മണ്ണൂർ-പള്ളിപ്പടി റോഡ് തകർച്ച: മനുഷ്യ മതിൽ തീർത്ത് ലീഗ് പ്രതിഷേധം
text_fieldsപത്തിരിപ്പാല: ഒന്നര വർഷമായി തകർന്ന് കിടക്കുന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മനുഷ്യമതിൽ തീർത്തു. മണ്ണൂർ പള്ളിപ്പടി-കിഴക്കുംപുറം-മങ്കര റോഡാണ് അര കിലോമീറ്റർ ദൂരം തകർന്ന് ഗതാഗത യോഗ്യമല്ലാതെയായത്.
മഴക്കാലമായാൽ മുട്ടോളം വെള്ളത്തിലൂടെയാണ് യാത്ര. സമീപത്തെ പള്ളിയിൽ ആരാധനക്കെത്തുന്നവരും മുട്ടോളം ചളിയിൽ നടന്ന് പോകണം. കുടിവെള്ള പദ്ധതിക്ക് പൈപ്പിടാനായി വാട്ടർ അതോറിറ്റി അധികൃതർ റോഡ് കീറി മുറിച്ചതാണ് തകർച്ചക്ക് കാരണം.
പ്രവൃത്തികൾ പൂർത്തീകരിച്ച് വർഷം ഒന്ന് കഴിഞ്ഞെങ്കിലും പാത പൂർവസ്ഥിതിയിലാക്കിയിട്ടില്ല. വാഹനങ്ങൾ കുഴികളിൽ പെട്ട് അപകടം പതിവാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റോഡ് ഉടൻ നവീകരിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തംഗവും നിയോജക മണ്ഡലം ഉപാധ്യക്ഷനുമായ വി.എം. അൻവർ സാദിക് സമരം ഉദ്ഘാടനം ചെയ്തു. കെ.പി. മുനീർ അധ്യക്ഷത വഹിച്ചു. പി.യു. അബ്ദുൽ ഹക്കീം, അലിയാർ മുഹമ്മദ്, കെ.എസ്. കമറുദീൻ, സി.എച്ച്. ജബ്ബാർ, പി.എം. ഇക്ബാൽ, ഒ.ബി. ഫാസിൽ, കെ.എച്ച്. കമറുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.