പാലക്കാട്ട് പുതിയ ടെർമിനൽ സജ്ജമായിട്ടും ബൈപാസ് വിടാതെ കെ.എസ്.ആർ.ടി.സി ബസുകൾ
text_fieldsപാലക്കാട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പുതിയ ടെർമിനൽ സജ്ജമായി രണ്ടുവർഷമാകുമ്പോഴും സമീപത്തെ ബൈപാസ് റോഡിലെ കെ.എസ്.ആർ.ടി.സി ബസുകളുടെ അനധികൃത പാർക്കിങ് തുടരുന്നു.
പുതിയ ടെർമിനലിനകത്ത് മതിയായ പാർക്കിങ് സൗകര്യമുണ്ടായിട്ടും മിക്ക ബസുകളും നിർത്തിയിടുന്നത് ടെർമിനലിന് പിൻവശത്തുള്ള യാക്കര ഡി.പി.ഒ ബൈപാസ് റോഡിലാണ്. ഡി.പി.ഒ യാക്കര ബൈപ്പാസ് റോഡ് വർഷങ്ങളായി കെ.എസ്.ആർ.ടി.സി ബസുകളുടെ പാർക്കിങ കേന്ദ്രമാണ്. ദീർഘദൂര ബസുകൾക്ക് പുറമെ അന്തർസംസ്ഥാന സർവിസ് നടത്തുന്ന വോൾവോ ബസുകളും ഇവിടെ നിർത്തിയിടുന്നത് പതിവാണ്.
യാക്കര ഭാഗത്തേക്ക് വരുന്ന റോഡിലും ലിങ്ക്റോഡ് ജങ്ഷനിലേക്ക് വരുന്ന റോഡിലും കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തിയിടുന്നുണ്ട്. 2022 നവംബർ 10നാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തത്. ഇതോടെ ബൈപാസ് റോഡിലെ ബസുകളുടെ പാർക്കിങ് ഇല്ലാതാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ യാതൊരു മാറ്റവുമുണ്ടായില്ല. സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്നിടത്ത് കെ.എസ്.ആർ.ടി.സിയുടെയും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെയും ബസുകൾ നിർത്തിയിടുന്നത് പതിവാണ്.
ഇത്തരത്തിൽ റോഡരികിൽ ബസുകളടക്കം വലിയ വാഹനങ്ങൾ നിർത്തിയിടുന്നത് ചെറിയ വാഹനയാത്രക്കാരുടെ കാഴ്ചമറക്കുന്നതിനാൽ അപകടസാധ്യത ഏറെയാണ്. യാക്കര സിവിൽ സ്റ്റേഷൻ ഭാഗത്തുനിന്ന് പുതുപ്പള്ളിതെരുവ് നൂറണി ഭാഗത്തേക്കും പുതുപ്പള്ളിതെരുവ് നൂറണി കെ.എസ്.ആർ.ടി.സി ഭാഗത്തുനിന്ന് യാക്കര ഷാദിമഹൽ ഭാഗത്തേക്കും രാപകലന്യേ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പ്രധാന പാതയാണ് ഡി.പി.ഒ യാക്കര ബൈപാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.