നാടിനെ നീന്താൻ പഠിപ്പിച്ച് ഹസീന
text_fieldsപത്തിരിപ്പാല: രണ്ടാൾ ആഴമുള്ള കുളത്തിൽ ഹസീന നീന്താൻ പഠിപ്പിക്കുന്നത് ഒരു നാടിനെത്തന്നെയാണ്. ദിനേന 20ഒാളം കുട്ടികളാണ് നീന്തൽ പഠിക്കാൻ ഹസീനയുടെ ശിഷ്യന്മാരായി എത്തുന്നത്. പതിയെ പതിയെ ഇവർ ജലപ്പരപ്പിനോട് സൗഹൃദത്തിലാവും, ആഴവും ഭയവും മാറിനിൽക്കും.
പത്തിരിപ്പാല ചന്ത യാസീൻ നഗറിൽ ബാഷ മൻസിലിൽ ഹസീനയാണ് രണ്ടു വർഷമായി കുട്ടികൾക്ക് നീന്തൽ പരിശീലിപ്പിക്കുന്നത്. ദിവസേന വൈകീട്ടാണ് പരിശീലനം. പത്തിരിപ്പാല യാസീൻ നഗറിലെ തെഞ്ചേരി കുളമാണ് രണ്ടു വർഷമായി ഹസീനയുടെ കളരി. സൗജന്യമായാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിനിടെ കുട്ടികൾക്ക് ചായയും കടിയും നൽകുന്നതും പതിവാണ്. ടെയ്ലറിങ് ജോലിയിൽനിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഹസീന ഇതിനായി ഉപയോഗിക്കുന്നത്.
ശിഷ്യരെ ഓളപ്പരപ്പിൽ ചാമ്പ്യന്മാരാകാൻ തയാറെടുത്താണ് പറഞ്ഞയക്കുക. പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് നീന്തൽ മത്സരം നടത്തി ഉപഹാരവും നൽകാറുണ്ട്. ചെറുപ്പത്തിൽ തന്നെ നീന്തൽ പഠിച്ചതിനാൽ ഏത് ആഴമുള്ള കുളത്തിലും ചാടാനുള്ള കഴിവ് ഹസീനക്കുണ്ട്. വാർഡ് അംഗം എ.എ. ശിഹാബും ഹസീനക്ക് പിന്തുണയായുണ്ട്. ഹസീനയെ മണ്ണൂർ പഞ്ചായത്ത് നേരേത്ത ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.