പനയമ്പാടം അപകടമേഖല; നാട്ടുകാർ പ്രതിഷേധിച്ചു
text_fieldsകല്ലടിക്കോട്: പതിവായി അപകടം നടക്കുന്ന പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ പനയമ്പാടം ഭാഗത്ത് റോഡ് നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൗരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് ദിനംപ്രതി ഉണ്ടാകുന്നത്.
പ്രതിഷേധത്തിനായി നാട്ടുകാർ ഒത്തുകൂടുന്നതിെൻറ രണ്ട് മണിക്കൂർ മുമ്പ് പോലും വാഹനാപകടമുണ്ടായി. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ ക്രമീകരണങ്ങളില്ലാത്തതുമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വിഷു ദിവസം ഇവിടെയുണ്ടായ അപകടത്തിൽ രണ്ട് ജീവനാണ് പൊലിഞ്ഞത്.
മഴ പെയ്താൽ പനയമ്പാടം വളവ് അപകടകേന്ദ്രമാണ്. റോഡ് നവീകരിച്ച ശേഷം മാത്രം പനയമ്പാടത്ത് പതിനഞ്ചോളം അപകടങ്ങളാണ് ഉണ്ടായത്. മഴക്കിടയിലാണ് മിക്ക അപകടങ്ങളും സംഭവിച്ചത്. ഇറക്കവും വളവും ചേർന്നുവരുന്ന ഭാഗത്തെ അപാകതകളാണ് അപകടങ്ങളിലേക്ക് നയിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
അഴുക്കുചാലുകൾ ഇല്ലാത്തതും വളവുകളിലെ കയറ്റിറക്കമുള്ള റോഡിലെ വെളിച്ചക്കുറവും സൂചന ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വാഹനങ്ങൾ നിയന്ത്രണം കിട്ടാതെ മറിഞ്ഞും മറ്റു വാഹനങ്ങളിൽ ഇടിച്ചുമാണ് അപകടങ്ങൾ. തുടർച്ചയായി അപകടങ്ങളുണ്ടായിട്ടും പരിഹാര നടപടികൾ ഉണ്ടാകാത്തതിനാലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജാഫർ പനയമ്പാടം, ഷമീർ, മുസ്തഫ, ജോഷി, ഷാജി, അൽത്താഫ്, സമദ്, ജലീൽ, പ്രമോദ്, ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.