വോട്ട് ചോർച്ച: പാലക്കാട് വാക്പോരുമായി പാർട്ടികൾ
text_fieldsപാലക്കാട്: പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ ലഭിച്ച വോട്ട് ശതമാനത്തിലെ വ്യത്യാസത്തിൽ ആരോപണ, പ്രത്യാരോപണവുമായി ബി.ജെ.പിയും സി.പി.എമ്മും. 2016ൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് പാലക്കാട്ടുനിന്ന് ലഭിച്ചത് 28.07 (38,675 വോട്ട്) ശതമാനം വോട്ടാണ്. ഈ തെരഞ്ഞെടുപ്പിൽ അത് 25.64 (36,433) ശതമാനമായി കുറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ പതിനായിരത്തോളം വോട്ടർമാരുടെ വർധന ഉണ്ടായിട്ടും എൽ.ഡി.എഫിന് വോട്ട് കുറയാനുള്ള കാരണം യു.ഡി.എഫിന് മറിച്ച് നൽകിയതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
മലമ്പുഴയിൽ കോൺഗ്രസ് വോട്ട് ഇടതുപക്ഷത്തിന് മറിച്ചുനൽകിയെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. ഇ. കൃഷ്ണദാസ് പറഞ്ഞു. 2016ൽ 22.16 (35,333) ശതമാനം വോട്ട് ലഭിച്ച കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ 21.66 (35,444) ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാൽ, ഈ ആരോപണം പാടേ നിഷേധിച്ച് സി.പി.എം രംഗത്ത് വന്നു.
മലമ്പുഴയിലും പാലക്കാടും പരസ്പരം വോട്ട് കച്ചവടം നടത്തിയ കോൺഗ്രസും ബി.ജെ.പിയും അത് ജനങ്ങളിൽനിന്ന് മറച്ചുപിടിക്കാനാണ് അടിസ്ഥാനരഹിതമായ ആരോപണവുമായി വരുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ പറഞ്ഞു. മലമ്പുഴയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുതന്നെയാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുപോലും ഈ പ്രാവശ്യം കോൺഗ്രസിന് ലഭിച്ചില്ല.
പാലക്കാട് മണ്ഡലത്തിൽ 3500 വോട്ടുകൾ കോൺഗ്രസിന് കുറഞ്ഞെന്നും സി.പി.എം ചൂണ്ടിക്കാട്ടി. 2016 ലെ തെരഞ്ഞെടുപ്പിൽ 41.77 (57,559) ശതമാനം വോട്ട് യു.ഡി.എഫിന് പാലക്കാട്ട് ലഭിച്ചെങ്കിൽ ഇത്തവണ 38.06 (54,079) ശതമാനമായി കുറഞ്ഞു. കുറവ് വന്ന വോട്ട് ബി.ജെ.പിക്കാണ് പോയതെന്ന് ആരോപണമുണ്ട്. പാലക്കാട് മണ്ഡലത്തിൽ സി.പി.എമ്മിന് വോട്ട് കുറഞ്ഞത് മണ്ഡലത്തിൽ ആകെയാണോ പ്രത്യേക പ്രദേശത്താണോ എന്ന് പരിശോധിക്കുമെന്നും സി.കെ. രാജേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.