശേഖരിക്കാൻ കഴിയും. അവ നിർത്തുന്നതോടെ വെള്ളത്തിന് പെടാപ്പാടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.