മണ്ണൂർ സമഗ്ര കുടിവെള്ള പദ്ധതി ഉദ്ഘാടനത്തിന് കാത്തുനിന്നില്ല; ജലവിതരണം തുടങ്ങി
text_fieldsപത്തിരിപ്പാല: ജലക്ഷാമം രൂക്ഷമായതോടെ ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ മണ്ണൂരിലെ സമഗ്ര കുടിവെള്ള പദ്ധതിയിൽനിന്ന് ജലവിതരണം തുടങ്ങി. മണ്ണൂരിലെയും പരിസരങ്ങളിലെയും കനത്ത കുടിവെള്ള ക്ഷാമം കണക്കിലെടുത്താണ് പദ്ധതി പൂർത്തിയാകും മുമ്പേ മണ്ണൂർ പഞ്ചായത്തിലേക്ക് മാത്രം ജല വിതരണം തുടങ്ങിയത്. മണ്ണൂർ, മങ്കരൗ കേരളശ്ശേരി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് പദ്ധതി ആരംഭിച്ചത്. നബാർഡിന്റെ സഹായത്തോടെ 25.30 കോടി ആദ്യഘട്ടം പൂർത്തിയായത്. അതിർകാട് ഞാവളിൻകടവ് തടയണയിൽനിന്ന് പമ്പ് ചെയ്യുന്ന ജലം പെരടിക്കുന്ന് സ്ഥാപിച്ച ജലശുദ്ധീകരണ ശാലയിലെത്തിച്ച് ശുചീകരിച്ച ശേഷം മണ്ണൂർ താഴത്തെ വീടിന് സമീപം സ്ഥാപിച്ച ടാങ്കിൽ എത്തിക്കും. ഇവിടെനിന്നും കേരളശ്ശേരി, മണ്ണൂർ എന്നിവിടങ്ങളിലേക്ക് ജല വിതരണം നടത്തുന്നതാണ് പദ്ധതി. 11 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് സ്ഥാപിച്ചത്. എന്നാൽ, രണ്ടാംഘട്ടം ആരംഭിക്കാനുള്ള കാലതാമസത്തെ തുടർന്ന് ശാന്തകുമാരി എം.എൽ.എയുമായുള്ള ചർച്ചയിലാണ് ജലക്ഷാമം കണക്കിലെടുത്ത് മണ്ണൂരിലേക്ക് മാത്രം ജല വിതരണം നടത്താൻ തീരുമാനിച്ചത്.
ഇതിനായി ബൾക്ക് മീറ്റർ സ്ഥാപിക്കാൻ മണ്ണൂർ ഗ്രാമപഞ്ചായത്ത് ഒരുലക്ഷം രൂപയും നൽകി. ഇതോടെ കാലപ്പഴക്കം ചെന്ന പഴയ പൈപ്പ് ലൈനിലൂടെ തന്നെ ജലവിതരണം നടത്തുകയായിരുന്നു.
പബിങ് ചെയ്യുന്ന ജലം ശുചീകരണശാലയിലെത്തിച്ച് ശുചീകരിച്ച ശേഷം ടാങ്കിൽ കയറ്റാതെ നേരിട്ടാണ് ജല വിതരണം. രണ്ടാംഘട്ടത്തിന്റെ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. 134 കിലോമീറ്റർ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് 6719ലേറെ കുടിവെള്ള കണക്ഷൻ നൽകാനാണ് പരിപാടി. രണ്ടാംഘട്ടത്തിൽ ഇതിനായി 14 കോടി രൂപയും അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായി. സമഗ്ര പദ്ധതിയിൽനിന്നും ജലവിതരണം തുടങ്ങിയതോടെ മണ്ണൂർ പഞ്ചായത്തിലെ കാലങ്ങളായുള്ള കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായതായി പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ എന്നിവർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.