പി.ടി 7 വിലസണ്ട: ദൗത്യസംഘം ധോണിയിൽ, കാട്ടാനയെ കണ്ടെത്താൻ തിരച്ചില്‍ ആരംഭിച്ചു
text_fieldsഅകത്തേത്തറ: ജനവാസ മേഖലയില്‍ ഭീതി വിതച്ചും കൃഷി നശിപ്പിച്ചും വിലസുന്ന കാട്ടാന പി.ടി-ഏഴിനെ (പാലക്കാട് ടസ്കർ) പിടികൂടാൻ ദൗത്യസംഘവും കുങ്കിയാനകളും ധോണിയിലെത്തി. വയനാട് മുത്തങ്ങ ആന പരിശീലന കേന്ദ്രത്തിലെ ഭരതൻ എന്ന കല്ലൂർ കൊമ്പൻ, വിക്രം എന്ന വടക്കനാട് കൊമ്പൻ എന്നീ കുങ്കിയാനകളും ആന പാപ്പാന്മാരും പരിപാലനത്തിനുള്ള സഹായികളും ഉള്‍പ്പെട്ട 26 അംഗ എലിഫന്റ് സ്ക്വാഡാണ് ജില്ലയിലെത്തിയത്. പിടികൂടുന്നതിന് മുന്നോടിയായി പി.ടി ഏഴിന്റെ സഞ്ചാരവഴികളും നടപ്പ് ശീലങ്ങളും നേരത്തെ എത്തിയ വിദഗ്ധ സംഘം നിരീക്ഷിച്ചിരുന്നു.
ആനയെ പിടികൂടിയശേഷം ധോണി ആന ക്യാമ്പില്‍ കൂടൊരുക്കി നിര്‍ത്താനായി പ്രത്യേക കൂടിന്റെ നിർമാണം ആരംഭിച്ചതായും നാലോ അഞ്ചോ ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും ജില്ല ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു. സംഘത്തിന്റെ നേതൃത്വത്തില്‍ കാട്ടാനയെ കണ്ടെത്താൻ തിരച്ചില്‍ ആരംഭിച്ചതായും ഡി.എഫ്.ഒ അറിയിച്ചു.
സ്ക്വാഡിനൊപ്പം ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയ, അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അജേഷ് മോഹൻ ദാസ്, എലിഫൻറ് സ്ക്വാഡ് ആൻറ് ആർ.ആർ.ടി റേഞ്ച് ഓഫിസർ എൻ. രൂപേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമുണ്ട്. ആക്രമണകാരിയായ കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയാവും മയക്കുവെടി വെക്കുക. ധോണി വനാന്തരങ്ങളിലും മുണ്ടൂർ, അകത്തേത്തറ, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഉൾനാടൻ ഗ്രാമങ്ങളിലും കറങ്ങുന്ന പി.ടി ഏഴ് ഒരാളുടെ ജീവൻ കവർന്നതിനൊപ്പം വൻതോതിൽ കൃഷിനാശവും വരുത്തിയിരുന്നു.
ക്ഷുഭിത സ്വഭാവമുള്ള കാട്ടുകൊമ്പനെ പിടികൂടുക എന്ന ദൗത്യം ദുഷ്കരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ചെരിവുനിറഞ്ഞ വനാന്തരങ്ങളിൽ മയക്കുവെടി വെക്കുന്നത് ആനയുടെ ജീവൻ തന്നെ അപകടത്തിലാക്കാമെന്നത് കൊണ്ട് വിപുലമായ ഒരുക്കം നടത്തേണ്ടതുണ്ട്. കാട്ടാനയെ വീഴ്ത്താതെ ധോണിയിലെ കൂട്ടിലെത്തിക്കുന്നതും ഏറെ ശ്രമകരമാവും. വ്യാഴാഴ്ച മുതൽ കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിച്ചാവും തുടർ പ്രവർത്തനം ക്രമീകരിക്കുന്നതെന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.