പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിച്ചില്ല; യാത്രാക്ലേശം രൂക്ഷം
text_fieldsപാലക്കാട്: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവന്ന് ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുമ്പോഴും ജില്ലയിൽ ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലായില്ല. പാസഞ്ചർ-മെമു ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നതിൽ പാലക്കാടിനെ റെയിൽവേ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. പാലക്കാട് ജങ്ഷൻ വഴി നിരവധി ദീർഘദൂര വണ്ടികൾ കടന്നുപോകുന്നുണ്ടെങ്കിലും ഇവയിൽ പലതിലും അൺറിസർവ്ഡ് കോച്ചുകൾ പുനഃസ്ഥാപിച്ചില്ല.
സാധാരണക്കാരും ഇടത്തരക്കാരും യാത്രക്കായി കൂടുതൽ ആശ്രയിക്കുന്ന പാസഞ്ചർ വണ്ടികൾ പുനഃസ്ഥാപിക്കാത്തതിനാൽ യാത്രാക്ലേശം രൂക്ഷമാണ്. വ്യവസായിക നഗരമായ കോയമ്പത്തൂരിലേക്ക് നൂറുകണക്കിന് പേരാണ് ദിവസേന പോയിവരുന്നത്. രാവിലെ കോയമ്പത്തൂരിൽ പോകാനും വൈകീട്ട് തിരികെവരാനും ബസിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കോവിഡിനുമുമ്പ് രാവിലെ സർവിസ് നടത്തിയിരുന്ന ഷൊർണൂർ-കോയമ്പത്തൂർ, വൈകീട്ടുള്ള കോയമ്പത്തൂർ-തൃശൂർ പാസഞ്ചറുകൾ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. വിദ്യാർഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഏറെ സൗകര്യപ്പെട്ട ഈ സർവിസുകൾ ഉടൻ തുടങ്ങണമെന്നാണ് ആവശ്യം.
പുലർച്ച അഞ്ചിന് ഷൊർണൂരിൽ എത്തുന്ന മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് കഴിഞ്ഞാൽ പിന്നെ 10.30ന് എത്തുന്ന പാസഞ്ചറാണ് പാലക്കാട്, കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ. തൃശൂരിൽനിന്ന് രാവിലെ പാലക്കാട്, കോയമ്പത്തൂർ ഭാഗത്തേക്ക് ട്രെയിനുകളില്ല. ആലപ്പുഴ-ധൻബാദ് എക്സ്പ്രസിൽ അൺറിസർവ്ഡ് കോച്ചുകളില്ലാത്തതിനാൽ വിദ്യാർഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇവ ഉപയോഗപ്പെടുത്താൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.