കോവിഡ് നിയന്ത്രണങ്ങളിൽ ജീവിതം വഴിമുട്ടി പുള്ളുവൻ പാട്ട് കലാകാരന്മാർ
text_fieldsപത്തിരിപ്പാല: കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടു വർഷത്തിലേറെയായി വരുമാനമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാതെ പ്രയാസപ്പെടുകയാണ് മണ്ണൂരിലെ പുള്ളുവൻ പാട്ട് കലാകാരന്മാർ. മണ്ണൂർ വടക്കുംപാടം മേഖലയിലാണ് 40ഓളം വരുന്ന പുള്ളുവൻപാട്ട് കലാകാരന്മാരും അവരുടെ കുടുംബവും താമസിച്ചു വരുന്നത്. ഭാര്യയും ഭർത്താവും മക്കളും പുള്ളുവൻപാട്ട് കലാകാരന്മാരാണ്. സർക്കാറിൽനിന്ന് കാര്യമായ സഹായങ്ങൾ പുള്ളുവൻപാട്ട് കലാകാരന്മാർക്ക് ലഭിക്കുന്നില്ലെന്നതാണ് സത്യം.
ഭൂരിഭാഗം കലാകാരന്മാരും അവരുടെ കുടുംബവും ലക്ഷം വീട് കോളനികളിലാണ് കാലങ്ങളായി താമസിച്ചു വരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ തുടർന്നതോടെ സർപ്പംപാട്ട്, പുള്ളുവൻപാട്ട്, നാവേർപാട്ട് എന്നീ പരിപാടികളെല്ലാം കുറഞ്ഞു. പരിപാടികൾ കുറഞ്ഞതോടെ വരുമാന മാർഗവും ഇല്ലാതായതായി യുവ പുള്ളുവൻ പാട്ട് കലാകാരൻ രൂപേഷ് പുള്ളുവൻ 'മാധ്യമ'ത്തോട് പറഞ്ഞു. പുള്ളുവൻപാട്ട്, സർപ്പംപാട്ട്, നാവേർപാടൽ എന്നിവ മുൻകാലങ്ങളിൽ കേരളത്തിൽ വ്യാപകമായി അവതരിപ്പിച്ചിരുന്ന പ്രധാന അനുഷ്ഠാന കലകളാണ്. എന്നാൽ, ഇന്നത്തെ പുതു തലമുറ അനുഷ്ഠാന കലയെ ഏറ്റെടുക്കുന്നതിൽ താത്പര്യ കുറവ് കാണിക്കുന്നതാണ് ഈ കല തന്നെ ഇല്ലാതായികൊണ്ടിരിക്കാൻ കാരണമെന്നും രൂപേഷ് പുള്ളുവൻ പറഞ്ഞു. തന്റെ രണ്ടു കുഞ്ഞു മക്കൾക്കും ഈ കലയെ പകർന്നു നൽകുന്നുണ്ടെന്നും പുള്ളുവൻ പാട്ട് കലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർതലത്തിൽ നടപടിയെടുക്കണമെന്നും രൂപേഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.