സി.പി.ഐ ലോക്കൽ സെക്രട്ടറിയെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം
text_fieldsപത്തിരിപ്പാല: മണ്ണൂരിൽ സി.പി.ഐ ലോക്കൽ സെക്രട്ടറിയെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി.
മണ്ണൂർ ലോക്കൽ സെക്രട്ടറിയും കോഴിച്ചുണ്ട- നെടുമുണ്ട സ്വദേശിയുമായ എൻ. ശങ്കരനാരായണൻ എന്ന തങ്കപ്പനെയാണ് ബൈക്ക് യാത്രക്കിടെ തിങ്കളാഴ്ച രാത്രി അജ്ഞാതവാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമംനടന്നത്. കാൽമുട്ടിനും കൈക്കും വലതുകണ്ണിന് താഴെയും പരിക്കേറ്റ ഇദ്ദേഹത്തെ പത്തിരിപ്പാലയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതോടെ പത്തിരിപ്പാല- കോങ്ങാട് റോഡിൽ മണ്ണൂർ കമ്പനിപ്പടി -കറുവംപാറക്ക് സമീപത്താണ് സംഭവം. പാർട്ടിയോഗം കഴിഞ്ഞ് ബൈക്കിൽ കേരളശ്ശേരിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ മണ്ണൂർ ഭാഗത്തുനിന്ന് പിറകിൽവന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നെന്ന് പറയുന്നു.
കാർ അൽപദൂരം മുന്നോട്ടുപോയശേഷം തിരിച്ച് അതേ റൂട്ടിൽതന്നെ മടങ്ങുകയും ചെയ്തതായി തങ്കപ്പൻ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. അതുവഴി ബൈക്കിൽ വന്ന ആംബുലൻസ് ഡ്രൈവർ ഹരിദാസാണ് തങ്കപ്പനെ രക്ഷപ്പെടുത്തിയത്. കോങ്ങാട് പൊലീസ് കേസെടുത്തു.
പ്രിൻസിപ്പൽ എസ്.ഐ എം. മഹേഷ് കുമാറിനാണ് അന്വേഷണച്ചുമതല. സി.പി.ഐ ജില്ല സെക്രട്ടറി കെ. കൃഷ്ണൻകുട്ടി, ജില്ല കമ്മിറ്റി അംഗം മുരളി താരെക്കാട്, മണ്ഡലം സെക്രട്ടറി കെ. വേലു, ഇ.പി. രാധാകൃഷ്ണൻ എന്നിവരും പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഭീഷണിയുണ്ടായിരുന്നെന്നും നമ്പറില്ലാത്ത കാറാണ് അപായപ്പെടുത്താൻ ശ്രമിച്ചതെന്നും തങ്കപ്പൻ പറഞ്ഞു.
ആഹ്ലാദപ്രകടനത്തിൽ ഒരു സി.പി.എം നേതാവ് തങ്കപ്പനെതിരെ ഭീഷണിമുഴക്കിയതായും ഇതിനെ നിയമപരമായി നേരിടുമെന്നും ജില്ല അസി. സെക്രട്ടറി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.