പാലക്കാട് ജില്ലക്ക് ഒന്നുമില്ലാതെ കേന്ദ്ര ബജറ്റ്
text_fieldsപാലക്കാട്: കേന്ദ്ര ബജറ്റിൽ ജില്ലയുടെ വികസനത്തിന് ഉതകുന്ന പ്രഖ്യാപനങ്ങളൊന്നും തന്നെയില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ബജറ്റ് ഇത്തവണയും മൗനം പാലിച്ചു. ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് സേലം ഡിവിഷൻ രൂപവത്കരിച്ചപ്പോൾ പകരം വാഗ്ദാനം ചെയ്തതാണ് കോച്ച് ഫാക്ടറി. 900 ഏക്കറിൽ ടൗൺഷിപ്പോടെയാണ് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ 430 ഏക്കർ ഏറ്റെടുത്ത് റെയിൽവേക്ക് കൈമാറിയിട്ടും ഫലമുണ്ടായില്ല. ഈ ഭൂമി 15 വർഷമായി വെറുതെ കിടക്കുകയാണ്.
പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കോച്ച് ഫാക്ടറി. ഈ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രുമന്റേഷൻ കൈമാറ്റം സംബന്ധിച്ചും ബജറ്റിൽ പ്രഖ്യാപനമൊന്നും ഉണ്ടായില്ല. സംസ്ഥാന സർക്കാർ വിലകൊടുത്ത് ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും കേന്ദ്ര സർക്കാർ പച്ചക്കൊടി വീശിയിട്ടില്ല. പാലക്കാട് റെയിൽവേ പിറ്റ് നിർമാണം, ഷൊർണൂർ ജങ്ഷൻ വികസനം, ഒലവക്കോട് ഗുഡ്സ് ഷെഡ് ഉൾപ്പെടെയുള്ള പദ്ധതികളെക്കുറിച്ചും പരാമർശമില്ല. കോവിഡിലും സാമ്പത്തിക പ്രതിസന്ധിയിലും തകർന്ന ചെറുകിട വ്യവസായ മേഖലക്ക് ഉണർവേകുന്ന പദ്ധതികൾ ബജറ്റിലുണ്ട്. ബംഗളൂരു-കൊച്ചി വ്യവസായ ഇടനാഴിയുടെ സ്ഥലമെടുപ്പ് പുരോഗമിക്കുന്നതിനാൽ ജില്ലയുടെ വ്യവസായ വികസനത്തിന് സഹായകരമാണ് ബജറ്റിലെ നിർദേശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.