ഞാവളിൻ കടവ് തടയണ വെള്ളം തുറന്നു, നാട്ടുകാർ അടച്ചു
text_fieldsപത്തിരിപ്പാല: ഞാവളിൻ കടവ് തടയണയിൽനിന്നും ഇറിഗേഷൻ അധികൃതരുടെ അനുവാദത്തോടെ ലക്കിടി കുടിവെള്ള പദ്ധതിയുടെ തടയണയിലേക്ക് വെള്ളം തുറന്നുവിടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. കുടിവെള്ളക്ഷാമം രൂക്ഷമായ ലക്കിടിയിലെ ജലനിധി പദ്ധതി പ്രവർത്തിക്കുന്ന തടയണയിലേക്ക് കലക്ടറുടെ അനുവാദപ്രകാരമാണ് ഷൊർണൂർ ഇറിഗേഷൻ അധികൃതർ ബുധനാഴ്ച രാവിലെ 11 മണിയോടെ രണ്ട് ഷട്ടർ തുറന്നത്. എന്നാൽ പെരുങ്ങോട്ടുകുർശ്ശിയിലെ നാട്ടുകാർ ഇടപെട്ട് ഷട്ടർ അടച്ചു. കുടിവെള്ളം നിലച്ച ലക്കിടിയിലെ എസ്.എൽ.ഇ.സി 1 ജലനിധി പദ്ധതിയിലേക്ക് വേണ്ടിയാണ് അധികൃതരുടെ അനുമതിയോടെ ഷട്ടർ തുറന്നതെന്നും ഷട്ടർ അടച്ച നടപടിക്കെതിരെ ഒറ്റപ്പാലം പൊലീസിന് പരാതി നൽകിയതായി ലക്കിടി ജലനിധി പദ്ധതിയുടെ പ്രസിഡന്റ് കൂടിയായ രാമു പറഞ്ഞു.
വ്യാഴാഴ്ച ജില്ല കലക്ടറെ നേരിൽകണ്ട് പരാതി നൽകും. ലക്കിടിയിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ ഏതറ്റം വരെയും പോകുമെന്നും രാമു ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ നാല് പഞ്ചായത്തുകളിലേക്ക് ഞാവളിൻ കടവിലെ തടയണയിൽനിന്നാണ് ജലവിതരണം നടത്തുന്നത്. രണ്ടാഴ്ചയോളം വെള്ളമില്ലാതെ കുടിവെള്ള പദ്ധതികൾ എല്ലാം തന്നെ നിർത്തിവെച്ചിരുന്നു. ഇപ്പോഴാണ് ആളിയാർ ഡാം തുറന്ന് വെള്ളം എത്തിയത്. ഇനിയും രണ്ടര അടികൂടി ഉയർന്നാലേ തടയണ നിറയു. നാലു പഞ്ചായത്തുകളുടെ പദ്ധതികളും നിർത്താതെ പ്രവർത്തിച്ചാൽ രണ്ടാഴ്ചക്കുള്ള വെള്ളം മാത്രമേ ഉണ്ടാകു. നിലവിൽ ഇവിടെനിന്നും തുറന്നാൽ വെള്ളം ലക്കിടിയിലേക്ക് പോലും എത്താൻ സാധ്യതയില്ല. അതിനിടെ തടയണയിലെ വെള്ളവും കുറയും.
ഭവാനി പുഴ തുറന്നതായി അറിയാൻ കഴിഞ്ഞെന്നും വെള്ളം എത്തിയാൽ ഷട്ടർ തുറന്നോട്ടെയെന്നുമാണ് പെരുങ്ങോകുർശ്ശി ഗ്രാമ പഞ്ചായത്തധികൃതർ നൽകുന്ന വിശദീകരണം. ഭവാനി പുഴയിലെ ജലം തുറന്നിട്ടുണ്ടെന്നും ഏതാനും ദിവസങ്ങൾക്കകം വെള്ളം എത്തുമെന്നും ഷൊർണൂർ ഇറിഗേഷൻ അധികൃതരും പറയുന്നു. കലക്ടറെ നേരിൽകണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും ലക്കിടി ജലനിധി പ്രസിഡന്റ് രാമു പറഞ്ഞു. കലക്ടറുടെ തീരുമാനം ഇന്നറിയാം. അതിനനുസരിച്ചായിരിക്കും ഇനിയുള്ള നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.