എസ്.എഫ്.ഐ നേതൃത്വവുമായി ഇടഞ്ഞ പത്തിരിപ്പാല ഗവ. കോളജ് പ്രിൻസിപ്പലിന് സ്ഥലംമാറ്റം
text_fieldsപത്തിരിപ്പാല: എസ്.എഫ്.ഐ നേതൃത്വവുമായി ഇടഞ്ഞ പത്തിരിപ്പാല ഗവ. കോളജ് പ്രിൻസിപ്പലിനെ ദിവസങ്ങൾക്കകം സ്ഥലംമാറ്റി. ദിവസങ്ങൾക്കു മുമ്പ് പ്രിൻസിപ്പലിനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞുവെച്ചത് വിവാദമായിരുന്നു. പ്രിൻസിപ്പലിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ വിദ്യാർഥികളായ 27 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ മങ്കര പൊലീസ് കേസെടുക്കുകയും ചെയ്തു.
പ്രിൻസിപ്പൽ മേഴ്സിയെ പാലക്കാട് വിക്ടോറിയ കോളജിലേക്കാണ് മാറ്റിയത്. പൊതുതാൽപര്യ പ്രകാരമാണ് സ്ഥലംമാറ്റം എന്നാണ് കോളജ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
എസ്.എഫ്.ഐ ജില്ല നേതാവിന്റെ നേതൃത്വത്തിൽ യൂനിയൻ ഭാരവാഹികൾ ചേർന്ന് കഴിഞ്ഞമാസം 24നും പ്രിൻസിപ്പലിനെ തടഞ്ഞുവെച്ചിരുന്നു. ഇതിൽ ഒമ്പതു പേർക്കെതിരെ മങ്കര പൊലീസ് കേസെടുത്തു. രണ്ടു സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ പ്രിൻസിപ്പലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയെന്നും ആരോപിച്ച് എസ്.എഫ്.ഐ നേതൃത്വം രംഗത്തെത്തിയിരുന്നു.
കോളജ് കവാടത്തിൽ പ്രിൻസിപ്പലിനെതിരെ കടുത്ത ഭാഷയിലുള്ള ബാനറും സ്ഥാപിച്ചു. മങ്കര പൊലീസ് കേസ് തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച എസ്.പി ഓഫിസിൽ യോഗം വിളിച്ചിട്ടുണ്ട്. അധ്യാപകർ, യൂനിയൻ പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, കായികതാരങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് പൊലീസ് അറിയിച്ചതായി കോളജ് അധികൃതർ പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.