പറമ്പികുളം-ആളിയാർ; ജലവർഷം അവസാനിച്ചിട്ടും കരാർ പ്രകാരമുള്ള വെള്ളം കിട്ടിയില്ല
text_fieldsപാലക്കാട്: പറമ്പികുളം-ആളിയാർ കരാർ പ്രകാരം ഒരു ജലവർഷം ജൂണിൽ അവസാനിച്ചെങ്കിലും കരാർപ്രകാരമുള്ള ജലം വാങ്ങിയെടുക്കുന്നതിൽ വീഴ്ച. കരാർപ്രകാരം പദ്ധതിയിൽനിന്ന് 1.55 ടി.എം.സി ജലം കൂടി ലഭിക്കേണ്ടതാണ്. പറമ്പികുളം-ആളിയാർ കരാർ പ്രകാരം ഒരു ജലവർഷത്തിൽ മണക്കടവ് വെയറിൽ 7.25 ടി.എം.സി ജലത്തിന് കേരളത്തിന് അർഹതയുണ്ട്. എന്നാൽ 2023 ജൂലൈ മുതൽ 2024 ജൂൺ വരെ ലഭിച്ചത് 5.7 ടി.എം.സി ജലമാണ്.
ജില്ല കനത്ത ജലക്ഷാമത്തിൽ വലയുമ്പോഴും കരാർപ്രകാരമുള്ള ജലം വാങ്ങിയെടുക്കുന്നതിൽ വീഴ്ച തുടരുന്നു. മണക്കടവ് വിയറില്നിന്ന് ഓരോ മാസവും നിശ്ചിത അളവിൽ ജലം ലഭിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ ഒരിക്കലും പാലിക്കാറില്ല. ചിറ്റൂർ പദ്ധതി പ്രദേശത്തെ കൃഷിക്കും കുടിവെള്ളത്തിനും ഈ ജലമാണ് ഉപയോഗിക്കുന്നത്.
ഓരോ ജലവര്‍ഷവും കേരളത്തിന് ലഭിക്കേണ്ട 7.25 ടി.എം.സി ജലം പല ഘട്ടങ്ങളിലും പൂര്‍ണമായി ലഭിക്കാതെ പോകാറുണ്ട്. ഇത് ചിറ്റൂർ പുഴ പദ്ധതിപ്രദേശത്തെ കൃഷിയെ സാരമായി ബാധിക്കാറുണ്ടെങ്കിലും ജലം വാങ്ങിച്ചെടുക്കുന്നതിൽ വീഴ്ച പതിവാണ്. ജൂലൈ മുതൽ ജൂൺ വരെയാണ് ഒരു ജലവർഷമായി കണക്കാക്കുന്നത്. കേരളത്തിന് അർഹതപ്പെട്ട ജലം ഉറപ്പാക്കിമാത്രമെ കേരള ഷോളയാർ റിസർവോയറിൽനിന്ന് പറമ്പികുളത്തേക്ക് ജലം തിരിച്ചുവിടാവൂവെന്ന് വ്യവസ്ഥയുണ്ട്. 1958ലെ മുൻകാല പ്രാബല്യത്തോടെ 1970ൽ കേരളവും തമിഴ്നാടും ഒപ്പുവച്ച പറമ്പികുളം-ആളിയാർ പദ്ധതി കരാർ ഇരുകക്ഷികളുടെയും സമ്മതത്തോടെ ഓരോ 30 വർഷം കൂടുമ്പോഴും പുനരവലോകനം ചെയ്യണമെന്ന വ്യവസ്ഥയുണ്ട്.
അതനുസരിച്ച് 1988ലും 2018ലും കാരാർ പുനരവലോകനം ചെയ്യേണ്ടതായിരുന്നു. എന്നാൽ ഇത് പാലിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തി. പറമ്പിക്കുളം അണക്കെട്ടുകളിൽ നിന്ന് ആളിയാറിലേക്കു വെള്ളം എത്തിക്കാതെ കോണ്ടൂർ കനാൽ വഴി തിരുമൂർത്തി അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകുകയാണെന്ന് പരാതിയുണ്ട്. ഇതിനു പുറമേയാണ് പുതിയ പദ്ധതികളിലൂടെ കൂടുതല്‍ ജലം വിനിയോഗിക്കാൻ തമിഴ്നാട് നീക്കം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.