ഞാവളിൻ കടവിൽ വെള്ളമെത്തി; ജലവിതരണം തുടങ്ങി
text_fieldsപത്തിരിപ്പാല: ഞാവളിൻ കടവ് തടയണയിൽ വെള്ളമില്ലാത്തതിനാൽ ആഴ്ചകളോളം നിലച്ച കുടിവെള്ള പദ്ധതിയുടെ വിതരണം പുഴയിൽ വെള്ളമെത്തിയതോടെ വ്യാഴാഴ്ച രാവിലെ മുതൽ തുടങ്ങി.
ഒന്നരാഴ്ച മുമ്പ് ആളിയാർ ഡാം തുറന്നതോടെയാണ് ദിവസങ്ങൾ പിന്നിട്ട് വെള്ളം പുഴയിലൂടെ കണ്ണീർ കണക്കെ ഒഴുകിയെത്തിയത്. ഇതോടെ മങ്കര, മണ്ണൂർ, ലക്കിടിപേരൂർ, പെരുങ്ങോട്ടുകുർശ്ശി എന്നീ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം പുനരാരംഭിച്ചു. തടയണയിൽ വെള്ളം രണ്ടടി ഉയരത്തിൽ മാത്രമാണെങ്കിലും ഇനി രണ്ടാഴ്ചയോളം പമ്പിങ് നടത്താനുള്ള വെള്ളം കെട്ടിക്കിടപ്പുണ്ട്. ഭാരതപ്പുഴ വരണ്ടുകിടക്കുന്നതിനാൽ ആളിയാർ ഡാം തുറന്ന് ആഴ്ചകൾ കഴിഞ്ഞാണ് വെള്ളം ഞാവളിൻകടവ് തടയണയിൽ എത്തിയത്. ഇനി മഴ കനിഞ്ഞില്ലെങ്കിൽ തടയണ വീണ്ടും വറ്റിവരളാനാണ് സാധ്യത. ഇതോടെ നാലു പഞ്ചായത്തുകളിലേക്ക് ജലവിതരണം മുടങ്ങാനിടയുണ്ട്.
പുഴയിൽ വെള്ളം ഒഴുകിഎത്തിയതോടെ ഏറെ ആശ്വാസത്തിലാണ് ഗ്രാമപഞ്ചായത്തുകൾ. നിലവിൽ വിവിധ പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമാണ്. പുഴയിലെ വെള്ളം ആശ്രയിച്ച് കഴിയുന്ന മിക്കകൃഷികളും ഉണങ്ങിനശിച്ചു. കുളങ്ങളിലെയും കിണറുകളിലെയും വെള്ളവും വറ്റി. കണ്ണങ്കടവ് തടയണയുടെ ഷട്ടർ സ്ഥാപിക്കുകയും സത്രംകടവ് തടയണയുടെ ദ്രവിച്ച ഷട്ടർ മാറ്റിസ്ഥാപിക്കുകയും ചെയ്താലെ ജലക്ഷാമത്തിന് ഇനിയെങ്കിലും പരിഹാരം ആകു. യുദ്ധകാലാടിസ്ഥാനത്തിൽ അതിനുള്ള നടപടിയാണ് അധികൃതരിൽ നിന്നും ഉണ്ടാകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.