ജലക്ഷാമം രൂക്ഷം: മൂന്ന് ലക്ഷം രൂപയുടെ പച്ചക്കറി ഉണങ്ങി നശിച്ചു
text_fieldsപത്തിരിപ്പാല: കടുത്ത വേനലിൽ ജലക്ഷാമം രൂക്ഷമായതോടെ പേരൂർ പള്ളംതുരുത്തിലെ വേനൽക്കാല പച്ചക്കറി കൃഷി ഉണങ്ങി നശിച്ചു. ലക്കിടിപേരൂർ പഞ്ചായത്തിലെ പൂക്കാട്ട്കുന്ന് കുന്നത്ത് പ്രേമദാസന്റെ പച്ചക്കറിത്തോട്ടമാണ് വിളവെടുക്കും മുമ്പേ വെള്ളം ലഭിക്കാതെ ഉണങ്ങി നശിച്ചത്. നാലര ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് പ്രേമദാസൻ വിവിധയിനം പച്ചക്കറി കൃഷികൾ ഇറക്കിയത്.
വാഴ, പയർ, പടവലം, കയ്പക്ക, വഴുതന, വെള്ളരി, വെണ്ടക്ക തുടങ്ങിയ പച്ചക്കറികളാണ് തോട്ടത്തിലുള്ളത്. വിളവെടുക്കാൻ ഒരു മാസം ബാക്കിയുള്ളപ്പോഴാണ് ജലക്ഷാമത്തെത്തുടർന്ന് ഉണങ്ങിയത്. സമീപത്തെ തടയണയിൽനിന്നാണ് മേഖലകളിലെ പച്ചക്കറി തോട്ടങ്ങളിലേക്ക് വെള്ളം എത്തിച്ചിരുന്നത്. എന്നാൽ തടയണ വറ്റിയതോടെ കർഷകർ ദുരിതത്തിലായി. കുല വന്ന് മൂപ്പെത്താത്ത 400 നേന്ത്രവാഴകൾ ഉണങ്ങിക്കരിഞ്ഞു.
ഒന്നരയേക്കറിൽ കൃഷി ചെയ്ത പയർ, അരയേക്കറിൽ ഇറക്കിയ വഴുതന വെണ്ട, വിഷുവിനെ ലക്ഷ്യമാക്കി കൃഷി ചെയ്ത അരയേക്കർ സ്ഥലത്തെ വെള്ളരി എന്നിവയും കരിഞ്ഞുണങ്ങി. മൂന്ന് ലക്ഷം രൂപ വായ്പയെടുത്താണ് പ്രേമദാസൻ ഇത്തവണ കൃഷിയിറക്കിയത്. മൂന്ന് ലക്ഷം രൂപയുടെ വിളകൾ പൂർണമായും നശിച്ചതായി പ്രേമദാസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.