മണ്ണൂരിലെ കുടിവെള്ള പദ്ധതി പ്രവൃത്തി എന്ന് തുടങ്ങും?
text_fieldsപത്തിരിപ്പാല: മാസങ്ങളായി പ്രവൃത്തികൾ നിലച്ച മണ്ണൂർ പഞ്ചായത്തിന്റെ ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കണെമെന്ന ആവശ്യം ശക്തം. ഏഴു വർഷം മുമ്പ് ആരംഭിച്ച പദ്ധതി ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണ്. സമഗ്ര കുടിവെള്ള പദ്ധതിക്കായി അതിർക്കാട് ഞാവളിൻ കടവ് പുഴയിൽ പമ്പിങ് സ്റ്റേഷൻ ആരംഭിച്ചിട്ടുണ്ട്.
മണ്ണൂരിൽ കൂറ്റൻജല വിതരണ ടാങ്കും നഗരിപുറം പെരടിക്കുന്നിൽ ജല ശുദ്ധീകരണ ടാങ്കും പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞു. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ പ്രവൃത്തികൾ നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. വിവിധ കാരണങ്ങൾ പറഞ്ഞ് പദ്ധതി നീളുന്ന അവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് പഞ്ചായത്തംഗം വി.എം. അൻവർ സാദിക്ക് ആവശ്യപ്പെട്ടു. പഞ്ചായത്തംഗത്തിന്റെ നിരന്തര ഇടപെടലിനെ തുടർന്ന് അഞ്ച് വാർഡുകളിൽ ഭാഗികമായി വെള്ളം നൽകിയതല്ലാതെ പിന്നീട് ഒരു തുടർനടപടിയും ഉണ്ടായില്ല. ഹൗസ് കണക്ഷൻ പോലും പല വാർഡുകളിലും എത്തിയിട്ടില്ല.
ബാക്കിയുള്ള 11 വാർഡുകളിലും പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടില്ല. പത്തിരിപ്പാല കോങ്ങാട് പൊതുമരാമത്ത് റോഡിൽ പൈപ്പ് സ്ഥാപിക്കാൻ അനു മതി ലഭിക്കാത്തതിനെ തുടർന്നാണത്രേ മാസങ്ങളായി പദ്ധതിയുടെ പ്രവൃത്തികൾ നിർത്തിവെച്ചത്.
എന്നാൽ, പൊതുമരാമത്ത് മന്ത്രിയെയും ജലവിഭവ മന്ത്രിയേയും നേരിൽ കണ്ട് നിവേദനം നൽകിയതോടെ പദ്ധതിക്ക് റോഡ് കീറി പൈപ്പിടാൻ അനുമതി ലഭിക്കുകയും അതിനുള്ള നാലര കോടിയോളം രൂപ പൊതുമരാമത്ത് വകുപ്പിൽ കെട്ടിവെക്കുകയും ചെയ്തതായി പഞ്ചായത്തംഗം വി.എം. അൻവർ സാദിക് പറഞ്ഞു. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥനത്തിൽ പത്തിരിപ്പാല മണ്ണൂർ റോഡിൽ പൈപ്പിട്ട് വേനലിന് മുമ്പ് മുഴുവൻ വാർഡുകളിലേക്കും കുടിവെള്ളം എത്തിക്കാൻ വാട്ടർ അതോറിറ്റി അധികൃതർ നടപടിയെടുക്കണമെന്നും വി.എം. അൻവർ സാദിക്ക് ആവശ്യപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.